കാര്യവട്ടം കാംപസിലെ കുറ്റിക്കാട്ടില്‍ പഴകിയ മൃതദേഹം
കഠിനംകുളം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിനടുത്തെ കുറ്റികാട്ടില്‍ ഒന്നരമാസത്തോളം പഴക്കംവരുന്ന ജഡം കണ്ടെത്തി. അക്കേഷ്യമരത്തില്‍ കാവി കൈയിലി കൊണ്ട് കെട്ടിയ തൊട്ടിലിലാണ് മൃതദേഹം കാണപ്പെട്ടത്. അഴുകിയ നിലയിലായ മൃതദേഹത്തിന്റെ അസ്ഥികളും തലയോട്ടിയും പുറത്ത് കാണാം. ബോട്ടണി വിഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തെ ഫലവൃഷങ്ങളുടെ കരാര്‍ എടുത്തിരിക്കുന്ന മോഹനനാണ് ഇന്നലെ രാവിലെ എട്ടരയോടെ മൃതദേഹം ആദ്യം കാണുന്നത്. സംഭവമറിഞ്ഞ് കഴക്കൂട്ടം സി.ഐ അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി മൃതദേഹം അഴിച്ചിറക്കി. ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
പൊതുവെ ആള്‍സഞ്ചാരം കുറവുള്ള വഴിക്കടുത്തെ അക്കേഷ്യ മരക്കൂട്ടത്തിനിടയിലായതിനാലാണ് സംഭവം പുറം ലോകം അറിയാന്‍ വൈകിയത്. അതേസമയം കഴക്കൂട്ടം പഴയ ട്രഷറിക്കടുത്ത് കാവിയുടുത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആളിനെ പ്രദേശവാസികള്‍ ഒരുമാസം മുമ്പ് കണ്ടിരുന്നതായി പറയപ്പെടുന്നു. ഇപ്പോള്‍ ഇയാളെ കാണാനില്ല. ഇയാളുടെ മൃതദേഹമാണോയെന്ന് പൊലിസ് അന്വേഷിച്ചുവരുന്നു. മനുഷ്യസഞ്ചാരമില്ലാത്ത കുറ്റിക്കാട്ടില്‍ തൊട്ടിലില്‍ മൃതദേഹം കണ്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. പിച്ചയാചിക്കുന്നയാള്‍ കാട്ടില്‍ പോയതെന്തിനെന്ന സംശയവും ബലപ്പെടുന്നു.
മൃതദേഹം മെഡിക്കള്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പുരുഷന്റെതെന്നോ സ്ത്രീയുടേതെന്നോ കൂടുതല്‍ പരിശോധനക്ക് ശേഷമേ തിരിച്ചറിയാന്‍ സാധിക്കൂവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."