കൊട്ടാരക്കര ഫെസ്റ്റില്‍ ശ്രദ്ധേയമായി പാലിയേറ്റിവ് ടീം
കൊട്ടാരക്കര: കൊട്ടാരക്കര ഫെസ്റ്റില്‍ പാലിയേറ്റിവ് കെയര്‍ യൂനിറ്റിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. കിടപ്പു രോഗികളുടെ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് ആരോഗ്യമേഖലയിലെ ഒരുപറ്റം വളന്റിയര്‍മാര്‍. വിദഗ്ധ സ്വാന്തന പരിചരണം ആവശ്യമായ രോഗികള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരും മനസ്സ് അലിയുന്നവരാണ്. മറ്റൊരാളെ ആശ്രയിച്ച് കഴിയുന്ന ഈ വിഭാഗം രോഗികള്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് സമൂഹത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് കൊട്ടാരക്കര ഫെസ്റ്റിലുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേയും നെടുമണ്‍കാവ് കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന്റെയും കൊട്ടാരക്കര നഗരസഭയുടെയും പാലിയേറ്റിവ് കെയര്‍ യൂനിറ്റുകളുടെ കൂട്ടായ്മയിലൂടെയാണ് കൊട്ടാരക്കര ഫെസ്റ്റില്‍ പാലിയേറ്റിവ് കെയര്‍ രോഗികള്‍ക്ക് ആശ്വാസമായി ഒരു സ്റ്റാള്‍ ഒരുക്കിയത്.
വെള്ളക്കോട്ടും സ്റ്റെതസ്‌കോപ്പുമായി സാധാരണ കാണാറുള്ള ആരോഗ്യപ്രവര്‍ത്തകരല്ല അവിടെയുള്ളത്. മറിച്ച് രോഗികള്‍ നിര്‍മിച്ച വിവിധ ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ എത്തിച്ചാണ് കൊട്ടാരക്കരയിലെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ മാതൃകയാകുന്നത്. പാലിയേറ്റിവ് രോഗികള്‍ നിര്‍മിച്ച ക്യാരിബാഗ്, സോപ്പുപൊടി, പാത്രം കഴുകുന്ന ലോഷന്‍, ചിത്രങ്ങള്‍, പോസ്റ്റ് കവര്‍ എന്നിവയാണ് സ്റ്റാളിലുള്ളത്.
കഴിഞ്ഞ 10ന് കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി കൊട്ടാരക്കര റെയില്‍വേസ്റ്റേഷന് സമീപമാണ് കൊട്ടാരക്കര ഫെസ്റ്റ് ആരംഭിച്ചത്. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റില്‍ സ്വാന്തന പരിചരണ വിഭാഗത്തിന്റെ സ്റ്റാള്‍ ആകര്‍ഷണീയമാണ്. കിടപ്പുരോഗികള്‍ക്ക് കൈതാങ്ങാകുവാന്‍ ആരംഭിച്ച സ്റ്റാളില്‍ വളരെ വിലക്കുറവിലാണ് ഉല്പന്നങ്ങള്‍ വില്‍ക്കുന്നത്. അതോടൊപ്പം ചെറിയ നിരക്കില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധനയും നടത്തുന്നുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍, നെടുമണ്‍കാവ് കമ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍-ചാര്‍ജ്ജ് ഡോ. ജ്യോതിലാല്‍, പാലിയേറ്റിവ് കെയര്‍ ഇന്‍-ചാര്‍ജ്ജ് ഡോ. ഡാര്‍വിന്‍സ് പേള്‍ എന്നിവര്‍ ഏകോപിപ്പിക്കുന്ന സ്റ്റാളില്‍ പാലിയേറ്റിവ് നഴ്‌സ് രമ്യ ജെബിന്‍, കമ്യൂനിറ്റി നഴ്‌സ് ഷൈനി എസ്, പി.ആര്‍.ഒ കാര്‍ത്തിക, ആശാവര്‍ക്കര്‍മാരായ ജോളി, റബേക്ക എന്നിവരാണ് രോഗികള്‍ക്കുവേണ്ടി സ്റ്റാള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇവിടെനിന്നും ലഭിക്കുന്ന വരുമാനം നിര്‍ദ്ധനരായ സ്വാന്തന പരിചരണ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ഉപയോഗിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. 26-ാം തീയതിവരെ സ്റ്റാള്‍ ഫെസ്റ്റില്‍ പ്രവര്‍ത്തിക്കും. പാലിയേറ്റീവ് കെയര്‍ രോഗികള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി കൊട്ടാരക്കര കേന്ദ്രീകരിച്ച് ഒരു സ്റ്റാള്‍ തുടങ്ങുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."