ജീവന് ഭീഷണി; വിദേശത്ത് ജോലി വേണം
തിരുവനന്തപുരം: ഇടതിന്റെയും വലതിന്റെയും മുഖ്യശത്രുവായി മുദ്രകുത്തിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് ജീവന് സുരക്ഷ വേണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചു. അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും വിദേശത്ത് എവിടെയെങ്കിലും ഏതെങ്കിലും തസ്തികയില്‍ നിയമനം നല്‍കണമെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥ, രാഷ്ട്രീയ പ്രമാണികളാണ് തന്റെ ആയുസെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നതെന്നും ഇവര്‍ക്കെതിരേ നടപടിയെടുത്തതാണ് പകയ്ക്കു കാരണമെന്നും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. 2003 നവംബറില്‍ വെടിയേറ്റു മരിച്ച എന്‍ജിനീയര്‍ സത്യേന്ദ്ര ദുബെയുടെ അവസ്ഥയാവും തനിക്കെന്നും കത്തില്‍ പറയുന്നു.
2017 ഫെബ്രുവരി 27നാണ് ആദ്യം കത്തുനല്‍കിയത്. ഇതിന് മറുപടി ലഭിച്ചില്ല. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസിന് വീണ്ടും കത്ത് നല്‍കിയിരുന്നു. അതില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെയും ഉദ്യോഗസ്ഥ ലോബികളുടെയും പേര് പരാമര്‍ശിച്ചതായാണ് സൂചന.
താന്‍ വിജിലന്‍സ് മേധാവിയായിരുന്നപ്പോള്‍ ഇരുപക്ഷത്തെയും പ്രമുഖരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 22 കേസുകളാണ് അന്വേഷിച്ചതെന്നും ഇവയിലെല്ലാം അവരുടെമേല്‍ കുറ്റം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇവര്‍ തനിക്ക് ശിക്ഷ വിധിക്കുമെന്ന് ഉറപ്പാണെന്നും രാജ്യത്തിന്റെ ഏതു ഭാഗത്തുപോയാലും രക്ഷയില്ലെന്നും അതിനാലാണ് വിദേശത്ത് ജോലിക്കായി സഹായം തേടി ഇവിടെ എത്തിയതെന്നും ജേക്കബ് തോമസ് കത്തില്‍ പറയുന്നു. കൂടാതെ അനുയോജ്യമായ തസ്തികയ്ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതകളും കത്തിനൊപ്പം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൂടാതെ വിസില്‍ ബ്ലോവേഴ്‌സ് (അഴിമതി പുറത്തു കൊണ്ടുവരാന്‍ സഹായിക്കുന്നവര്‍) പ്രൊട്ടക്ഷന്‍ നിയമം ഉപയോഗിച്ച് തന്നെ സംരക്ഷിക്കണമെന്ന് ഒരു നിവേദനവും പ്രധാനമന്ത്രിയുടെ ഓഫിസിനു നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച ഈ നിയമ പ്രകാരം സംരക്ഷണം തേടി ജേക്കബ് തോമസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരിക്കുകയാണ്.
സപ്ലൈകോ മാനേജിങ് ഡയറക്ടറായിരിക്കെ അവിടത്തെ അഴിമതി പുറത്തു കൊണ്ടുവന്നപ്പോള്‍ 2005ല്‍ കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ അദ്ദേഹത്തിനു സംരക്ഷണം നല്‍കിയിരുന്നു. അതേസമയം, അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് നിയമ പരിരക്ഷ ജേക്കബ് തോമസിന് നല്‍കാനാകില്ലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. മാര്‍ച്ച് ആദ്യം കേസ് വീണ്ടും പരിഗണിക്കും.
അതിനിടെ കത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് പരിഗണനയ്ക്ക് എടുത്തതായി സൂചനയുണ്ട്. അതേസമയം, ജീവന് ഭീഷണിയുണ്ടെന്നുള്ള കത്ത് കേന്ദ്രത്തിലെത്തിയതിനാല്‍ ജേക്കബ് തോമസിനെതിരേ ഒരു നടപടിക്കും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അനുകൂല നടപടി സ്വീകരിക്കില്ല.
ഇതോടെ ജേക്കബ് തോമസിനെതിരേ നടപടിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പാളിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."