വീണ്ടും പകയുടെ രഥധ്വനി
ഇരുപത്തെട്ടു വര്‍ഷം മുന്‍പ് ഇന്ത്യയുടെ മാറുപിളര്‍ത്തിപ്പാഞ്ഞ രഥധ്വനി ഭീതിയായി പതിനായിരങ്ങളുടെ മനസില്‍ പതിഞ്ഞു കിടപ്പുണ്ട്. കുരുക്ഷേത്ര യുദ്ധത്തിന്റെ സമാനമായ അന്തരീക്ഷമാണ് അന്ന് സംഘ്പരിവാര്‍ ശക്തികള്‍ പുനരവതരിപ്പിച്ചതെന്നുവേണം പറയാന്‍. മഹാഭാരതത്തില്‍ നീതിയുടെ തുലാസുമായി ശ്രീകൃഷ്ണനുണ്ടായിരുെന്നങ്കില്‍ ഇന്ന് അതിനുപകരം ക്രൗര്യം ഉറ്റുന്ന, വാക്കില്‍ വിഷം പൊതിഞ്ഞ, കൈയില്‍ രക്തക്കറ പുരണ്ട കറുത്ത ശക്തികളാണ് നായകസ്ഥാനത്ത്. അയോധ്യയില്‍ ശ്രീരാമക്ഷേത്രമെന്നത് രാഷ്ട്രീയക്കാരന്റെ സ്ഥിരം തെരഞ്ഞെടുപ്പ് വാഗ്ദാനം പോലെയായിരിക്കുന്നു. എന്തിനും ഏതിനും വിവാദ പ്രശ്‌നമായ അയോധ്യയെ ഉയര്‍ത്തിക്കാട്ടിയുള്ള നീക്കങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. ക്രോഡീകരിക്കപ്പെടുന്ന ജനസമൂഹത്തെ വാര്‍ത്തെടുത്ത് ഉള്ളില്‍ പകയുടെ കൊള്ളിവയ്ക്കാന്‍ മാത്രമേ അത് പര്യാപ്തമാകൂ എന്ന് അറിയാത്തവരാണ് പിന്നിലെന്ന് വിശ്വസിക്കുകവയ്യ.
1990 സെപ്റ്റംബര്‍ 12
ഇന്ന് സംഘ്പരിവാര്‍ ശക്തികള്‍ പ്രഖ്യാപിച്ചിരിക്കുന്ന രഥയാത്രയ്ക്ക് സമാനമായി 1990 സെപ്റ്റംബര്‍ 12ന് അന്നത്തെ ബി.ജെ.പി പ്രസിഡന്റ് എല്‍.കെ. അദ്വാനി ഒരു രഥയാത്ര പ്രഖ്യാപിച്ചു. ഇന്നത്തെ ഇന്ത്യയുടെ മാറ്റത്തിലേക്ക് നയിച്ച കാല്‍വയ്പായാണ് അത് വിവക്ഷിക്കപ്പെടുന്നത്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലെ രാമജന്‍മഭൂമിയെന്ന അയോധ്യയിലേക്കായിരുന്നു രഥപ്രയാണം. ബാബരി മസ്ജിദ് നിലകൊള്ളുന്ന സ്ഥലത്ത് ഭൂമുഖത്തെ ഏറ്റവും വലിയ ക്ഷേത്രം പണിയുമെന്നും പ്രഖ്യാപനമുണ്ടായി.
അദ്വാനി മുന്നില്‍ നിന്ന് രഥയാത്ര നയിച്ചെങ്കിലും അതിന്റെ ശക്തി മുഴുവന്‍ ആവാഹിച്ചത് അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രഥയാത്രയുടെ അമരക്കാരനുമായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്രം മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും അവകാശം ഹിന്ദുക്കള്‍ക്ക് നിഷേധിക്കപ്പെടുന്നതായും ആക്രോശങ്ങളുയര്‍ന്നു. അത് ആയിരക്കണക്കിന് കര്‍സേവകര്‍ ക്ഷേത്രനിര്‍മാണാര്‍ഥം അയോധ്യയില്‍ ഒത്തുചേര്‍ന്നു. സുരക്ഷാചുമതലയുണ്ടായിരുന്ന അര്‍ധ സൈനിക വിഭാഗവും പൊലിസും അവരെ നേരിട്ടു. 20 കര്‍സേവകര്‍ കൊല്ലപ്പെട്ടു. ഇത് ഉത്തര്‍പ്രദേശിലാകെ ലഹളയായി മാറി.
91ലെ തെരഞ്ഞെടുപ്പും 92ലെ പാഠവും
തുടര്‍ന്ന് 1991ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ അയോധ്യയുടെ ബലത്തില്‍ ബി.ജെ.പി വോട്ട് ഇരട്ടിപ്പിച്ചു. ആകെ വോട്ടിന്റെ നാലിലൊന്നായി അതുമാറി. ഒപ്പം ഹിന്ദി മേഖലവിട്ട് ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുകയറ്റവും സാധ്യമാക്കി.
അതോടൊപ്പം, പരിവാര്‍ സംഘടനകള്‍ ബാബരി മസ്ജിദിനുമുകളില്‍ അവസാന ആണി അടിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയി. 1992ല്‍ വിശ്വഹിന്ദു പരിഷത്ത് ഒരു പ്രഖ്യാപനം നടത്തി. രാമക്ഷേത്രത്തിന്റെ കല്ലിടീല്‍ കര്‍മം ഡിസംബര്‍ ആറിനു നടക്കുമെന്നായിരുന്നു അത്. സ്വയം സന്നദ്ധരായ കര്‍മോത്സുകരായ ആയിരക്കണക്കിനു കര്‍സേവകരെ അവര്‍ ഇതിനായി അയോധ്യയിലെത്തിച്ചു.
അന്ന് രാവിലെ, രഥയാത്ര നയിച്ച് താരമായ എല്‍.കെ അദ്വാനി, ഡോ. മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ ആക്രോശവും വിഷം വമിക്കുന്നതുമായ പ്രസംഗം നടത്തി. ഉത്സാഹവും ആവേശവും രക്തത്തിളപ്പും ഉണ്ടായ കര്‍സേവകരുടെ കൈതരിച്ചു. ഉച്ച തിരിഞ്ഞതോടെ തിരമാലകണക്കേ കര്‍സേവകര്‍ ബാബരി മസ്ജിദിലേക്ക് തള്ളിക്കയറി. അതിന്റെ മിനാരത്തിന് മുകളില്‍ കൊടി ഉയര്‍ത്തി.
ചാവേറുകളെപോലെ ഇരമ്പിയടുത്ത കര്‍സേവകരെ കണ്ട് പൊലിസുകാര്‍ ഊളിയിട്ടു വൈകുന്നേരം അഞ്ചോടെ മസ്ജിദ് തവിടുപൊടിയാക്കി. പകരം അവിടെ താല്‍ക്കാലിക ക്ഷേത്ര ശ്രീകോവിലും ശ്രീരാമവിഗ്രഹവും പ്രതിഷ്ഠിക്കപ്പെട്ടു. 28 വര്‍ഷമായി ഈ വിഗ്രഹവും താല്‍ക്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലും അയോധ്യയിലെ ബാബരി മസ്ജിദിന്റെ സ്ഥാനത്ത് നിലനില്‍ക്കുന്നു.
നാഡിയിലേറ്റ മുറിവ്
നിയമവാഴ്ചയും ജനാധിപത്യവും വാഴുന്ന ഒരു നാടിനും ജനതയ്ക്കും ഭൂഷണമായിരുന്നില്ല ഈ സംഭവം. സുപ്രിംകോടതിയിലെ ഇന്നത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അന്ന് സുപ്രിംകോടതിയുടെ അടിയന്തര സിറ്റിങില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരാവുകയും അപമാനഭാരത്താല്‍ താന്‍ തല കുനിക്കുന്നതായി ബോധിപ്പിക്കുന്നതും കണ്ടു. കല്യാണ്‍സിങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ തുടര്‍ന്ന് പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. തര്‍ക്കസ്ഥലം നിയമസഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്തു.
ഇന്ത്യയുടെ നാഡി ഞരമ്പുകള്‍ക്കേറ്റ മുറിവായാണ് ഇന്നും അയോധ്യയിലെ സംഭവങ്ങളെ വിലയിരുത്തുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളെ മുറുകെപിടിക്കുന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിനും ലക്ഷ്യങ്ങള്‍ക്കും നേരേയുള്ള കത്തിയേറായിരുന്നു അത്.
ഉത്തരംതേടി രാഷ്ട്രപതി
അയോധ്യയില്‍ തര്‍ക്കം മുറുകവേ രാഷ്ട്രപതി സുപ്രിംകോടതിയോട് ഉപദേശം തേടി. ഭരണഘടനാ പ്രകാരമുള്ള രാഷ്ട്രപതിയുടെ ചോദ്യം രാമജന്‍മഭൂമി-ബാബരി മസ്ജിദ് തര്‍ക്ക സ്ഥലത്ത് ബാബരി മസ്ജിദ് പണിയുന്നതിനു മുന്‍പ് ക്ഷേത്രമോ ഹൈന്ദവ ആചാര ഭാഗമായ കെട്ടിടങ്ങളോ നിലനിന്നിരുന്നോ എന്നായിരുന്നു.
മറ്റ് നിരവധി ചോദ്യങ്ങളും രാഷ്ട്രപതി സുപ്രിംകോടതിയുടെ ഉപദേശത്തിനായി സമര്‍പ്പിച്ചെങ്കിലും നിരവധി കാരണങ്ങള്‍ നിരത്തി സുപ്രിംകോടതി ഉത്തരം നല്‍കുന്നതില്‍ വിമുഖത കാട്ടി. അതിനു കാരണമായി സുപ്രിംകോടതി പറഞ്ഞത് ജസ്റ്റിസ് ബറൂച്ചയുടെ വാക്കുകളിലുണ്ട്. അയോധ്യ ഒരു കൊടുങ്കാറ്റാണ്. അതിന്റെ പേരില്‍ സുപ്രിംകോടതിയുടെ അന്തസും ആഭിജാത്യവും കളഞ്ഞുകുളിക്കാനാവില്ല.
സുപ്രിംകോടതി ഇടപെടുന്നു
1994ല്‍ 1993ലെ സ്ഥിതി തുടരാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. വിഗ്രഹപ്രതിഷ്ഠയും ആരാധനയും തുടരാന്‍ ഇത് കാരണമായി. 2010 സെപ്റ്റംബറില്‍ സുന്നി വഖ്ഫ് ബോര്‍ഡിനും നിര്‍മോഹി അഖാരയ്ക്കും രാംലാലയുടെ ചുമതലക്കാര്‍ക്കുമായി 68 ഏക്കറോളം വരുന്ന ഭൂമി അലഹാബാദ് ഹൈക്കോടതി വീതിച്ചെങ്കിലും മൂവരും അതെതിര്‍ത്തു.
തുടര്‍ന്ന് അയോധ്യ നിയമപ്രകാരം ഏറ്റെടുത്തിരിക്കുന്ന ഭൂമിയില്‍ ഭൂമി പൂജയ്‌ക്കോ ശിലാ പൂജയ്‌ക്കോ മറ്റ് മത പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതിയുടെ വിലക്കുവന്നു.
രഥചക്രമുരുട്ടിയ നരേന്ദ്രമോദി 2014ല്‍ പ്രധാനമന്ത്രി പദത്തിലെത്തി. ക്ഷേത്രം പണിയുക എന്ന വാഗ്ദാനമുയര്‍ത്തിയിരുെന്നങ്കിലും അത് അത്ര എളുപ്പമല്ലെന്ന് മനസിലായതോടെ അഭിപ്രായ സമന്വയത്തിന് ശ്രമമായി. അത് നടക്കില്ലെന്നായതോടെ കോടതിയുടെ ഉത്തരവിന് കാത്തു.
2017 മാര്‍ച്ചില്‍ അയോധ്യയില്‍ എത്രയും വേഗം വിധിയുണ്ടാകണമെന്നഭ്യര്‍ഥിച്ച് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജി കോടതി തള്ളി. എങ്കിലും 2017 ജൂലൈയില്‍ ഹരജികള്‍ ലിസ്റ്റ് ചെയ്യാന്‍ കോടതി സമ്മതിച്ചു. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന്, ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷികത്തലേന്ന്, കേസ് ലിസ്റ്റ് ചെയ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലാണ് കേസ് പരിഗണിക്കുന്നത്. 2018 ഒക്ടോബറില്‍ പിരിയുന്നതിനു മുന്‍പേ പ്രമാദമായ കേസില്‍ വിധിപറയാന്‍ ഒരുങ്ങുകയാണ് മിശ്ര. 2019ല്‍ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ വിധി എന്തുതന്നെയായാലും അത് ഇന്ത്യയുടെ സാമൂഹ്യജീവിതത്തില്‍ നിഴല്‍ വീഴ്ത്തും. ഭരണകക്ഷി അതിന്റെ ആനുകൂല്യം പറ്റുകയും ചെയ്യും.
ഉരുളു രഥചക്രം
സുപ്രിംകോടതി കേസ് പരിഗണിക്കാനിരിക്കേയാണ് സംഘ്പരിവാറിന്റെ അടുത്ത രഥയാത്ര. ഇത്തവണ ഹിന്ദി കേന്ദ്രീകൃത മേഖലകള്‍ വിട്ട് ദക്ഷിണേന്ത്യയുടെ മാറിലേക്കാണ് അതിന്റെ കനല്‍ചക്രങ്ങള്‍ എത്തുന്നത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. അവിടെയൊക്കെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണല്ലോ.
തീവ്രവാദ പാര്‍ട്ടികളേക്കാള്‍ വേഗം തിരികൊളുത്താന്‍ കഴിയുന്ന തരത്തിലേക്ക് കേരളത്തിലെ സി.പി.എം മാറിയതും അവര്‍ കാണാതിരിക്കുന്നില്ല. ഇവിടെ വര്‍ഗീയ സംഘര്‍ഷം വേണ്ട, വര്‍ഗ സംഘര്‍ഷമെങ്കിലും ഉണ്ടാകുന്നത് ആ പാര്‍ട്ടിക്ക് അടിത്തറ ശക്തമാക്കും.
പിണറായി മറ്റൊരു ലാലുപ്രസാദ് ആകുമോ എന്നതും കാത്തിരുന്ന് കാണേണ്ടതു തെന്നയാണ്. രഥചക്രം ഉരുണ്ടു നീങ്ങുമ്പോള്‍ പിന്നാലെ ചോരച്ചാലുകള്‍ ഒഴുകുന്നതായിരുന്നു രണ്ടുപതിറ്റാണ്ടിനപ്പുറം കണ്ടത്.
ഇതില്‍ പരിതപിക്കുന്നതിനപ്പുറം വ്യവസ്ഥാപിതമായ രീതിയില്‍ നിയമാനുസൃതമായ വിധികളിലൂടെ സാമൂഹ്യ വിപത്തിനെതിരേ നിലകൊള്ളാനുള്ള ആര്‍ജവമാണ് ജനത കാംക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."