കന്നുകാലികള്‍ക്കും താറാവിനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും: മന്ത്രി കെ രാജു
ആലപ്പുഴ: കന്നുകാലികള്‍ക്കും താറാവിനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പക്ഷിപ്പനി മൂലം താറാവിനെ നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് അനുവദിച്ച 8.97 കോടി രൂപയുടെ ധനസഹായത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം 40,000 കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നു. ഇന്‍ഷുറന്‍സ് കമ്പിനികളുമായുള്ള ചര്‍ച്ച നടക്കുന്നു. ബാക്കി കന്നുകാലികളെ അടുത്തവര്‍ഷം ഇന്‍ഷുര്‍ ചെയ്യും. താറാവുകളെ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുകയാണ്.
കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളടക്കം ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ സഹായകമാകും. ഒറ്റദിവസം കൊണ്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
താറാവുകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നു. പക്ഷിപ്പനിമൂലം താറാവിനെ നഷ്ടപ്പെട്ട 130 പേര്‍ക്കായി 11.67 കോടി രൂപയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. രണ്ടു മാസത്തിലേറെ പ്രായമുള്ള താറാവിന് 200 രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഇതില്‍ 65 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്. ബാക്കി തുക സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
പക്ഷിപ്പനി മൂലം ചത്തതും രോഗം പടരാതിരിക്കാന്‍ കൊന്നതുമായ താറാവുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതു സംബന്ധിച്ച് ചില പരാതികള്‍ ലഭിച്ചു. ഇതു പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. പരിശോധന പൂര്‍ത്തീകരിച്ച ശേഷമാണ് തുക വിതരണം ചെയ്തത്. അതിനാലാണ് കാലതാമസം വന്നത്.
നമ്മുക്ക് ആവശ്യമായ പാലിന്റെ 75 ശതമാനത്തോളം ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. എല്ലാവരും ഒത്തു ശ്രമിച്ചാല്‍ പാല്‍ ഉത്പാദനത്തില്‍ വളരെവേഗം സ്വയംപര്യാപ്തത കൈവരിക്കാം. മുട്ടയുടെ കാര്യത്തിലും സ്വയംപര്യാപ്തത നേടാം. ഇതിന് കര്‍ഷരെ പരമാവധി സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പക്ഷിപ്പനി അടക്കമുള്ള രോഗങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് തിരുവല്ല, പാലോട് എന്നിവിടങ്ങളിലെ ലാബുകള്‍ക്ക് ശേഷിയുണ്ട്. ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും-മന്ത്രി പറഞ്ഞു. ഖജനാവിന്റെ സാമ്പത്തിക ശേഷി കുറഞ്ഞ കാലയളവിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെങ്കിലും കര്‍ഷകര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, കളക്ടര്‍ വീണ എന്‍. മാധവന്‍, മൃഗസംരക്ഷണ വകു്പ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി എന്നിവര്‍ പ്രസംഗിച്ചു.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."