ജി.എസ്.ടിയും നോട്ടുനിരോധനവും സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ചു: ചിദംബരം
കളമശേരി: മുന്നൊരുക്കങ്ങളും പരിഹാരങ്ങളുമില്ലാതെ ധൃതിപിടിച്ച് നടപ്പിലാക്കിയ നോട്ടുനിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു തരിപ്പണമാക്കിയെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം.
ചരക്കു സേവന നികുതി പ്രായോഗികവശങ്ങള്‍ പഠിക്കാതെയും വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെയും നടപ്പിലാക്കിയത് ചെറുകിട വ്യാപാര മേഖലക്കും സാധാരണ ജനങ്ങള്‍ക്കും കനത്ത ആഘാതം ഏല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കളമശേരിയിലെ എസ്.സി.എം.എസ് കാംപസില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സമ്പന്നരില്‍നിന്നും ദരിദ്രരില്‍നിന്നും ഒരേനികുതി ഈടാക്കുന്ന ഇന്ധനവില വര്‍ധനയിലൂടെ സര്‍ക്കാര്‍ രാജ്യത്തെ താഴെക്കിടയിലുള്ള ജനങ്ങളെ പട്ടിണിപ്പാവങ്ങളാക്കിയിരിക്കുന്നു. ഈ സര്‍ക്കാരിന്റെ ഇതുവരെയുള്ള എല്ലാ ബജറ്റുകളിലും യുവജനങ്ങള്‍ക്കുള്ള തൊഴിലവസരങ്ങള്‍ നൂറില്‍ രണ്ടുപേര്‍ക്ക് മാത്രമെന്ന അവസ്ഥയിലേക്ക് ചുരുങ്ങി. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ പാടെ തഴഞ്ഞുകൊണ്ടുള്ള ബജറ്റ് അവതരിപ്പിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയും പ്രധാനമന്ത്രിയും വികസനങ്ങളെക്കുറിച്ച് കല്ലുവച്ച നുണകള്‍ പടച്ചു വിടുകയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. ലോകസമ്പദ്‌വ്യവസ്ഥയില്‍നിന്നു ഇന്ത്യയെ എന്‍ജിനില്‍നിന്നു വേര്‍പ്പെട്ട ബോഗികള്‍പോലെ അകറ്റിയതായി അദ്ദേഹം പരിഹസിച്ചു.
സംവാദത്തില്‍ എം.പി ജോസഫ് മോഡറേറ്ററായിരുന്നു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയരക്ടര്‍ ബി.എസ് ഷിജു, എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രൊഫ.പ്രമോദ് പി. തേവന്നൂര്‍ സംസാരിച്ചു. എം.എല്‍.എമാരായ അന്‍വര്‍സാദത്ത്, റോജി ജോണ്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."