ജിഷ്ണുവിന്റെ മരണം: സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനൊരുങ്ങി പൊലിസ്
തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലിസ് ശ്രമം തുടങ്ങി. ഇതിനായി പൊലിസ് സംഘം ഫോറന്‍സിക് ലാബിനെ സമീപിച്ചു. കോളജിലെ മുറികളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജിഷ്ണുവിനെ ഇവിടെ വെച്ച് മര്ദ്ദിച്ചിട്ടുണ്ടാവാമെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.
ഇടി മുറി എന്നു വിശേഷിപ്പിക്കപ്പെട്ട, കൊളജ് പി.ആര്.ഒ സഞ്ജിത്തിന്റെ മുറി, ജിഷ്ണു മരിച്ച നിലയില്‍ കണ്ടത്തി ശുചി മുറി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തസാംപിള്‍ പരിശോധനയിലാണ്. ഇതു മനുഷ്യരക്തമാണോ എന്നും ആണെങ്കില്‍ ജിഷ്ണുവിന്റേതാണോ എന്നുമാണ് പരിശോധിക്കുന്നത്.
അതിനിടെ, ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന വാദവുമായി ബന്ധുക്കള്‍ വീണ്ടും രംഗത്തെത്തി. പി കൃഷ്ണദാസിന് ജാമ്യം ലഭിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്റെ വീഴ്ച മൂലമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കലക്ടര്‍ ചര്‍ച്ചക്ക് വിളിച്ചതായി കാണിച്ച് കൃഷ്ണദാസ് ഹാജകരാക്കിയത് പഴയ കത്തായിരുന്നു. കോളജ് തുറക്കാന്‍ ധാരണയായ വിവരം കോടതിയെ അറിയിക്കുന്നതില്‍ അഭിഭാഷകന് പരാജയപ്പെട്ടെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. കേസ് തെളിയുന്നതു വരെ നെഹ്രു ഗ്രൂപ് ചെയര്മാന് കോളജില്‍ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് അമ്മ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."