ദേശീയപാത ഉപരോധം നഴ്സുമാര്‍ക്ക് നേരെ പൊലിസ് ലാത്തിവീശി; നിരവധിപേര്‍ക്ക് പരുക്ക്
ചേര്‍ത്തല (ആലപ്പുഴ): കെ.വി.എം ആശുപത്രിയിലെ തൊഴില്‍പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ) നേതൃത്വത്തില്‍ നടത്തിയ ദേശീയപാത ഉപരോധത്തിനുനേരെ പൊലിസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാല് നഴ്സുമാരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട സ്വദേശികളായ ജിജോ ജോയി, റിജു, തൃശൂര്‍ സ്വദേശികളായ റിജോ ജോണ്‍സ്, മലപ്പുറം സ്വദേശി അനൂബ് വര്‍ഗീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ചേര്‍ത്തല ഡിവൈ.എസ്.പി എ.ജി ലാല്‍, സി.ഐ വി.പി മോഹന്‍ലാല്‍, വനിതാ പൊലിസുകാരായ മിനി മോള്, ശ്രീവിദ്യ, മഞ്ജുഷ, സീനിയര്‍ സി.പി.ഒ വസന്ത്, സുനില്‍കുമാര്‍, സുരാജ്, സനില്‍, ശരത് ലാല്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനവും 15ന് സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും നഴ്സുമാര്‍ പണിമുടക്കും നടത്തുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചു. സമരത്തില്‍ പങ്കെടുത്ത 132 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.വി.എം ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന സമരം 176 ദിവസം പിന്നിട്ടു. കഴിഞ്ഞ എട്ടിന് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കെ.വി.എം മാനേജ്മെന്റ് പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് യു.എന്‍.എ സംസ്ഥാന ജന. സെക്രട്ടറി സുജനപാല്‍ അച്യുതന് നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. സത്യഗ്രഹം മൂന്നുനാള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നഴ്സുമാര്‍ ദേശീയപാത ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."