പെട്രോള്‍ വില കുറയ്ക്കണം; മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഹാരിസ് രാജ് നടക്കുകയാണ്
കാസര്‍കോട്: ജനകീയ ആവശ്യങ്ങളുയര്‍ത്തി ഹാരിസ് രാജിന്റെ ഒറ്റയാള്‍ നടത്തത്തിന് ഇന്നു മഞ്ചേശ്വരത്ത് തുടക്കമാവും. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന നാല് ആവശ്യങ്ങളുയര്‍ത്തിയാണു മഞ്ചേശ്വരത്തു നിന്നു തിരുവനന്തപുരത്തേക്കു യാത്ര നടത്തുന്നതെന്ന് ഹാരിസ് രാജ് 'സുപ്രഭാത ' ത്തോട് പറഞ്ഞു.
ഇന്നു വൈകുന്നേരം നാലിനു മഞ്ചേശ്വരത്തു നിന്നു രണ്ട് പ്ലക്കാര്‍ഡുകളുമുയര്‍ത്തിയാണ് ഹാരിസ് രാജ് യാത്ര ആരംഭിക്കുക. പെട്രോളിയം ഉല്‍പന്നങ്ങളുടെ അമിത നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരുക, ഭിക്ഷാടനം പൂര്‍ണമായും നിരോധിച്ച് അര്‍ഹരായ പാവങ്ങള്‍ക്കെല്ലാം ആശ്രയമൊരുക്കുക, ഭക്ഷണ സാധനങ്ങളില്‍ കീടനാശിനി കലര്‍ത്തുന്നതു കര്‍ശനമായി തടയുക, അനാവശ്യ പണിമുടക്കുകള്‍ തടയാന്‍ നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ഒറ്റയാള്‍ നടത്തം സംഘടിപ്പിക്കുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ സഹിക്കുന്ന ജനത്തെ പ്രതിനിധീകരിച്ചുള്ള ഒറ്റയാള്‍ നടത്തത്തിന് സഹന സമര യാത്രയെന്നാണ് പേരിട്ടിരിക്കുന്നത്.
പെട്രോളിന്റെ വിലവര്‍ധനവിനെ കുറിച്ചടക്കം ആരും മിണ്ടാത്തപ്പോഴാണ് ഇങ്ങനെയൊരു സമരത്തിന് തയാറായതെന്നാണ് ഹാരിസ് രാജ് പറയുന്നത്. ഒരു ദിവസം 20 കിലോമീറ്റര്‍ നടക്കാനാണ് ഉദ്ദേശിക്കുന്നത്. പോകുന്ന വഴിയില്‍ അശരണരെ സഹായിക്കുകയെന്ന ഉദ്ദേശമുണ്ടെന്നും അതിനായി സന്നദ്ധ സംഘടനകളും വ്യക്തികളും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ മണ്ണുത്തിയില്‍ താമസിക്കുന്ന ഹാരിസ് രാജ് ദീര്‍ഘകാലം സൗദി അറേബ്യയില്‍ ഒരു കമ്പനിയില്‍ പ്രൊഡക്ഷന്‍ മാനേജരായിരുന്നു.
മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ഹാരിസ് രാജ് വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തിയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇരുനൂറോളം കാന്‍സര്‍ ബാധിതര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഹാരിസ് രാജും കൂട്ടരും ഭക്ഷണം എത്തിക്കുന്നുണ്ട്. സഹന സമര യാത്ര ഒന്നര മാസം കൊണ്ട് തലസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ. ഹാരിസ് രാജിന്റെ സഹന സമരത്തിന് ഭാര്യ റോജയുടെയും മക്കളായ ആദിയുടെയും ആയിഷയുടെയും പിന്തുണയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."