സ്വകാര്യ മേഖലയുടെ കുടിശിക വേഗത്തില്‍ തീര്‍ക്കാന്‍ സഊദി രാജാവിന്റെ ഉത്തരവ്
ജിദ്ദ: സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ നല്‍കിയതിന്റെ ഭാഗമായി കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശിക സഊദി ഭരണകൂടം കൊടുത്തു തീര്‍ക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം രാജാവ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
കിരീടവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കരാറുകള്‍ അടക്കമുള്ളവരുടെ കുടിശികകള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് രാജാവ് നിര്‍ദേശിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ നല്‍കിയ പല കരാറുകളും മുടങ്ങിയിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് നല്‍കേണ്ട കോടികള്‍ സമയത്ത് നല്‍കാന്‍ സാധിക്കാതെയും വന്നു. ഈ സാഹചര്യത്തില്‍ നിരവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന തുക മുഴുവന്‍ കൊടുത്തു തീര്‍ക്കാനാണ് തീരുമാനം.
സ്വകാര്യ കമ്പനികള്‍ക്ക് മാത്രമല്ല, വിതരണ രംഗത്തെ പ്രമുഖര്‍ക്കും സഊദി വന്‍തുക നല്‍കാന്‍ ബാക്കിയുണ്ട്. ഈ തുക മൊത്തം കൊടുത്തു തീര്‍ക്കും. ഇക്കാര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
നിരവധി സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിയാണ് നിയോഗിക്കുക. വാണിജ്യനിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബിയുടെ നേതൃത്വത്തിലായിക്കും സമിതി. സഊദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഈ കമ്മിറ്റിയുടെ പഠനം പൂര്‍ത്തിയായാല്‍ മൊത്തം എത്ര തുക സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുണ്ട് എന്ന കൃത്യമായ കണക്ക് ലഭിക്കും. പിന്നീട് തുക കൈമാറാനാണ് തീരുമാനം. മാജിദ് അല്‍ ഖസബിയെ ഉദ്ധരിച്ചാണ് സഊദി പ്രസ് ഏജന്‍സി വാര്‍ത്ത നല്‍കിയിരിക്കുന്നത്.
കൗണ്‍സില്‍ ഓഫ് സഊദി ചേംബേഴ്‌സ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള തുകയുടെ ഏകദേശ കണക്ക് നേരത്തെ ശേഖരിച്ചിരുന്നു. ഇവരുമായി ചേര്‍ന്നായിരിക്കും പുതിയ കമ്മിറ്റിയും പ്രവര്‍ത്തിക്കുക. വേഗത്തില്‍ കൊടുത്തു തീര്‍ക്കേണ്ട കമ്പനികളുടെ പട്ടിക കമ്മിറ്റി തയ്യാറാക്കും.
സഊദി അറേബ്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയാണ് സഊദി ബിന്‍ലാദിന്‍ ഗ്രൂപ്പ്. ഈ കമ്പനിക്ക് കോടികളാണ് നല്‍കാനുള്ളത്. ഹറമില്‍ ക്രൈന്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്ക് നല്‍കിയിരുന്ന കരാറുകള്‍ ഭരണകൂടം മരവിപ്പിച്ചിരുന്നു.
പണമിടപാടുകള്‍ ശരിയായ രീതിയില്‍ നടക്കാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കമ്പനികളും നിരവധിയാണ്. അതിലൊന്നാണ് സൗദി ഓജര്‍. ഈ കമ്പനി മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടത് വന്‍വിവാദമായിരുന്നു.
കെട്ടികിടന്നിരുന്ന കുടിശിക ബില്ലുകള്‍ കഴിഞ്ഞ സപ്തംബറില്‍ പരിശോധിക്കുകയും പരമാവധി കൊടുത്തു തീര്‍ക്കുകയും ചെയ്തരുന്നു. ബാക്കിയുള്ള ബില്ലുകളാണ് ഇപ്പോള്‍ കൊടുത്തുതീര്‍ക്കുന്നത്. 52,500 കോടി റിയാലാണ് മൊത്തം കൊടുത്തു തീര്‍ക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."