പ്രതിഷേധത്തിന് മുന്നില്‍ പരാജയപ്പെട്ടു
സ്വന്തം ലേഖകന്‍
കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂളിനു പിന്നാലെ തിരുവണ്ണൂരിലെ പാലാട്ട് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ശ്രമവും ജനകീയ പ്രതിഷേധത്തിന് മുന്നില്‍ പരാജയപ്പെട്ടു. ഇതു രണ്ടാം തവണയാണ് ഈ സ്‌കൂളില്‍ ഉത്തരവ് നടപ്പിലാക്കാനെത്തിയ എ.ഇ.ഒയ്ക്ക് മടങ്ങിപ്പോകേണ്ടി വരുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് 3.30ഓടെയാണ് വന്‍ പൊലിസ് സന്നാഹത്തോടെ എ.ഇ.ഒ കെ.എസ് കുസുമം വിധി നടപ്പാക്കാനെത്തിയത്. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ഉപരോധത്തെത്തുടര്‍ന്ന് ഇവര്‍ പിന്‍വാങ്ങുകകയായിരുന്നു.
ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചാല്‍ തങ്ങളിലൊരാള്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ വൈകാരികമായി പറഞ്ഞുകൊണ്ടാണ് സമരക്കാര്‍ പൊലിസിനെയും അധികൃതരെയും തടഞ്ഞത്. പൊലിസിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ നടപടികളുണ്ടാകാത്തതിനാല്‍ സ്ഥലത്ത് അനിഷ്ട സംഭവങ്ങളുണ്ടായില്ല. നാലു മാസം മുന്‍പും മാനേജരുടെ നേതൃത്വത്തില്‍ അധികൃതര്‍ ഈ സ്‌കൂള്‍ അടച്ചുപൂട്ടാനെത്തിയിരുന്നു. സമാനമായ പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. അടച്ചുപൂട്ടല്‍ തീരുമാനത്തിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിന് സാധുതയില്ലെന്ന് സംരക്ഷണസമിതി നേതാക്കളായ സി.വി ഗിരീഷ്, പി.ടി.എ പ്രസിഡന്റ് ബഷീര്‍ പറഞ്ഞു.
17വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഈ അധ്യായന വര്‍ഷത്തേക്കും വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തിട്ടുണ്ട്. കച്ചവടതാല്‍പ്പര്യം മുന്‍നിര്‍ത്തി മാനേജര്‍ ബോധപൂര്‍വം കുട്ടികളുടെ പ്രവേശനം തടയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും സംരക്ഷണ സമിതി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പ്രതിഷേധമുയര്‍ന്നതിനാല്‍ ഉത്തരവ് നടപ്പിലാക്കാനായില്ലെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് എ.ഇ.ഒ അറിയിച്ചു.
അതിനിടെ മലാപ്പറമ്പിലെ എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."