മണിപ്പൂരിലെ വെടിയൊച്ചകള്‍
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. അഴിമതിക്കും തീവ്രവാദത്തിനും പേരുകേട്ട പ്രദേശങ്ങള്‍. എക്കാലത്തും അഴിമതിയെ വലിയ രീതിയില്‍ പിന്തുണച്ച ഭരണാധികാരികള്‍. എക്കാലത്തും നല്ല വര്‍ത്തമാനങ്ങള്‍ ഈ പ്രദേശത്തുനിന്ന് ഉണ്ടായിട്ടില്ല. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവങ്ങളെക്കുറിച്ചുള്ള വിവരണങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാറുമില്ല.
കഴിഞ്ഞ രണ്ടു മാസത്തിലധികമായി മണിപ്പൂരില്‍ തുടരുന്ന ബ്ലോക്കെയ്ഡ് (ആവശ്യ സാധനങ്ങള്‍ വഴിയില്‍ തടസമുണ്ടാക്കി തടഞ്ഞുവയ്ക്കല്‍) സംസ്ഥാനത്തല്ലാതെ രാജ്യത്തൊരിടത്തും ചര്‍ച്ചയായിട്ടില്ല. മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, അസം, സിക്കിം, ത്രിപുര, മേഘാലയ തുടങ്ങിയ ഏഴു ചെറിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന യഥാര്‍ഥ സംഭവങ്ങള്‍ ഇന്നും പുറംലോകമറിയാറുമില്ല.
മണിപ്പൂര്‍. എന്നും പ്രക്ഷുബ്ധമായ സംസ്ഥാനം. ഇവിടെ അഴിമതി കൊടുകുത്തി വാഴുന്നു. സംസ്ഥാന സര്‍ക്കാരിനൊപ്പം സമാന്തര നികുതി പിരിവു സംഘങ്ങളും സജീവം. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെപ്പോലെ അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളും ഭരണം നടത്തുന്നു. ആരാണ് അണ്ടര്‍ഗ്രൗണ്ട്, ആരാണ് ഓവര്‍ഗ്രൗണ്ട് എന്നു തിരിച്ചറിയില്ല. മണിപ്പൂര്‍ ഇന്നും അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്. 1972ല്‍ ഇന്ത്യാ രാജ്യത്തോടു ചേര്‍ക്കപ്പെട്ട അന്നുമുതല്‍ തുടങ്ങിയതാണ് ഇവിടുത്തെ കലാപങ്ങള്‍. ഈ കലാപങ്ങളെ അമര്‍ച്ച ചെയ്യാനാണ് 1980ല്‍ പട്ടാളത്തിനു പ്രത്യേകാധികാരം നല്‍കുന്നAFSPA (Armed Force Special Protection Act)േ നിയമം നടപ്പാക്കാന്‍ തുടങ്ങിയത്. അതോടെ ഈ നാടിന്റെ ഗതി അധോഗതിയിലായി. പട്ടാളത്തിനു ലഭിച്ച അമിതാധികാരം ഒരു ജനസമൂഹത്തെ ഏതു വിധേനയാണ് ബാധിച്ചത് എന്ന് അന്വേഷിക്കുക. അപ്പോഴറിയാം ഇപ്പോഴും തുടരുന്ന ബ്ലോക്കേഡുകളുടെയും സമാന്തര പിരിവു സംഘങ്ങളുടെയും ഇന്നും ക്ലച്ച് പിടിക്കാത്ത സമരങ്ങളുടെയും വിവരങ്ങള്‍.
സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉണ്ടെങ്കിലും സൈന്യത്തിനു പ്രത്യേകാധികാരം ഉണ്ട്. ആരെയും എപ്പോഴും അറസ്റ്റ് ചെയ്യാം, ചോദ്യം ചെയ്യാം, വെടിവച്ചു കൊല്ലാം. കശ്മിരിനേക്കാള്‍ കൂടുതല്‍ സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ ഇന്നും തുടരുന്ന പ്രദേശമാണ് മണിപ്പൂര്‍. അവിടെ നിന്നെല്ലാം വാര്‍ത്തകളുണ്ട്. എന്നാല്‍ ഇവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും വിവരങ്ങള്‍ അടുത്തറിയണമെങ്കില്‍ മണിപ്പൂരിലെത്താതെ മാര്‍ഗങ്ങളില്ല.
മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും സൈന്യത്തിന്റെ അമിതാധികാര വിനിയോഗത്തെക്കുറിച്ചുമൊക്കെ ലോകം അറിയുന്നത് ഇറോം ഷര്‍മിള എന്ന സമരനായികയിലൂടെയാണ്. മണിപ്പൂരിലെ പട്ടാളത്തിനു നല്‍കിയ അമിതാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അവര്‍ നടത്തിയ 16 വര്‍ഷം നീണ്ട ഉപവാസ സമരത്തിലൂടെയാണ് മണിപ്പൂരിന്റെ യഥാര്‍ഥ ചിത്രം ലോകം അറിഞ്ഞത്.
സമര ശേഷം മണിപ്പൂര്‍
ഇറോം ഷര്‍മിള സമരം തുടങ്ങിയ 16 വര്‍ഷത്തിനു മുന്‍പുള്ള സ്ഥിതിയില്‍ നിന്നു ഇപ്പോള്‍ എന്തു മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് ഉത്തരം വഴിമുട്ടുക. ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നു വിലയിരുത്തിയാല്‍ അതു ചരിത്രനിഷേധമാവും. എന്നാല്‍ എന്തു മാറ്റമാണിവിടെ വന്നത് എന്നു പറയേണ്ടേ? ഇതു പറയാന്‍ ഇവിടെ ആരുമില്ല. ഷര്‍മിളക്കുപോലും ഇതിന് ഉത്തരവുമില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണാധികാരികള്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ വര്‍ഷാവര്‍ഷം അനുവദിക്കുന്ന കോടിക്കണക്കിനു രൂപ കൊണ്ട് ഒരു വികസനവും നടത്താതെ കൈയിട്ടുവാരുന്നു. ഇതില്‍ നിന്ന് ഈ ജനതയെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഇറോം ഷര്‍മിളയും സംഘവും.
എന്നാല്‍, ഇവര്‍ക്ക് അനുകൂലമായ ഒരു ചിത്രവും മണിപ്പൂര്‍ നല്‍കുന്നില്ല. വര്‍ഷങ്ങളായി രണ്ടു നികുതി കൊടുക്കുന്നവര്‍ ഇതിനോട് ഐക്യപ്പെട്ടു. ഒരു ലിറ്റര്‍ പെട്രോളിന് കരിഞ്ചന്തയില്‍ 300 രൂപ നല്‍കുന്ന, ദിവസങ്ങളോളം തുടരുന്ന ബ്ലോക്കേഡുകളില്‍ തെല്ലും ആശങ്കയില്ലാതെ ഈ മനുഷ്യര്‍ ഗതികെട്ടിട്ടാണെങ്കിലും പൊരുത്തപ്പെട്ടു കഴിയുന്നു.
കണക്കുകളില്ലാത്ത കുറ്റകൃത്യങ്ങള്‍
1980ല്‍ അഎടജഅ നിയമം നടപ്പാക്കിയ ശേഷം ഇവിടെ വേലിതന്നെ വിളവുതിന്നുകയായിരുന്നു. അതുകൊണ്ടുതന്നെ സൈനിക അത്രികമങ്ങള്‍, ബലാത്സംഗങ്ങള്‍, ഏറ്റുമുട്ടല്‍ കൊലകള്‍, തട്ടിക്കൊണ്ടുപോയുള്ള വിലപേശലുകള്‍ എന്നിവയെക്കുറിച്ചൊന്നും കണക്കുകള്‍ ലഭ്യമല്ല. വെടിവയ്പും ബോംബേറും ബലാത്സംഗവുമൊക്കെ നിത്യമായ ഇവിടെ മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമൊക്കെ ആശങ്കയില്‍ തന്നെയാണ്.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ മനസിരുത്തിയാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഇവിടെയുള്ളൂ. പക്ഷെ, പ്രശ്‌നപരിഹാരം ഇന്നും അകലെയാണ്. മണിപ്പൂര്‍ സ്ത്രീ സമരചരിത്രങ്ങളുടെ പാരമ്പര്യമുള്ള നാടാണ്. എന്നാലിന്ന് ഒരു രംഗത്തും സ്ത്രീ സാന്നിധ്യം ഇല്ല. ഇറോം ഷര്‍മിളയുടെ സമരം അവസാനിച്ചതോടെ (സമരത്തെ മനോഹരമായി പരിചയപ്പെടുത്തി എന്നു ചിലര്‍) ശേഷിച്ചിരുന്ന ഭയവും ഇല്ലാതായി. സമരകാലത്തുണ്ടായിരുന്ന ഷര്‍മിളയില്‍ നിന്ന് സമരത്തിനു ശേഷമുള്ള ഷര്‍മിളയിലേക്കുള്ള ദൂരം വളരെ നേര്‍ത്തതായി മാറിക്കഴിഞ്ഞു. ഈ നേര്‍ത്ത രേഖ ഇല്ലാതാകാന്‍ ഇനി അധികസമയം വേണ്ടെന്ന് ഇവിടത്തുകാര്‍ നിരീക്ഷിക്കുന്നു.
കലാപഭൂമിയിലെ സമാന്തര സര്‍ക്കാരുകള്‍
ഇന്നും മണിപ്പൂര്‍ കലാപഭൂമിയാണ്. മാധ്യമങ്ങളെ കൂച്ചുവിലങ്ങണിയിച്ചിട്ട് വര്‍ഷങ്ങളായി. സര്‍ക്കാരിന് അനുകൂലമായി എഴുതിയാല്‍ തീവ്രവാദികള്‍ രംഗത്തിറങ്ങും. ഏതെങ്കിലും ഒരു തീവ്രവാദി ഗ്രൂപ്പിനു ഗുണം കിട്ടുന്ന രീതിയില്‍ വാര്‍ത്ത വന്നാല്‍ ആ പത്രത്തിന്റെ പണി മറ്റെ ഗ്രൂപ്പുകള്‍ ഏറ്റെടുക്കും. എന്തിനധികം ഷര്‍മിളക്ക് അനുകൂലമായി പോലും എഴുതാന്‍ ഭയമാണ് മാധ്യമങ്ങള്‍ക്ക്.
ഇറോം ഷര്‍മിളയുടെ സമരത്തെക്കുറിച്ച് കൂടുതല്‍ എഴുതിയത് മണിപ്പൂരി പത്രങ്ങള്‍ ആണെന്ന് ആരെങ്കിലും പറയുമോ? ഇപ്പോള്‍ ഇറോം പറയുന്നത് ഇതാണ്; മാധ്യമങ്ങള്‍ എന്നെ സഹായിക്കുന്നില്ല. എന്റെ രാഷ്ട്രീയം മുതല്‍ എന്റെ നിലപാടുകള്‍ വരെ ഇവിടെ ചര്‍ച്ചയാകുന്നില്ല. ഇവര്‍ ആരെയാണു ഭയക്കുന്നത് എന്ന് ഷര്‍മിള ചോദിക്കുമ്പോഴും ഉത്തരം അവര്‍ തന്നെ നല്‍കുന്നതായി മനസിലാക്കാന്‍ പ്രയാസമില്ല.
മണിപ്പൂര്‍ ഭരണം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈയിലാണെങ്കിലും സമാന്തര ഭരണം നടത്തുന്നത് അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളാണ്. ഇംഫാല്‍ പട്ടണത്തില്‍ മാത്രം 50ലധികം വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളാണുള്ളത്. ഇവരുടെ കണ്ണികള്‍ സംസ്ഥാനത്തു മുഴുവന്‍ വ്യാപിച്ചിട്ടുണ്ട്. ടാക്‌സി വാഹനത്തില്‍ കയറി പട്ടണം വിട്ട് ഉള്‍പ്രദേശങ്ങളിലേക്കു പോയാല്‍ നിരവധി പിരിവു സംഘങ്ങള്‍ക്ക് ചുങ്കം നല്‍കേണ്ടി വരും.
പട്ടാളവും സൈന്യവും ഇവര്‍ക്കു പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നു. അതിനാല്‍ എല്ലാ എതിര്‍പ്പുകളെയും ഇക്കൂട്ടര്‍ അതിജീവിക്കുന്നു. കച്ചവടക്കാര്‍ക്കു പുറമെ സര്‍ക്കാര്‍ ജീവനക്കാരും മാസശമ്പളത്തില്‍ നിന്ന് ഒരംശം അണ്ടര്‍ഗ്രൗണ്ടുകള്‍ക്ക് മാറ്റിവയ്ക്കുന്നു. ഇതു രാജ്യത്ത് മണിപ്പൂരിന്റെ മാത്രം ദുര്യോഗമാണ്. മുപ്പതു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ളതില്‍ 40 ശതമാനം താഴ്‌വരയിലും 60 ശതമാനം കുന്നിന്‍പ്രദേശങ്ങളിലുമാണ് ഇപ്പോഴും കഴിയുന്നത്. നാഗന്മാര്‍ക്കും കുക്കികള്‍ക്കും ഭൂരിപക്ഷമുള്ള കുന്നിന്‍പ്രദേശങ്ങള്‍ എന്നും അസ്വസ്ഥതകളുടെ വിളഭൂമിയാണ്.
അശാന്തിയുടെ വിത്തുകള്‍
1972ല്‍ ഇന്ത്യയുടെ ഭാഗമായി മണിപ്പൂര്‍ മാറിയെങ്കിലും 1958 മുതല്‍ ഗോത്ര ജനതയില്‍പ്പെട്ടവര്‍ തങ്ങള്‍ക്കു മാത്രമായി ഒരു ഭൂപ്രദേശവും ഭരണസംവിധാനവും വേണമെന്ന ആവശ്യമുയര്‍ത്തിയിരുന്നു. 1963ല്‍ അസമിന്റെ ഭാഗമായിരുന്ന നാഗാകുന്നുകളെ ചേര്‍ത്തു സ്വതന്ത്ര സംസ്ഥാനമായി ഭരണകൂടം അംഗീകരിച്ചു.
അപ്പോഴും മണിപ്പൂര്‍ കേന്ദ്രഭരണത്തിനു കീഴിലായിരുന്നു. നാഗാലാന്റ് എന്ന മറ്റൊരു സംസ്ഥാനം അടുത്തുള്ളതുകൊണ്ട് നാഗന്മാര്‍ക്കു മാത്രമായി പിന്നീടൊരു പ്രദേശം എന്നത് ആരും അംഗീകരിച്ചില്ല. എന്നാല്‍ മണിപ്പൂരിന് ഉള്ളിലുള്ള നാഗന്മാര്‍ ആവശ്യത്തില്‍ നിന്നു പിന്മാറാന്‍ തയാറായില്ല. അതിന്റെ തുടര്‍ച്ചയാണിപ്പോഴും തുടരുന്ന കലാപങ്ങള്‍.
മണിപ്പൂരികളുടെ സ്വതന്ത്രാവകാശം പോലെ തങ്ങള്‍ക്കും സ്വതന്ത്രാവകാശവും സ്വയംഭരണവും എന്ന തത്വത്തില്‍ ഉറച്ചുനിന്നതോടെ കുന്നിന്‍പ്രദേശങ്ങള്‍ നാഗാ തീവ്രവാദികളുടെ അധീനതയിലായി. ഭരണകൂടങ്ങളുടെ മൗനാനുവാദം ഇവര്‍ക്കു തുണയായി. ഏറ്റവും ഒടുവില്‍ നാഗന്മാര്‍ നടത്തുന്ന ബ്ലോക്കേഡുകളില്‍ കുടുങ്ങി ജനം പട്ടിണി കിടക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നോക്കുകുത്തികളാവുകയാണ്. ഇതു നാഗന്മാരുടെ സാമ്പത്തിക-ആയുധ സ്രോതസുകള്‍ അറിയുന്നതു കൊണ്ടുമാത്രമാണ്.
അതിര്‍ത്തി കടന്ന് തീവ്രവാദം
മ്യാന്‍മറുമായി (ബര്‍മ) അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരിലേക്ക് ആവശ്യമായ തീവ്രവാദവും ആയുധങ്ങളും മദ്യവും പണവും യഥേഷ്ടം എത്തിക്കാന്‍ വിപുലമായ ഒരു ശൃംഖല കുന്നുകളില്‍ തമ്പടിച്ചിരിക്കുന്നു. ഇംഫാല്‍ പട്ടണത്തില്‍ നിന്ന് അതിര്‍ത്തി പ്രദേശമായ മൊറെ വരെ സഞ്ചരിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
സ്വതന്ത്രമായാണ് അന്യരാജ്യത്തുനിന്ന് ഇങ്ങോട്ടുള്ള വഴികളിലൂടെ തീവ്രവാദവും വിഘടനവാദവും ഒഴുകിയെത്തുന്നത്. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈന്യത്തിന്റെയും ഇന്തോ-ബര്‍മന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈന്യത്തിന്റെയും നിലപാടുകള്‍ വ്യത്യസ്തത പുലര്‍ത്തുന്നതു കാണാന്‍ ഇവിടെ വലിയ പ്രയാസമില്ല.
നാഗാകുന്നുകളില്‍ കാവല്‍ നില്‍ക്കുന്ന വിഘടനവാദികളുടെ കണ്ണില്‍പ്പെടാതെ മണിപ്പൂരിലേക്ക് ഈച്ചപോലും കടക്കില്ല. അവര്‍ തങ്ങളുടെ ആവശ്യം നേടിയെടുക്കാനായി എക്കാലത്തും ഏറ്റുമുട്ടലുകള്‍ക്ക് തയാറാവുന്നു. ഒന്‍പതു ജില്ലകള്‍ മാത്രം ഉണ്ടായിരുന്ന മണിപ്പൂരില്‍ ഏഴു ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഇക്രോം ഇബൂബി സിങ് വരാന്‍ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പിനു തയാറാവുന്നത്.
എന്നാല്‍ പുതിയ ജില്ലാ പ്രഖ്യാപനവും രൂപീകരണവും നാഗന്മാര്‍ അംഗീകരിക്കുന്നില്ല. തങ്ങളുടെ മേഖലകള്‍ ചേര്‍ത്തു ജില്ല രൂപീകരിക്കുമ്പോള്‍ പുതിയ അധികാരിവര്‍ഗം രൂപപ്പെടുമെന്ന് അവര്‍ ഭയക്കുന്നതായി ഇബൂബി സിങ് പറയുന്നു. ഈ തീരുമാനത്തിനെതിരേ സമരം നടത്തിയ യുനൈറ്റഡ് നാഗാ കൗണ്‍സിലിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുകയാണിപ്പോള്‍. ഇവരെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് നാഗാ വിഘടനവാദികള്‍ ബ്ലോക്കേഡ് സൃഷ്ടിച്ചിരിക്കുന്നത്.
അവസാനിക്കാതെ ബ്ലോക്കേഡ്
നവംബര്‍ ഒന്നിന് ആരംഭിച്ച ബ്ലോക്കേഡ് ഇപ്പോഴും തുടരുകയാണ്. തലസ്ഥാനമായ ഇംഫാലില്‍ അവശ്യവസ്തുക്കള്‍ക്ക് തീപിടിച്ച വിലയാണ്. എല്ലാം ലഭിക്കുന്നതു കരിഞ്ചന്തയിലാണ്. പെട്രോള്‍ പമ്പുകള്‍ക്കു മുന്നിലിരുന്ന് സ്ത്രീകള്‍ ഓരോ ലിറ്ററുകളുടെ കുപ്പികളിലാക്കി പെട്രോള്‍ വില്‍ക്കുന്നത് 300 രൂപക്കാണ്. നാഗന്മാരോട് സമരം പിന്‍വലിക്കാന്‍ യുനൈറ്റഡ് കമ്മിറ്റി ഓഫ് മണിപ്പൂര്‍ എന്ന കൂട്ടായ്മ അന്ത്യശാസന നല്‍കിയിരുന്നു.
എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ നാഗന്മാര്‍ തയാറല്ല. ഇതിനിടയില്‍ സ്‌ഫോടനങ്ങളിലും വെടിവയ്പിലും സൈനികരും പൊലിസും തീവ്രവാദികളും മരിച്ചുവീഴുന്നു. ഒരു വാര്‍ത്തയും ഇംഫാലിനപ്പുറം കടന്നിട്ടില്ല. ഈ കുറിപ്പ് എഴുതുമ്പോഴാണ് രണ്ടു പൊലിസുകാരെ നാഗാ തീവ്രവാദികള്‍ വെടിവച്ചു കൊന്ന വിവരമെത്തിയത്.
വിദ്യാഭ്യാസപരമായി ഇന്നും അഭിവൃദ്ധി പ്രാപിച്ചിട്ടില്ലാത്ത നാഗന്മാര്‍ താമസിക്കുന്ന പ്രദേശങ്ങളിലേക്കു റോഡും വൈദ്യുതിയും ഇപ്പോഴും കടന്നെത്തിയിട്ടില്ല. വികസനം എന്തെന്നറിയാത്ത നാഗാകുന്നുകളിലെ യുവാക്കളെ വളരെ വേഗത്തില്‍ തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും തള്ളിവിടാന്‍ എളുപ്പമാണ്. ഈ നില പരമാവധി ചൂഷണം ചെയ്യുന്ന ഒളിയുദ്ധങ്ങളാണ് മണിപ്പൂരിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്നത്. നാഗന്മാര്‍ സമാന്തര പിരിവു സംഘങ്ങളായതു പോലെത്തന്നെയാണ് മറ്റൊരു വിഭാഗവും സമാന്തര പിരിവുസംഘങ്ങളായി മാറിയത്.
രണ്ടു കൂട്ടരും സാധാരണക്കാരെ പരമാവധി ചൂഷണം ചെയ്യുന്ന കാഴ്ച മണിപ്പൂരില്‍ മാത്രമേ ഉണ്ടാകൂ. നാഗാ തീവ്രവാദത്തോളം മണിപ്പൂര്‍ താഴ്‌വരയിലെ തീവ്രവാദത്തിനു പഴക്കമില്ലെങ്കിലും ഇതിന്റെയൊക്കെ മറവില്‍ സമാന്തര പിരിവു സംഘങ്ങള്‍ പിടിമുറുക്കിയതാണ് എക്കാലത്തെയും ദുരന്തം.
തീരാ ദുരിതങ്ങളുമായി ഒരു ജനത
ഭരണകൂടം സൈന്യത്തിനു നല്‍കിയിരിക്കുന്ന പ്രത്യേകാധികാരത്തിന്റെ ശക്തിയില്‍ ഒരു വിഭാഗം ജനങ്ങളെ തീവ്രവാദികളെന്നു മുദ്രകുത്തി വെടിവച്ചു കൊല്ലുന്നു. അതിനൊക്കെ നിയമപരിരക്ഷ ലഭിക്കുന്നു. ഇങ്ങനെയൊരു കാലാവസ്ഥയില്‍ ജീവിതം എത്ര ഭയം നിറഞ്ഞതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഈ അവസ്ഥയ്ക്ക് ഇന്നും വളരെയൊന്നും മാറ്റം സംഭവിച്ചിട്ടില്ല. വെടിയൊച്ചകളും കര്‍ഫ്യൂവും ടിയര്‍ഗ്യാസുമൊക്കെ ഇവരുടെ ജീവിതങ്ങളിലെ നിത്യസംഭവങ്ങള്‍. വര്‍ഷങ്ങളായി തുടരുന്ന ഈ ദുരന്തമുഖത്തുനിന്ന് സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം പിന്‍വലിക്കുക എന്ന ആവശ്യമായിരുന്നു ഇറോം ഷര്‍മിള ഉയര്‍ത്തിയത്. എന്നാല്‍, സമരം കൊണ്ടും ഈ നിയമത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഭരണകൂടം തയാറായില്ല. അതിനു നല്‍കുന്ന മറുപടി തീവ്രവാദത്തെ നേരിടാന്‍ ഈ നിയമം കൂടി ഇല്ലെങ്കില്‍ സ്ഥിതി ഇതിനേക്കാള്‍ ഭയാനകമായിരിക്കും എന്നാണ്.
പട്ടാളത്തിനും ഭരണകൂടത്തിനും തീവ്രവാദ വിഘടനവാദ ഗ്രൂപ്പുകള്‍ക്കും ഇടയില്‍പ്പെട്ട് 'നല്ലകാലം' ജീവിച്ചു തീര്‍ക്കാനാണ് മണിപ്പൂരികളുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."