യു.എസ് ഓഹരി സൂചിക കൂപ്പുകുത്തി; പ്രത്യാഘാതം ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും കനത്ത തകര്‍ച്ച. ആറു വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഡൗ ജോണ്‍സ് 1,600 പോയന്റാണ് താഴ്ന്നത്. 4.6 ശതമാനമാണിത്. ഇതിനെ തുടര്‍ന്ന് സെന്‍സെക്‌സ് 1015 പോയന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയന്റ് താഴ്ന്ന് 10,359 ലുമാണ് വ്യാപാരം ആരംഭിച്ചത്.
2011 ജൂണ്‍ മാസത്തിനു ശേഷം ആദ്യമായാണ് ഡൗ ജോണ്‍സ് ഇത്രയും താഴുന്നത്. യു.എസ് ജോബ് ഡാറ്റ പുറത്തു വന്നതിനെ തുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത വില്‍പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. സാമ്പത്തിക മാന്ദ്യത്തിനു ശേഷം യു.എസില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായെന്നും വരുമാനത്തില്‍ വര്‍ധനയുണ്ടായെന്നും ജോബ് ഡാറ്റയില്‍ പറയുന്നു. വരുമാനത്തിലെ വര്‍ധനവ് പണപ്പെരുപ്പത്തിനു കാരണമാകുമെന്ന ആശങ്കയാണ് ഓഹരി വിപണിയെ പിടിച്ചുകുലുക്കിയത്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്.
ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയതിനാല്‍ രാജ്യത്തെ ഓഹരി വിപണി കനത്ത പ്രതിസന്ധിയിലാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരിവില പത്തു ശതമാനമാണ് താഴ്ന്നത്. ആക്‌സിസ് ബാങ്ക് , വേദാന്ത. ഹിന്‍ഡാല്‍കോ, ഐ.സി.ഐസി.ഐ ബാങ്ക്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി , എച്ച്.ഡി.എഫ്.സി ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ഒ.എന്‍.ജി.സി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികളും കനത്ത നഷ്ടത്തിലാണ്.
ഇന്ത്യക്കു പുറമെ ആസ്‌ത്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി വിപണികളും കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജപ്പാനിലെ ഓഹരി സൂചികയായ നിക്കി നാലു ശതമാനമാണ് താഴ്ന്നത്. ആസ്‌ത്രേലിയയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരു ദിവസമുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ദിവസമുണ്ടായത്. മൂന്നു ശതമാനമാണ് ആസ്‌ത്രേലിയന്‍ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച. ദക്ഷിണ കൊറിയയിലെ ഓഹരി സൂചികകള്‍ ആറാഴ്ചത്തെ താഴ്ചയിലാണ്. ന്യൂസിലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, തായ്‌വാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി സൂചികകകളും കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ജെറോം പവല്‍ ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് വിപണിയിലെ ചാഞ്ചാട്ടം.
ലോകം വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുകയാണെന്നതിന്റെ സൂചനയായാണ് ഇതിനെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ബ്രക്‌സിറ്റ് ഹിത പരിശോധനാ ഫലം പുറത്തുവന്ന ദിവസം വാള്‍ സ്ട്രീറ്റിലുണ്ടായ തകര്‍ച്ചക്കു ശേഷം ഓഹരി വിപണിയിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണിത്. അതേസമയം ഡൗ ജോണ്‍സ് തകര്‍ച്ച കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന്് വൈറ്റ്ഹൗസ് വക്താവ് രാജ് ഷാ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."