ജില്ലാ ഭരണകേന്ദ്രങ്ങളില്‍ സെക്രട്ടറിയേറ്റ് വിഭാഗം പ്രവര്‍ത്തിക്കണം: മന്ത്രി ജി സുധാകരന്‍
ആലപ്പുഴ : സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനം സജ്ജമാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു.
സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം. ഇപ്പോള്‍ നിസാര കാര്യങ്ങള്‍ പോലും സാധിച്ചെടുക്കാന്‍ തലസ്ഥാനത്തെത്തേണ്ട സ്ഥിതിയാണുളളത്. ഇത് മാറണം. ഭരണ കേന്ദ്രങ്ങളില്‍ പുതുതലമുറയ്ക്ക് ആഭിമുഖ്യം നല്‍കണം. വിവിധ വകുപ്പുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും ഇത്തരത്തില്‍ ആയിരിക്കണം. പൊലീസ് സേനയില്‍ പകുതി പ്രമോഷനും പകുതി പുതുനിയമനങ്ങളുമാണ് നടത്തേണ്ടത്. എങ്കിലെ സേനയ്ക്ക് ഊര്‍ജസ്വലത കൈവരിക്കാന്‍ കഴിയുകയുളളു. ആലപ്പുഴയില്‍ നടന്ന കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശീക ചാനലുകള്‍ക്ക് ആഗോള മാധ്യമ ലോബികളെ നിയന്ത്രിക്കാന്‍ കഴിയും. ഇവര്‍ തട്ടിവിടുന്ന അസത്യങ്ങളെ തിരുത്താന്‍ പ്രാദേശീയ ചാനലുകള്‍ക്ക് കഴിയും. സംസ്ഥാനത്ത് ആദ്യം രൂപകൊണ്ട സ്വകാര്യ ത്രികോണ ചാനല്‍ ആഗോള മാധ്യമ ഭീമന്‍ കയ്യടക്കി. ഇപ്പോള്‍ വെട്ടിചുരുക്കിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇവിടെയാണ് പ്രാദേശീക ചാനലുകളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. റോഡുകള്‍ വെട്ടിപൊളിച്ച് കേബിളുകള്‍ താഴ്ത്തുന്ന കുത്തകകളായ റിലയന്‍സുമായുളള ഉടമ്പടി താന്‍ റദ്ദുചെയ്തു. ഇനി കുഴിക്കണമെങ്കില്‍ റോഡില്ലാത്ത മണ്ണുളള പ്രദേശങ്ങളിലായിരിക്കണം. മാത്രമല്ല സര്‍ക്കാരിന്റെയും കമ്പനിയുടെയും എന്‍ജിനീയര്‍മാര്‍ ഒപ്പമിരുന്നു ആലോചിച്ചശേഷമെ നടപ്പാക്കാവു. അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ല. രാഷ്ട്രീയ മുഖം നോക്കാതെ നടപടി സ്വീകരിക്കും.
കൈനകരി, കണ്ടല്ലൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ സി പി എം നിയന്ത്രണത്തിലുളള സൊസൈറ്റികള്‍ പിരിച്ചുവിട്ടത് അവിടെ അഴിമതി കണ്ടെത്തിയതുക്കൊണ്ടാണ്. മാവേലിക്കരയില്‍ സഹകരണ ബാങ്കിലെ ജോയിന്റ് രജിസ്ട്രാറെ സംരക്ഷിക്കേണ്ട ആവശ്യം സി പി എമ്മിനില്ല. ഇവര്‍ കടുത്ത കോണ്‍ഗ്രസുക്കാരിയാണ്. ഇപ്പോള്‍ പുന്നപ്രയിലെ സര്‍വീസ് സഹകരണ സൊസൈറ്റിയിലും അഴിമതി കണ്ടെത്തിയിട്ടുണ്ട്. കേബിള്‍ ടി വി മേഖലയുമായി പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും. ഇത് ഇടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുളള വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. ബിനു ശിവദാസ്, ശ്രീജിത്ര, നിസാര്‍ കോയാപറമ്പില്‍, സജീവ് കുമാര്‍, കെ വി രാജന്‍, എം രാജമോഹന്‍, ബി ജയകൃഷ്ണന്‍, പി പി സുമേഷ് കുമാര്‍, സി എ ബൈജു, അജിത് ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."