ഇറാഖിന്റെ പുനര്‍നിര്‍മാണത്തിനായി ലോകരാജ്യങ്ങളുടെ സഹായം: ഇന്ത്യയുടെ വക 20 മില്യണ്‍ ഡോളര്‍
കുവൈത്ത് സിറ്റി: ഇറാഖില്‍ ഐ.എസ് തീവ്രവാദ ഉന്മൂലനത്തിനിടെ തകര്‍ന്നടിഞ്ഞ നാടുകളെ പുനര്‍നിര്‍മിക്കാന്‍ വിവിധ രാജ്യങ്ങളുടെ സഹായഹസ്തം.
ബുധനാഴ്ച കുവൈത്തില്‍ തുടങ്ങിയ മൂന്നു ദിവസത്തെ യോഗത്തില്‍ ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് രണ്ടു ബില്യണ്‍ ഡോളര്‍ വായ്പയായും നിക്ഷേപമായും വാഗ്ദാനം ചെയ്തു.
സഊദി അറേബ്യ 1.5 ബില്യണ്‍ ഡോളര്‍ അനുവദിക്കും. ഖത്തര്‍ 1 ബില്യണ്‍ ഡോളറും തുര്‍ക്കി 5 ബില്യണ്‍ ഡോളറുമാണ് സഹായമായി വാഗ്ദാനം ചെയ്തത്.
വ്യത്യസ്ത സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നായി 330 മില്യണ്‍ ഡോളറും സംഭാവനയായി വന്നു. നൂറോളം എന്‍.ജി.ഒകളും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
കുവൈത്ത്, ഇറാഖ്, യൂറോപ്യന്‍ യൂനിയന്‍, യു.എന്‍, ലോകബാങ്ക് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. നാലു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന വീടുകളും ആശുപത്രികളും സ്കൂളുകളും അടിസ്ഥാന സൗകര്യങ്ങളും പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് യോഗം.
അടങ്കല്‍ പ്രകാരം പുനര്‍നിര്‍മാണത്തിനായി 88.2 ബില്യണ്‍ ഡോളര്‍ തുകയാണ് ആവശ്യമെന്നും 22 ബില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യമുണ്ടെന്നും ഇറാഖ് മന്ത്രി ഖുസായ് അബ്ദുല്‍ഫത്താഹ് പറഞ്ഞു.
'ഇറാഖിന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധം'
ഇറാഖ് പുനര്‍നിര്‍മാണ ഫണ്ടിലേക്ക് 20 മില്യണ്‍ ഡോളറാണ് ഇന്ത്യയുടെ സംഭാവന. ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി പാലുല്‍പ്പനങ്ങളുടെ വിതരണം, ഇറാഖി നയതന്ത്ര ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സാങ്കേതിക പരിശീലനം എന്നിവയാണ് ഇന്ത്യ നല്‍കുന്നത്.
ഇറാഖിന്റെ പുനര്‍നിര്‍മാണത്തിന്റെ കാര്യത്തില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തില്‍ സംബന്ധിച്ച് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ പറഞ്ഞു. ഐ.എസ് തീവ്രവാദത്തിനെതിരായ ചരിത്ര വിജയത്തില്‍ ഇറാഖിനെയും പൗരന്മാരെയും ലോകം അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."