ജി.എസ്.ടി: കരട് നഷ്ടപരിഹാര ബില്ലിന് അംഗീകാരം
ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം നികത്തുന്നതിനുള്ള നഷ്ടപരിഹാര നിയമത്തിന്റെ കരട് രൂപത്തിന് അംഗീകാരം. ഇന്നലെ രാജസ്ഥാനിലെ ഉദയ്പൂരില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 10ാമത് ജി.എസ്.ടി ഉന്നതാധികാര സമിതി യോഗമാണ് ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയത്. ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ കുറവു വരുന്ന നികുതിയുടെ ഗുണം ഉപഭോക്താവിന് ലഭിക്കുന്ന തരത്തില്‍ സുതാര്യമായ സംവിധാനം അഖിലേന്ത്യാ തലത്തില്‍ ഉണ്ടാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. ജി.എസ്.ടി നടപ്പാക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളില്‍ പൂര്‍ണമായി സമവായത്തിലെത്തുകയായിരുന്നു ഇന്നലെ നടന്ന യോഗത്തിന്റെ ലക്ഷ്യം. കഴിഞ്ഞമാസം നടന്ന അവസാന യോഗത്തില്‍ പ്രധാന തര്‍ക്ക വിഷയങ്ങളിലൊക്കെയും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.
കേന്ദ്ര ജി.എസ്.ടി, സംസ്ഥാന ജി.എസ്.ടി, ഇന്റഗ്രേറ്റഡ് ജി.എസ്.ടി നിയമങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി അടുത്തമാസം നാല്, അഞ്ച് തിയ്യതികളില്‍ ഉന്നതാധികാര സമിതി വീണ്ടും യോഗം ചേരും. അവശേഷിക്കുന്ന എല്ലാ വിഷയങ്ങളിലും ഈ യോഗത്തില്‍ പരിഹാരമുണ്ടാവുമെന്നു അരുണ്‍ ജയ്റ്റിലി വ്യക്തമാക്കി. യോഗത്തില്‍ കരട് നിയമത്തിന് അംഗീകാരം ലഭിച്ചാല്‍ മാര്‍ച്ച് ഒമ്പതിന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംസെഷനില്‍ ബില്ല് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."