അധ്യാപകര്‍ നരാധമന്മാരായാല്‍..!
കൊല്ലം: മലങ്കര കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള കലയപുരത്തെ മാര്‍ ഇവാനിയോസ് ബഥാനി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ പാലവിളക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യം ശക്തമാകുന്നു. അതിക്രൂരമായമാണ് ഈ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഏബലിനെ ഇയാള്‍ മര്‍ദ്ദിച്ചത്. ശക്തമായ പ്രതിഷേധത്തിനിടയില്‍ ഫാദര്‍ പാലവിള ഇപ്പോള്‍ ഒളിവിലാണ്. ക്ലാസില്‍ ബഹളമുണ്ടാക്കിയെന്ന കാരണം പറഞ്ഞാണ് 12 കാരനായ കുട്ടിയെ ഇയാള്‍ മര്‍ദിച്ചത്. സ്വാശ്രയ സ്ഥാപനങ്ങളായ നെഹ്‌റു കോളജും ടോംസ് കോളജും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയിലാണ് ഈ സ്വാശ്രയ സ്‌കൂളിലെ നരാധപന്മാരുടെ വിളയാട്ടം.
വളരെ വിചിത്രമായ ശിക്ഷാനടപടികളും ഫൈനും ഈടാക്കുന്ന പതിവാണ് സ്‌കൂളില്‍ നിലനില്‍ക്കുന്നത്. ഇംഗ്ലീഷ് മാത്രമേ കാംപസിനുള്ളില്‍ സംസാരിക്കാവൂ എന്നതാണ് ലിഖിത നിയമം. മലയാളം സംസാരിച്ചാല്‍ കടുത്ത ശിക്ഷയും പിഴയുമാണിവിടെ. കത്തോലിക്കാ വൈദികരാണ് പ്രിന്‍സിപ്പല്‍മാരാകുന്നത്. 2011ല്‍ മലയാളം സംസാരിച്ചതിന്റെ പേരില്‍ ശിക്ഷിച്ചതിന് ഒരു കുട്ടിയുടെ പിതാവ് സ്‌കൂളിനെതിരേ നല്‍കിയ കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. അച്ചടക്ക ലംഘനം നടത്തുന്നവരെ കര്‍ശനമായി നേരിടുമെന്നാണ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ എഴുതിവച്ചിട്ടുള്ളത്.
അതുപോലെ സ്‌കൂള്‍ കാംപസില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നും വെബ്‌സൈറ്റിലുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടും സര്‍ക്കാരോ സി.ബി.എസ്.ഇയോ സ്‌കൂളിനെതിരേ നടപടിയെടുക്കാന്‍ തയാറായിട്ടില്ല. ഐ.പി.സി 324-ാം വകുപ്പു പ്രകാരമാണ് ഫാദര്‍ ജോണ്‍ പാലവിളക്കെതിരേ പൊലിസ് കേസെടുത്തിരിക്കുന്നത്. മാരകമായ വസ്തു ഉപയോഗിച്ച് ബോധപൂര്‍വം പരുക്കേല്‍പ്പിക്കുന്നതിനെതിരേയുള്ള വകുപ്പാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."