അഴിമതി വിവാദം; സാംസങ് മേധാവി ദക്ഷിണ കൊറിയയില്‍ അറസ്റ്റില്‍
സിയോള്‍: ദക്ഷിണ കൊറിയയിലെ ഉന്നത രാഷ്ട്രീയവൃത്തങ്ങള്‍ ഉള്‍പ്പെട്ട അഴിമതി കേസില്‍ അന്താരാഷ്ട്ര ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ സാംസങ് ഗ്രൂപ്പിന്റെ തലവന്‍ ജെയ് വൈ ലീ അറസ്റ്റില്‍. രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബത്തിലെ ഇളമുറക്കാരനായ ലീയെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ് ചെയ്ത് സിയോള്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയുടെ ഇംപീച്ച്മെന്റിലേക്കു നയിച്ച അഴിമതി വിവാദത്തില്‍ കുറ്റാരോപിതനാണ് ലീ. പത്ത് ദിവസത്തിനടകം ലീക്കുമേല് ചുമത്തിയിട്ടുള്ള കുറ്റം പ്രോസിക്യൂട്ടര്‍ വ്യക്തമാക്കണം. പത്ത് ദിവസത്തിനു ശേഷം ദിവസം കൂട്ടി ചോദിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ട്. കുറ്റം ചുമത്തിയ ശേഷം മൂന്നുമാസത്തിനകം കോടതി വിധി പറയും.
കഴിഞ്ഞ മാസം ഇതേ കേസില്‍ ലീയെ അറസ്റ്റ് ചെയ്യണമെന്ന പ്രോസിക്യൂഷന് ഹരജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ലീക്കെതിരേ പുതിയ ആരോപണംകൂടി ചേര്‍ത്ത് സമര്‍പ്പിച്ച ഹരജിയിലാണു കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."