റേഷന്‍ കടയടപ്പ് സമരം പിന്‍വലിച്ചു
കോഴിക്കോട്: റേഷന്‍ കടയുടമകള്‍ നാളെ നടത്താനിരുന്ന കടയടപ്പ് സമരത്തില്‍നിന്ന് പിന്‍മാറി. പ്രശ്‌നപരിഹാരത്തിന് 24 വരെ സമയം അനുവദിക്കണമെന്ന ആവശ്യം മന്ത്രിതലചര്‍ച്ചയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സമരത്തില്‍നിന്നു പിന്‍മാറിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതേസമയം 24 നുള്ളില്‍ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകാന്‍ കേരളാ സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീമാനിച്ചു. പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് അധ്യക്ഷനായി.
ഫൈസല്‍വധം: ആയുധം കണ്ടെടുത്തു; ഒരാള്‍കൂടി അറസ്റ്റില്‍
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ നടത്തിയ തെളിവെടുപ്പില്‍ കുത്താനുപയോഗിച്ച ആയുധം പൊലിസ് കണ്ടെടുത്തു. ആയുധം സൂക്ഷിച്ച സംഭവത്തില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനെക്കൂടി അറസ്റ്റ് ചെയ്തു. തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി പുതുശ്ശേരി വിഷ്ണുപ്രകാശ് (27) ആണ് ഇന്നലെ അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം പതിനാറായി.
ഫൈസലിന്റെ വയറിനു കുത്തിയശേഷം മുഖ്യപ്രതികളിലൊരാളായ ബിബിന്‍ നല്‍കിയ ചുരിക സൂക്ഷിച്ചുവെന്നതാണ് വിഷ്ണുപ്രകാശിനെതിരേയുള്ള കുറ്റം. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), സംഭവത്തിന്റെ പ്രധാന സൂത്രധാരനും ആര്‍.എസ്.എസിന്റെ തിരൂര്‍ താലൂക്ക് സഹകാര്യവാഹകുമായ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍ (47)എന്നിവരെ ഇന്നലെ അന്വേഷണസംഘം കൊടിഞ്ഞി പാലാപാര്‍ക്ക്, ഫൈസല്‍ കൊല്ലപ്പെട്ട ഫാറൂഖ്‌നഗര്‍, തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്‍.എസ്.എസ് സേവാ മന്ദിര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ചയാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. ഇന്നലെ മൂന്നുമണിയോടെയാണ് പ്രതികളെ കൊടിഞ്ഞിയില്‍ എത്തിച്ചത്. കൊടിഞ്ഞി പാലാ പാര്‍ക്കിനുസമീപം വാഹനം നിര്‍ത്തി നാരായണനെ ചോദ്യം ചെയ്തശേഷം ഫാറൂഖ്‌നഗറിലേക്ക് തിരിച്ചു. ഫൈസലിനെ തിരിച്ചറിയാന്‍ നാരായണന്‍ പാലാ പാര്‍ക്കിലും വന്നിരുന്നു. ഇവിടെവച്ച് നാരായണനെ കണ്ടതായി ദൃക്‌സാക്ഷികള്‍ വ്യാഴാഴ്ച നടന്ന പരേഡില്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാരായണനെ പാലാ പാര്‍ക്കില്‍ കൊണ്ടുവന്നത്.
വൈകിട്ട് മൂന്നോടെയാണ് തൃക്കണ്ടിയൂരില്‍ പൊലിസ് സംഘം എത്തിയത്. പ്രതികള്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി.
കൃത്യം നടത്തിയ ശേഷം ബിബിന്‍ അടക്കമുള്ള നാല് പ്രതികള്‍ എത്തിയത് തിരൂരിലെ സംഘ് മന്ദിറിലാണെന്ന് പ്രതികള്‍ പൊലിസില്‍ മൊഴി നല്‍കി.
രക്തക്കറ കഴുകിക്കളഞ്ഞതായും വസ്ത്രം തീയിട്ടു നശിപ്പിച്ചതായും അന്വേഷണ സംഘത്തോട് പ്രതികള്‍ പറഞ്ഞു. തുടര്‍ന്നാണ് ബിബിന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഫൈസലിന്റെ വയറിന് കുത്താന്‍ ഉപയോഗിച്ച കത്തി ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തത്. ബിബിന്റെ സ്വദേശമായ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ പടി വടക്കേപാടത്തു നിന്ന് വൈകിട്ട് ആറോടെയാണ് ആയുധം കണ്ടെടുത്തത്.
22 സെന്റീമീറ്റര്‍ നീളമുള്ള കത്തി പ്ലംബിങ് പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വിഷ്ണുപ്രസാദിന്റെ പങ്കും വെളിവായി.
ഇന്നേക്ക് തൊണ്ണൂറ് ദിവസം പൂര്‍ത്തിയാവുന്ന കേസില്‍ കൃത്യനിര്‍വഹണത്തില്‍ പങ്കെടുത്ത നാലുപേരെയും, ഗൂഡാലോചന നടത്തിയതിന് പത്തുപേരെയും, മുഖ്യപ്രതിക്ക് സംരക്ഷണം നല്‍കിയതിന് ഒരാളെയും, ആയുധം സൂക്ഷിച്ചതിന് ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുന്നതായും, പരാതികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതായും അന്വേഷണ സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."