ക്രിമിനലുകള്‍ക്ക് എങ്ങനെ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാകാന്‍ കഴിയുമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ക്രിമിനലുകള്‍ക്കും അഴിമതിക്കാര്‍ക്കും എങ്ങനെ രാഷ്ട്രീയ പാര്‍ട്ടിളുടെ നേതാവാകാന്‍ കഴിയുമെന്ന് സുപ്രിം കോടതി. ക്രിമിനലുകളും അഴിമതിക്കാരും രാഷ്ട്രീയ കക്ഷികളുടെ നേതാവാകുന്നതിനു പിന്നിലെ യുക്തി ചോദ്യംചെയ്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധിക്ക് കനത്ത പ്രഹരമാണെന്നും അഭിപ്രായപ്പെട്ടു.
ഒരുരാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതൃപദവിയില്‍ ക്രിമിനല്‍ ഇരിക്കുകയും തന്റെ പാര്‍ട്ടിയില്‍ നിന്ന് ആരൊക്കെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അദ്ദേഹത്തിന് ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമാണ് ജനാധിപത്യ സംവിധാനത്തിനുള്ള ഏറ്റവും മോശമായ കാര്യം.
ജനങ്ങള്‍ ആര്‍ക്ക് വോട്ട്ചെയ്യണമെന്ന് ഒരു ക്രിമിനല്‍ തീരുമാനിക്കുക എന്നത് ജനാധിപത്യത്തിന്റെ സത്തക്ക് എതിരാണ്.
ഒരുക്രിമിനല്‍ എങ്ങനെ ഒരു പാര്‍ട്ടിയുടെ പ്രധാനഭാരവാഹിയാകും?
ഇത് സംശുദ്ധ രാഷ്ട്രീയം എന്ന കാഴ്ചപ്പാടിനു വിരുദ്ധമാണ്- ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹിത്വത്തില്‍ വരുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."