പുഴ വരുമാനം കുന്നോളം; സംരക്ഷണത്തിന് നാമമാത്രം
കാസര്‍കോട്: ജില്ലയിലെ പുഴകളില്‍ നിന്നു സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം കുതിക്കുമ്പോള്‍ പുഴ സംരക്ഷണം നാമമാത്രം. ജില്ലയിലെ 14 പുഴകളില്‍ നിന്നു വിവിധ മാര്‍ഗങ്ങളിലൂടെയുള്ള വരുമാനം സര്‍ക്കാര്‍ ഖജനാവില്‍ കുന്നുകൂടുമ്പോഴാണ് പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമാകുന്നത്. പുഴകളില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 10 ശതമാനം പോലും ജില്ലയിലെ പുഴകളുടെ സംരക്ഷണത്തിനു ചെലവഴിക്കുന്നില്ല.
ഒരു വര്‍ഷത്തിനിടെ പുഴ സംരക്ഷണത്തിന് ഏറ്റവും കുറവ് തുക ചെലവഴിച്ച ജില്ലകളിലൊന്നാണ് കാസര്‍കോട്. മറ്റു ജില്ലകളില്‍ പുഴകളില്‍ നിന്നു ലഭിക്കുന്ന വരുമാനവും മറ്റു പലവിധ ഫണ്ടുകളും ഉപയോഗിച്ച് പുഴ സംരക്ഷണ പ്രവൃത്തികള്‍ നടക്കുമ്പോഴാണു കുടിവെള്ളത്തിനു കടുത്ത ക്ഷാമം നേരിടുകയും വളരെ നേരത്തേ വറ്റി വരളുകയും ചെയ്യുന്ന ജില്ലയിലെ പുഴകളുടെ സംരക്ഷണത്തിനായി നാമമാത്രമായ തുക ചെലവഴിക്കുന്നത്.
ഒരു വര്‍ഷത്തിനിടെ ജില്ലയിലെ പുഴകളില്‍ നിന്നു സര്‍ക്കാര്‍ ഖജനാവിലേക്ക് 57,58,517 രൂപ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുഴ സംരക്ഷണത്തിനായി ആകെ വിനിയോഗിച്ചതു മൂന്നു ലക്ഷം രൂപ മാത്രമാണ്. അയല്‍ജില്ലയായ കണ്ണൂരില്‍ 1,94,76,621 രൂപ പുഴകളില്‍ നിന്നു വരുമാനമായി ലഭിച്ചപ്പോള്‍ ഒരു കോടി രൂപ മറ്റു വിവിധ ഫണ്ടുകള്‍ ലഭ്യമാക്കി 2,94,34,628 രൂപയുടെ പുഴ സംരക്ഷണ പ്രവൃത്തികള്‍ ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ പുഴകളില്‍ നിന്നു വരുമാനമൊന്നും ലഭിച്ചില്ലെങ്കിലും ഒന്‍പതര കോടി രൂപയുടെ പുഴ സംരക്ഷണ പ്രവൃത്തികള്‍ നടന്നിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 82,56,270 രൂപയുടെ വരുമാനം പുഴകളില്‍ നിന്നു ലഭിച്ചപ്പോള്‍ 12 കോടി രൂപയുടെ സംരക്ഷണ പ്രവൃത്തികള്‍ നടന്നിട്ടുണ്ട്. രണ്ടര ലക്ഷം രൂപയുടെ വരുമാനം ലഭിച്ച ആലപ്പുഴയില്‍ 17 ലക്ഷത്തിലധികം രൂപയുടെ സംരക്ഷണ പ്രവൃത്തികളും നടന്നിട്ടുണ്ട്. ഒന്‍പതു ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിച്ച കൊല്ലത്ത് 12 കോടിക്കു മുകളിലാണു പുഴ സംരക്ഷണ പ്രവൃത്തികള്‍ക്കു വിനിയോഗിച്ചിരിക്കുന്നത്.
പുഴകളില്‍ നിന്നുള്ള മണലെടുപ്പ് അടക്കമുള്ള മാര്‍ഗങ്ങളിലൂടെയാണ് ഖജനാവിലേക്ക് വന്‍ തോതില്‍ വരുമാനമെത്തുന്നത്. എന്നാല്‍ തടയണ നിര്‍മാണമടക്കമുള്ള പുഴ സംരക്ഷണ പ്രവൃത്തികള്‍ക്കു പോലും തുക ചെലവഴിക്കാന്‍ മടിക്കുകയാണ് ജില്ലയിലെ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റിയെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."