തര്‍ക്കങ്ങളുടെ തായ്‌വേര്
അവധാനതയോടെ ആലോചിച്ചും പ്രത്യാഘാതങ്ങളെപ്പറ്റി കൃത്യതയോടെ വിലയിരുത്തിയുമായിരുന്നു സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാം മതം സ്വീകരിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. കൃത്യമായി പറഞ്ഞാല്‍ 2000 ആഗസ്റ്റ്18ന്. മാസ്റ്ററുടെ തന്നെ വാക്കുകള്‍ കടം കൊണ്ടാല്‍ അന്നാണ് കാരയിലെ കാതിയാളം മുസ്‌ലിം പള്ളിയങ്കണത്തില്‍വച്ച് ക്രൈസ്തവതയില്‍ മരിച്ച് ഇസ്‌ലാമില്‍ അദ്ദേഹം പുനര്‍ജനിക്കുന്നത്. മഹല്ലു നിവാസികള്‍ മാത്രമല്ല ആ ചടങ്ങിനെത്തിയത്. മാസ്റ്ററുടെ മകന്‍ ജോണ്‍സനും മകളുടെ മകന്‍ ക്രിസ്റ്റഫറും ഇളയ മകന്‍ പീറ്ററിന്റെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന എബി എന്ന കൊച്ചുമോനും അന്ന് ഐക്യദാര്‍ഢ്യമറിയിക്കാന്‍ കുടുംബത്തില്‍ നിന്നെത്തിയിരുന്നു.
ആദ്യം തുണച്ചു, പിന്നെ ചതിച്ചു
പിന്നീട് ക്രിസ്തുമത വിശ്വാസികളായ കുടുംബാംഗങ്ങള്‍ക്കൊപ്പം അതേ വീട്ടില്‍ അദ്ദേഹം ഇസ്‌ലാം മത വിശ്വാസപ്രകാരമുള്ള പ്രാര്‍ഥനകള്‍ നിര്‍വഹിച്ചു. റമദാനില്‍ നോമ്പെടുത്തു. നോമ്പുകാലത്ത് ഭാര്യ മേരി അദ്ദേഹത്തിന് അത്താഴത്തിനും നോമ്പ് തുറക്കാനുമുള്ള വിഭവങ്ങള്‍ തയാറാക്കി നല്‍കി. ബൈബിളും ഖുര്‍ആനും താരതമ്യം നടത്തി അദ്ദേഹം തയാറാക്കിയിരുന്ന ലേഖനങ്ങള്‍ മകള്‍ പകര്‍ത്തി എഴുതി നല്‍കി.
ഇതൊക്കെ ഇസ്‌ലാം മതത്തിലേക്കു വന്നതിനുശേഷമുള്ള കഥ. എന്നാല്‍ അതിനും എത്രയോ വര്‍ഷങ്ങള്‍ക്കുമുന്‍പേ ആ രാസ മാറ്റത്തിനുള്ള താരതമ്യപഠനം അദ്ദേഹം ആരംഭിച്ചിരുന്നു. ബൈബിളില്‍ ആഴത്തിലുള്ള അറിവുനേടാന്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ അമ്പാസിഡര്‍ കോളജിലാണ് മാസ്റ്റര്‍ കറസ്‌പോണ്ടന്റ് കോഴ്‌സിന് ചേര്‍ന്നത്. എല്ലാ പരീക്ഷകളും ഉയര്‍ന്നമാര്‍ക്കോടെയാണ് പാസായത്. ഖുര്‍ആനും ബൈബിളും വിലയിരുത്തി സ്വന്തമായ നിരീക്ഷണങ്ങളോടെ ലേഖനങ്ങളെഴുതി. ആദ്യത്തെ ഒന്നു രണ്ടു ലേഖനങ്ങള്‍ കാണാനിടയായ പള്ളി വികാരി വിരട്ടി. വഴങ്ങില്ലെന്ന് ബോധ്യമായപ്പോള്‍ പിന്‍മാറി. എന്നാല്‍ ഫാദറിന്റെ മുറുമുറുപ്പ് കുടുംബത്തിലാണ് അസ്വസ്ഥത പടര്‍ത്തിയത്. പള്ളിക്കും സഭയ്ക്കും പ്രകോപനമുണ്ടാക്കുന്ന ലേഖനങ്ങള്‍ കുടുംബത്തിനാകെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കുടുംബക്കാര്‍ ഭയന്നു. മാസ്റ്റര്‍ എഴുത്തു നിര്‍ത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
വിവാഹം, മരണം, ജനനം തുടങ്ങി എല്ലാ കാര്യങ്ങളിലും പള്ളിയേയും പട്ടക്കാരെയും ആശ്രയിക്കേണ്ട കത്തോലിക്കക്കാരെ സംബന്ധിച്ച് വികാരിയുടെ എതിര്‍പ്പിനെ വിവേകത്തോടെ തന്നെ കാണേണ്ടതുണ്ട്. സഭയെ എതിര്‍ക്കുന്ന ഏതു വമ്പന്‍മാരെയും മുട്ടുകുത്തിക്കാന്‍ കെല്‍പ്പുള്ളവരാണ് കത്തോലിക്കസഭയെന്ന് നന്നായി അറിയുന്ന ആളായിരുന്നു സൈമണ്‍ മാസ്റ്റര്‍. ഭയപ്പെട്ടുതന്നെയാണ് നിശ്ചയിച്ചുറപ്പിച്ച തീരുമാനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. അന്നത് വലിയ വാര്‍ത്തയായില്ല. കലഹവും കലാപവും പടര്‍ന്നില്ല. എന്നാല്‍ കുടുംബത്തില്‍ അതിനു മുന്‍പേ കാറ്റും കൊടുങ്കാറ്റും വീശി. അതിന്റെ തീയലകള്‍ നീറിപ്പുകഞ്ഞു. അതൊന്നും കാര്യമാക്കാതെയായിരുന്നു സത്യത്തിലേക്കുള്ള സമര്‍പ്പണം സാധ്യമായത്. സൈമണ്‍ മാസ്റ്റര്‍ അവസാന കാലംവരെ ആ തീരുമാനം കൊണ്ട് നിരാശനായിട്ടില്ല. ഒരിക്കല്‍ പോലും ദുഃഖിച്ചിട്ടില്ല. എന്നാല്‍ ജീവിതത്തില്‍ സ്വയമെടുത്ത ഏറ്റവും ബുദ്ധിപൂര്‍വവും വിവേകപൂര്‍ണവുമായ തീരുമാനമെന്തായിരുന്നു എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇതുമാത്രമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍.
വെറും വാക്കല്ല അച്ചടിമഷി പുരട്ടിയ ആധികാരിക രേഖയായി അതിന്നും നിലനില്‍ക്കുന്നു. വീണ്ടും വീണ്ടുമുള്ള ആത്മപരിശോധനകളിലും വിലയിരുത്തലുകളിലും കണക്കുകള്‍ തെറ്റിയിട്ടില്ലെന്നദ്ദേഹം ഉറച്ചു വിശ്വസിച്ച് ഊന്നിപ്പറഞ്ഞിരുന്നു.
ബൈബിള്‍ ആഴത്തില്‍ പഠിച്ച അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങളും അഭിപ്രായപ്രടകനവും സഭാവിശ്വാസികളെ വൃണപ്പെടുത്തിയിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ പള്ളിക്കാട്ടിലേക്ക് കെട്ടിയെടുക്കുന്നതിനെ എതിര്‍ത്ത ബന്ധുക്കളടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി. അവസാന നിമിഷം വരെയും കാര്യങ്ങള്‍ എല്ലാം രഹസ്യമാക്കി വച്ചു.
തന്ത്രപരമായി, അദ്ദേഹത്തിന്റെ വിശ്വാസപ്രകാരം മുസ്‌ലിംപള്ളിയില്‍ അടക്കം ചെയ്യാതെ മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്തു. തീരുമാനത്തില്‍ നിന്ന് ജീവനുള്ളപ്പോള്‍ പിന്‍മാറില്ലെന്ന് തിരിച്ചറിഞ്ഞവര്‍ ജീവനില്ലാത്ത ശരീരത്തോട് പ്രതികാരം തീര്‍ത്തു. മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ആ ശരീരം കീറി മുറിച്ച് പടിച്ചുകഴിഞ്ഞാല്‍ ഈ മഹാപാതകത്തിന്റെ തിരക്കഥ ഒരുക്കിയവരുടെ ആഹ്ലാദം പൂര്‍ത്തിയാകുമോ
എന്നാല്‍ മരണാനന്തരം ഭൗതികശരീരം മെഡിക്കല്‍ പഠനത്തിന് ദാനം ചെയ്യുന്നത് മഹത്തായകാര്യമാണെന്ന് ധരിക്കുന്നവര്‍ മൃതദേഹങ്ങളോട് ആതുരാലയങ്ങള്‍ കാണിക്കുന്ന അനാദരവും ക്രൂരതകളും കൂടി കണ്ണുതുറന്ന് കാണണം.
ആ കഥ നാളെ.
പേ പിടിച്ച വാക്കുകള്‍
എന്നാല്‍ അദ്ദേഹത്തിന്റെ മതം മാറ്റ തീരുമാനം വിറളിപിടിപ്പിച്ചത് സഹോദരങ്ങളെയായിരുന്നു. ഭാര്യയില്‍ നിന്നോ മക്കളില്‍ നിന്നോ ഉണ്ടാകാത്തത്രയും എതിര്‍പ്പും അവഗണനയും ഒറ്റപ്പെടുത്തലുകളും ഉണ്ടായതും കൂടെപ്പിറപ്പുകളില്‍ നിന്നായിരുന്നു. മൂത്ത സഹോദരി ഒരിക്കല്‍ അദ്ദേഹത്തിനെഴുതി.
കുടുംബത്തിനും സ്വന്തക്കാര്‍ക്കും സമുദായത്തിനും മതത്തിനും നാണക്കേടുണ്ടാക്കിയ യൂദാസാണ് നീ... വീട്ടിലും നാട്ടിലും സൈ്വര്യവും സമാധാനവും കിട്ടാത്ത നിനക്ക് ഇനി മേലില്‍ ഉറങ്ങാന്‍ സാധിക്കില്ല. നീ നിന്റെ നാശം മാത്രമല്ല വരുത്തിവെച്ചത്. മറ്റുള്ളവരുടെ വീടുകളിലും സമാധാനവും ഉറക്കവും കെടുത്തി. ഇനി എങ്ങനെ തലയുയര്‍ത്തി പുറത്തിറങ്ങി നടക്കും. എങ്ങനെ മനുഷ്യരുടെ മുഖത്തു നോക്കും യൂദാസേ... യൂ ദാസേ... നീ നശിക്കും. നാണം കെടും.
ഇങ്ങനെയാണ് മൂത്ത സഹോദരി കലഹിച്ചതെങ്കില്‍ അദ്ദേഹത്തേക്കാള്‍ വിദ്യാസമ്പന്നനായ ഇളയ സഹോദരന്‍ മറ്റൊരു തരത്തിലായിരുന്നു പൊട്ടിത്തെറിച്ചത്. അതാകട്ടെ വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ ദിന ചടങ്ങിലായിരുന്നു.
ഈ കുടുംബത്തിന്റെ അന്തസും അഭിമാനവും നശിപ്പിച്ച് ശാപം കിട്ടിയ വീടാക്കിമാറ്റിയ ഈ മനുഷ്യന്റെ ശപിക്കപ്പെട്ട മുഖമിനിയും കാണാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഈ കുടുംബദിനാചരണം ഇന്നത്തോടെ അവസാനിപ്പിക്കാം. എന്നായിരുന്നു അയാളുടെ പ്രതികരണം. അത് അയാളുടെ മാത്രം അഭിപ്രായമായിരുന്നില്ല. കുടുംബാഭിപ്രായത്തിന്റെ പൊതുവായ പരസ്യപ്രഖ്യാപനമായിരുന്നുവെന്ന് അന്നു വ്യക്തമായതാണെന്നും സൈമണ്‍ മാസ്റ്റര്‍ എന്റെ ഇസ്‌ലാം അനുഭവങ്ങള്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. (പേജ് 27).
ഇതേ സഹോദരന്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയച്ച പരിഹാസരൂപേണയുള്ള കത്തില്‍ ഇങ്ങനെയും എഴുതി. പള്ളിക്കാട്ടിലേക്ക് കെട്ടിയെടുക്കുന്നത് നിര്‍ത്തുക. ഇനിയും മടങ്ങി വരണമെന്നുണ്ടെങ്കില്‍ വൈകിയിട്ടില്ല. അതിനുസൗകര്യം ചെയ്തുതരാം. എന്നാല്‍ പള്ളിക്കാട്ടിലേക്കുള്ള യാത്ര തടയുമെന്നായിരുന്നു ആ വാക്കുകളുടെ അര്‍ഥമെന്ന് സാത്വികനായ പാവം സൈമണ്‍ മാസ്റ്റര്‍ക്ക് മാത്രം മനസിലാകാതെ പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."