ബജറ്റ് ഗൃഹപാഠം നടത്താതെ തയാറാക്കിയത്: യശ്വന്ത് സിന്‍ഹ
കൊല്‍ക്കത്ത: ബി.ജെ.പിയില്‍ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന നേതാവും മുന്‍ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ വീണ്ടും സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്ത്.
അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് ഗൃഹപാഠംപോലും ചെയ്യാതെയുള്ളതായിരുന്നുവെന്നാണ് ഇന്നലെ കൊല്‍ക്കത്തയില്‍ അദ്ദേഹം ആരോപിച്ചത്. ആഗോളതലത്തിലും ആഭ്യന്തര തലത്തിലുമുള്ള പ്രസക്തികൂടി പരിഗണിച്ചുവേണം ബജറ്റ് തയാറാക്കാന്‍. ഇത്തരത്തിലൊന്ന് ഉണ്ടായില്ലെന്ന് അദ്ദേഹത്തിന്റെ ബജറ്റ് അവതരണ പ്രസംഗത്തില്‍ തന്നെ പ്രകടമായിരുന്നുവെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. കൊല്‍ക്കത്ത ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റില്‍ ആരോഗ്യ രംഗത്തിന്റെ പരിഷ്‌കരണം ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
അതിനിടയില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായി വിമര്‍ശനം ഉന്നയിക്കുന്നത് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതിന്റെ ഭാഗമായിട്ടാണോ എന്ന ചോദ്യത്തിന് അത്തരത്തിലൊരു തീരുമാനം തന്റെ ഭാഗത്തുനിന്നില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. എന്നാല്‍ അവര്‍ക്ക് തന്നെ വേണ്ടെങ്കില്‍ അവര്‍ പുറത്താക്കാന്‍ ധൈര്യം കാണിക്കുകയാണ് വേണ്ടതെന്നും സിന്‍ഹ വ്യക്തമാക്കി. രാജ്യത്തെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. എന്നാല്‍ ഒന്നിനുപോലും അദ്ദേഹം മറുപടി നല്‍കിയില്ല.
രാജ്യത്തെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിനുവേണ്ടിയാണ് തന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ മഞ്ച് എന്ന പേരില്‍ രാഷ്ട്രീയ ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ രാഷ്ട്രീയ മഞ്ച് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുമെന്നും സിന്‍ഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."