വാഹനാപകടം: 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഇനിയും നടപ്പായില്ല
കണ്ണൂര്‍: വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സയെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലായില്ല.
പ്രഖ്യാപനം വന്ന് മാസം മൂന്ന് പിന്നിട്ടുവെങ്കിലും ഇപ്പോഴും വാഹനാപകടത്തില്‍പ്പെട്ടവരെ സ്വകാര്യ ആശുപത്രികളില്‍ എത്തിക്കുന്നവര്‍ തന്നെയോ വിവരമറിഞ്ഞ് എത്തുന്ന ബന്ധുക്കളോ തന്നെ ചികിത്സാ ചെലവ് വഹിക്കണം. ഇതിനാല്‍ തന്നെ വാഹനാപകടത്തില്‍പെടുന്ന അജ്ഞാതര്‍ക്കും സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കും യഥാര്‍ഥ സമയത്തുള്ള ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴും സംസ്ഥാനത്തുള്ളത്. വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവരുടെ 48 മണിക്കൂറിലെ ചികിത്സാ ചെലവ് നല്‍കാമെന്നേറ്റുകൊണ്ടുള്ള ഉത്തരവോ ഇതു സംബന്ധിച്ചുള്ള അറിയിപ്പോ തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്വകാര്യ, സഹകരണ ആശുപത്രി അധികൃതരും വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തുകൊണ്ടുള്ള മാധ്യമവാര്‍ത്തകള്‍ മാത്രമാണ് മിക്ക ആശുപത്രി അധികൃതര്‍ക്കും ഉള്ളത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കൊല്ലത്ത് റോഡപകടത്തില്‍പ്പെട്ട തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സാഹചര്യത്തിലായിരുന്നു അപകടത്തില്‍പ്പെട്ടാല്‍ 48 മണിക്കൂര്‍ നേരത്തെ ചികിത്സയ്ക്കുള്ള പണം സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപനമുണ്ടായത്.
കൊല്ലത്തേയും തിരുവനന്തപുരത്തേയും ചില സ്വകാര്യ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കൊണ്ടുപോയിരുന്നുവെങ്കിലും പണമില്ലെന്ന പേരില്‍ ചികിത്സ നല്‍കാന്‍ കൂട്ടാക്കാത്തതിനാല്‍ ആംബുലന്‍സില്‍ കിടന്ന് മുരുകന്‍ മരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് 48 മണിക്കൂര്‍ ചികിത്സ സൗജന്യമാക്കാനുള്ള തീരുമാനം എടുത്തത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും ട്രോമാ കെയര്‍ പദ്ധതി ആവിഷ്‌കരിക്കാനും സ്വകാര്യ ആശുപത്രികളിലാണെങ്കില്‍ ആദ്യഘട്ടത്തിലെ ചികിത്സയ്ക്കായുള്ള ചെലവ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് വഹിക്കാനുമായിരുന്നു തീരുമാനം.
48 മണിക്കൂര്‍ നേരത്തേക്ക് രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണമൊന്നും ഈടാക്കാതെ ചികിത്സ നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. തുക പിന്നീട് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് തിരിച്ചുവാങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
ഇതിനായി ഇന്‍ഷൂറന്‍സ് കമ്പനികളുമായി ധാരണയുണ്ടാക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും അടിയന്തരമായി നടപ്പിലാക്കേണ്ട ഈ നടപടിയും സര്‍ക്കാരിന്റെ പതിവ് പ്രഖ്യാപനത്തിലൊതുങ്ങി.
ഇതുവരെ സ്വകാര്യ-സഹകരണ ആശുപത്രികളുമായി ആരോഗ്യ വകുപ്പോ സര്‍ക്കാരോ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മാത്രമല്ല പദ്ധതിക്കായി ബജറ്റിലും തുക വകയിരുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."