വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി പണം അപഹരിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കുന്നംകുളം: നഗരത്തില്‍ വ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി മൂന്നര ലക്ഷം രൂപ കവര്‍ന്ന കേസില്‍ മോഷ്ടാക്കളെ സഹായിക്കുകയും മോഷണം ആസൂത്രണം ചെയ്യുകയും ചെയ്ത രണ്ടുപേരെ കുന്നംകുളം പൊലിസ് പിടികൂടി. കാട്ടകാമ്പാല്‍ ചിറക്കല്‍സ്വദേശികളായ എച്ച്.ഡി.പി കോളനിയില്‍ ഭാസ്‌ക്കരന്റെ മകന്‍ പാക്കരന്‍ എന്ന നിഥിന്‍ (20), മുട്ടിപാലത്തിങ്കല്‍ അബൂബക്കറുടെ മകന്‍ ഷബീര്‍ (30) എന്നിവരാണ് പിടിയിലായത്.
കേസിലെ പ്രധാന പ്രതി അഞ്ഞൂര്‍ക്കുന്ന് മുണ്ടന്ത്രവീട്ടില്‍ സുമേഷ്, ചിറക്കല്‍ പൊന്നാരശ്ശേരി വീട്ടില്‍ പക്രു എന്ന നിഥിന്‍ എന്നിവരുള്‍പടേ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. 2016 ഒക്ടോബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി റോഡില്‍ ഇരുമ്പ് വ്യാപാരം നടത്തുന്ന ചൊവ്വന്നൂര്‍ സ്വദേശി താരുകുട്ടിയെന്ന വയോധികനെ രാത്രി 10 ഓടെ കട പൂട്ടി പോകുന്ന സമയത്ത് ലോട്ടസ് പാലസ്സിന് സമീപത്ത് ബൈക്കിലെത്തി ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം അപഹരിക്കുകയായിരുന്നു. വെല്‍ഡിംഗ് തൊഴിലാളികളായ പാക്കരനും നിഥിനും രാത്രിയില്‍ ഇരുമ്പ് സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നു. ഈ സമയം വയോധികനായ കടയുടമ ലക്ഷക്കണക്കിന് രൂപ ബാഗില്‍ വെച്ച് ഒറ്റയ്ക്ക് കടയടച്ചു പോകുന്നത് കണ്ടതോടെയാണ് ഇരുവരും പണം അപഹരിക്കാന്‍ തീരുമാനിച്ചത്. അതിനായി രണ്ടു ദിവസം ശ്രമം നടത്തിയെങ്കിലും യാത്രയില്‍ ഇയാള്‍ക്കൊപ്പം മകന്‍ കൂടി ഉണ്ടായിരുന്നതിനാല്‍ കവര്‍ച്ച നടന്നില്ല. തുടര്‍ന്ന് ഇവര്‍ ഷബീറിന്റെ സഹായം തേടുകയായിരുന്നു. ഇയാളുടെ പരിചയത്തിലുള്ള സുമേഷിനെ കണ്ട് കാര്യം പറയുകയും സുമേഷ് തൃശ്ശൂരില്‍ നിന്നും ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘങ്ങള്‍ എത്തി കവര്‍ച്ച നടത്തുകയുമായിരുന്നു.
കടയുടമയുടെ നീക്കങ്ങള്‍ ഫോണിലൂടെ നല്‍കുകയായിരുന്നു ഇവരുടെ ചുമതല. അപഹരിച്ച പണവുമായി ക്വട്ടേഷന്‍ സംഘം പാലിയേക്കര ടോണ്‍പ്ലാസക്ക് സമീപമുള്ള പാലത്തിനടിയലെത്തി ഇവരെ ഫോണില്‍ വളിച്ചുവരുത്തി ഒരു ലക്ഷം രൂപ നല്‍കി തിരിച്ചയച്ചുവെന്നാണ് പൊലിസ് പറയുന്നത്. കേസിലെ പ്രധാന പ്രതിയായി കണക്കാക്കുന്ന സുമേഷ് ഒരു മാസം മുന്‍പ് വിദേശത്തേക്ക് പോയി. ഇയാളെ പിടികൂടിയാല്‍ മാത്രമേ ക്വട്ടേഷന്‍ സംഘത്തെ കുറിച്ച് വിവരം ലഭിക്കൂ. അഞ്ച് മാസം മുന്‍പ് നഗരത്തില്‍ വ്യാപാരിയെ തലക്കടിച്ച് പണം കവര്‍ന്ന സംഭവം പൊലിസിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. കേസില്‍ നൂറിലേറെ പേരേ ചോദ്യം ചെയ്യുകയും സംശാസ്പദമായ നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്താണ് പൊലിസ് മോഷ്ടാക്കളെ കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതികളെ പിടികൂടാനായില്ലെങ്കിലും കേസുമായി ബന്ധപെട്ട രണ്ടുപേരെ അറസ്റ്റു ചെയ്യാനായി എന്നത് പൊലിസിന് താല്‍ക്കാല ആശ്വാസമായി. കുന്നംകുളം സി.ഐ രാജേഷ് കെ മേനോന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."