അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ വടക്കാഞ്ചേരിയില്‍ ശുചിത്വ ഹര്‍ത്താല്‍
വടക്കാഞ്ചേരി: നഗരസഭയെ മാലിന്യ വിമുക്തമാക്കാന്‍ ആവിഷ്കരിക്കുന്ന സര്‍വ ശുദ്ധി പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നഗരസഭയില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്താന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു. അന്നേ ദിവസം 41 ഡിവിഷനുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ യോഗം തീരുമാനമെടുത്തു.
പദ്ധതിയുടെ ഭാഗമായി നഗര പ്രദേശങ്ങളില്‍ നിന്ന് പാഴ് വസ്തുക്കള്‍ ശേഖരിച്ച് റീസൈക്ലിങ് നടത്തി വിവിധ സ്ഥാപനങ്ങള്‍ക്ക് കൈമാറും. വിലക്ക് ലംഘിച്ചും മാലിന്യ നിക്ഷേപങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ജനകീയ പങ്കാളിത്തതോടെ ജൈവ പച്ചക്കറി തോട്ടം നിര്‍മിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പരിസ്ഥിതി ദിനത്തില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി സഹകരിച്ച് വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം മുണ്ടത്തിക്കോട് ഇ.എം.എസ് ഗ്രൗണ്ടില്‍ വെച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് നിര്‍വഹിക്കും. പ്രവര്‍ത്തന പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നഗരസഭാതിര്‍ത്തിയിലെ സ്കൂളുകളെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കും. പാര്‍ളിക്കാട് യു.പി സ്കൂള്‍, പരുത്തിപ്ര എല്‍.പി സ്കൂള്‍ എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിനും നഗരസഭാ തല പ്രവേശനോത്സവം പരുത്തിപ്ര എല്‍.പി സ്കൂളില്‍ വെച്ച് നടത്തുന്നതിനും തീരുമാനമായി.
ഉത്രാളിക്കാവ് ക്ഷേത്രത്തിന് പുറക് വശത്തെ റെയില്‍വേ ട്രാക്കിന് സമീപം മുന്‍പ് ഉണ്ടായിരുന്ന ചവിട്ടുപടികള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേക്ക് കത്ത് നല്‍കുന്നതിനും തീരുമാനമായി. നഗരസഭാ തിര്‍ത്തിയില്‍ നിന്ന് കഴിഞ്ഞ എസ്.എസ്.എല്‍.സി പ്ലസ്.ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ ഉപഹാരം നല്കി അനുമോദിക്കാനും നഗരസഭ യോഗം തീരുമാനമെടുത്തു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."