വേനല്‍മഴ തുണച്ചില്ല; പ്രതീക്ഷ കാലവര്‍ഷത്തില്‍
ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തെ ഊര്‍ജമേഖലയ്ക്ക് ഇനി പ്രതീക്ഷ കാലവര്‍ഷത്തില്‍. ഇക്കുറി വേനല്‍മഴ കാര്യമായി ഗുണം ചെയ്തിട്ടില്ലെന്നാണു വൈദ്യുതിബോര്‍ഡിന്റെ വിലയിരുത്തല്‍. രണ്ടാഴ്ചയായി മഴ ലഭിക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. അതേസമയം ചൂടുകുറഞ്ഞതിനാല്‍ വൈദ്യുതി ഉപഭോഗം കുറഞ്ഞത് നേട്ടമായി. ഇക്കുറി കാലവര്‍ഷത്തിന്റെ തോത് ഉയരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനത്തിന്റെ ഊര്‍ജമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
888.49 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ് സംസ്ഥാനത്തെ എല്ലാ സംഭരണികളിലുംകൂടി അവശേഷിക്കുന്നത്. ഇതു സംഭരണശേഷിയുടെ 21 ശതമാനം മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 1199.11 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടായിരുന്നു. 310.61 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇക്കുറി കുറവാണ്. ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2315.42 അടിയാണ്. ഇത് സംഭരണശേഷിയുടെ 19.5 ശതമാനമാണ്. 432.92 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അവശേഷിക്കുന്നത്.
ഇടുക്കിയടക്കം എട്ട് പദ്ധതികളുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ ലഭിച്ചു. 3.44 സെ.മീ മഴ ഇടുക്കിയില്‍ ലഭിച്ചു. 1.389 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇതുമൂലം സംഭരണിയില്‍ ഒഴുകിയെത്തി. ഇടുക്കി കഴിഞ്ഞാല്‍ കൂടുതല്‍ മഴ ലഭിച്ചത് കുറ്റ്യാടിയിലാണ്, 1 സെ.മീ.
ജലവൈദ്യുതി ഉത്പ്പാദനം ഇന്നലെയും കുറഞ്ഞ നിരക്കിലായിരുന്നു. 8.51 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഇന്നലത്തെ ഉത്പ്പാദനം. ഇടുക്കി പദ്ധതിയിലാണ് താരതമ്യേന കൂടുതല്‍ വൈദ്യുതി ഉത്പ്പാദിപ്പിച്ചത് 2.965 ദശലക്ഷം യൂനിറ്റ്. 59.64 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം. ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. കാലവര്‍ഷത്തില്‍ അധിക മഴ ലഭിക്കുമെന്ന പ്രവചനത്തെത്തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ജലവിനിയോഗ സെല്‍ കരുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."