വെണ്മണിയില് ഏക്കറുകണക്കിന് വനഭൂമി കത്തിനശിച്ചു
വണ്ണപ്പുറം: വെണ്മണിയില് കാട്ടുതീ പടര്‍ന്ന് ഏക്കറുകണക്കിന് വനം കത്തി നശിച്ചു. വെള്ളിയാഴ്ച പടര്‍ന്ന് പിടിച്ച തീ ഇന്നലെ രാത്രിയും തുടര്‍ന്നു. തീ കെടുത്താനോ കൂടുതല്‍ സ്ഥലത്തേക്ക് പടരുന്നത് തടയാനോ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തത് വന്‍ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. തീ പടര്‍ന്ന് പിടിച്ചപ്പോള്‍ തന്നെ നാട്ടുകാര്‍ തൊടുപുഴ ഫോറസ്റ്റ് ഓഫീസിലും ഡി.എഫ്.ഒ ഓഫിസിലും വിവരം അറിയിച്ചെങ്കിലും തീ വച്ചത് ആരാണെന്ന് പറഞ്ഞാല്‍ മാത്രമേ സ്ഥലത്ത് എത്തുകയുള്ളുവെന്ന് നിഷേധാത്മകമായ നിലപാടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തീ പിടിച്ച് കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് കത്തി നശിച്ചു കൊണ്ടിരിക്കുന്നത്. തീ പിടുത്തം ഉണ്ടായപ്പോള്‍ തന്നെ വെണ്മണിയിലുള്ള ഫോറസ്റ്റോഫീസ് പൂട്ടി ഉദ്യോഗസ്ഥര്‍ പോയതായും നാട്ടുകാര്‍ ആരോപിച്ചു.
ഫോറസ്റ്റുദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."