വിസ്താരം നീട്ടണമെന്ന സരിതയുടെ അപേക്ഷ സോളാര്‍ കമ്മിഷന്‍ തള്ളി
കൊച്ചി: ഹാജരാക്കിയ തെളിവുകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനു ജൂണ്‍ 15വരെ സമയം നല്‍കണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ നല്‍കിയ അപേക്ഷ സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷന്‍ തള്ളി.
ജൂണ്‍ ആറിന് സരിത നിര്‍ബന്ധമായും ഹാജരാകണമെന്നു കമ്മിഷന്‍ അറിയിച്ചു. സരിത കമ്മിഷനില്‍ ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പാവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എം.പി നല്‍കിയ ഹരജി പരിഗണിച്ച കമ്മിഷന്‍, തെളിവുകള്‍ സംബന്ധിച്ച നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആവശ്യമെങ്കില്‍ പകര്‍പ്പു നല്‍കാമെന്ന് അറിയിച്ചു.
തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കമ്മിഷന് 13ന് കത്തുനല്‍കിയെന്ന് വേണുഗോപാല്‍ മാധ്യമങ്ങളില്‍ നല്‍കിയ പ്രസ്താവന നുണയാണെന്നു ചൂണ്ടിക്കാട്ടി ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ നല്‍കിയ പരാതിയില്‍ വേണുഗോപാലിനോട് വിശദീകരണം എഴുതിനല്‍കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഈ മാസം 13നാണു സരിത കമ്മിഷനില്‍ ചില ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയത്. പൊലിസ് കസ്റ്റഡിയിലായിരിക്കെ എഴുതിയ വിവാദകത്ത് 11ന് ഹാജരാക്കിയിരുന്നു. ഈ തെളിവുകള്‍ കമ്മിഷന്‍ സെക്രട്ടറിക്കാണ് സരിത കൈമാറിയത്.
തെളിവെടുപ്പിന്റെ ഭാഗമായി ഇവ സ്വീകരിക്കണമെങ്കില്‍ അതുനല്‍കിയ സാക്ഷിയുടെ സാന്നിധ്യത്തില്‍ തെളിവുകളോരോന്നായി കമ്മിഷന്‍ രേഖപ്പെടുത്തണം. നിയമപരാമായി ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അവ കമ്മിഷന് തെളിവിന്റെ ഭാഗമായി പരിശോധിക്കാനാവൂ.
വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്നും ജൂണ്‍ 15വരെ സമയമനുവദിക്കണമെന്നുമാവശ്യപ്പെട്ട് സരിത അഡ്വ.സി.ഡി ജോണി വഴി അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷ തള്ളിയ കമ്മിഷന്‍ സരിതയുടെ നടപടിയെ വിമര്‍ശിച്ചു.
ജനപ്രതിനിധികളും സമൂഹത്തില്‍ ഉന്നത പദവിയിലിരിക്കുന്നവരുമായ ചിലരെക്കുറിച്ചാണെന്ന് പറഞ്ഞ് ചില പെന്‍ഡ്രൈവും മറ്റും ഹാജരാക്കിയശേഷം വിശദീകരണം നല്‍കാതെ മാറിനടക്കുന്നത് ശരിയല്ലെന്ന് കമ്മിഷന്‍ പറഞ്ഞു.
ജൂണ്‍ ആറിന് ഹാജരാകുന്നതിനായി സരിതയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചതായി അഭിഭാഷകനെ അറിയിച്ചു. ഇക്കാര്യം ഫോണില്‍ വിളിച്ചറിയിച്ചതോടെ ആറിന് ഹാജരാകാമെന്ന് സരിതതന്നെ അറിയിച്ചതായി അഭിഭാഷകന്‍ കമ്മിഷനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് അറസ്റ്റ് വാറണ്ട് ഉത്തരവിറക്കാനുള്ള തീരുമാനം കമ്മിഷന്‍ പിന്‍വലിച്ചു. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് പി.എ മാധവനെ കമ്മിഷന്‍ ഇന്ന് വിസ്തരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."