സുബൈദ വധം: നാലാംപ്രതി കോടതിയില്‍ കീഴടങ്ങി
കാസര്‍കോട്: പെരിയ വില്ലാരംപതിക്കടുത്ത ചെക്കിപ്പള്ളയിലെ സുബൈദ(60)യെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി മാന്യയിലെ ഹര്‍ഷാദ് (30) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുന്‍പാകെ കീഴടങ്ങി. അഭിഭാഷകന് മുഖേനയാണ് ഹര്‍ഷാദ് കോടതിയില്‍ കീഴടങ്ങിയത്. സംഭവത്തില്‍ കാസര്‍കോട് പട്ല കുതിരപ്പാടി സ്വദേശി ബാവ അസീസ്, അബ്ദുല്‍ ഖാദര്‍ എന്നിവരെ ഈമാസം രണ്ടിന് പൊലിസ് അറസ്റ്റു ചെയ്തിരുന്നു. മുഖ്യ പ്രതിയായ സുള്ള്യ അജ്ജാവര ഗുളുമ്പ ഹൗസിലെ അസീസ് കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായിരുന്നു. സുള്ള്യ - മടിക്കേരി പാതക്കരികിലെ അറന്തോട് വനത്തില്‍ വച്ച് കാസര്‍കോട് സി.ഐ.റഹീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം മല്‍പ്പിടിത്തത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നാലാം പ്രതി ഹര്‍ഷാദിന് വേണ്ടി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കോടതിയില്‍ കീഴടങ്ങിയത്.
കഴിഞ്ഞ മാസം 19 നാണു ചെക്കിപ്പള്ളയിലെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സുബൈദയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സുബൈദയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഇവരുടെ ദേഹത്തുണ്ടായിരുന്ന അഞ്ചരപവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നതായി കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."