മേഖലാ ജാഥ കഴിഞ്ഞു; ജില്ലാ കോണ്‍ഗ്രസില്‍ അപസ്വരങ്ങള്‍ ശക്തം
കൊല്ലം: ആര്‍.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എന്‍.കെ പ്രേമചന്ദ്രന്‍ നയിച്ച യു.ഡി.എഫ് തെക്കന്‍ മേഖലാ പ്രചരണ ജാഥ സമാപിച്ചതോടെ ജില്ലയിലെ കോണ്‍ഗ്രസില്‍ അപസ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ചെയര്‍മാനും കണ്‍വീനറും ചേര്‍ന്നു ഏകപക്ഷീയമായി ജാഥ സംഘടിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കാഴ്ചക്കാരായി മാറിയെന്നാണ് ആക്ഷേപം. യു.ഡി.എഫിലെ മുഖ്യകക്ഷി കോണ്‍ഗ്രസായതിനാല്‍ യു.ഡി.എഫിന്റെ പരിപാടികളില്‍ മുഖ്യസംഘാടകത്വം വഹിക്കേണ്ടത് കോണ്‍ഗ്രസായിരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. എന്നാല്‍ അതിനു വീപരീതമായി കോണ്‍ഗ്രസ് നേതൃത്വം ചുമതല നിര്‍വഹിക്കാന്‍ മടിച്ചുനിന്നപ്പോള്‍ ജാഥ ആര്‍.എസ്.പി ഏറ്റെടുക്കുകയായിരുന്നു. ജാഥയുടെ ജില്ലയിലെ തുടക്കം കുന്നത്തൂരില്‍ നിന്നായിരുന്നു. ഉദ്ഘാടകരായി നിരവധി നേതാക്കളുടെ പേരാണ് യു.ഡി.എഫ് നേതൃത്വം പറഞ്ഞിരുന്നത്.
കുന്നത്തൂരില്‍ കെ.സി വേണുഗോപാലും കൊല്ലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ജില്ലാ ചെയര്‍മാന്‍ കെ. കരുണാകരന്‍പിള്ള അറിയിച്ചിരുന്നത്്. എന്നാല്‍ കുന്നത്തൂരില്‍ കൊടിക്കുന്നില്‍ സുരേഷിനെ ഉദ്ഘാടകനാക്കണമെന്ന ആവശ്യമാണ് ഒടുവില്‍ നടപ്പായത്. ഇതിനിടയില്‍ മുന്‍മന്ത്രി ഷിബുബേബിജോണിനെ ഉദ്ഘാടകനാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ചിന്നക്കടയില്‍ ആദ്യദിവസത്തെ സമാപനയോഗത്തില്‍ ഫോര്‍വേഡേ് ബ്ലോക്ക് നേതാവ് ജി ദേവരാജനാണ് ഉദ്ഘാടകനായത്. സംസ്ഥാനത്തെ 95 ശതമാനത്തോളം യു.ഡി.എഫ് ഘകടങ്ങളില്‍ കോണ്‍ഗ്രസിന് കണ്‍വീനര്‍, ചെയര്‍മാന്‍ സ്ഥാനങ്ങളിലൊന്നു ലഭിക്കാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നും പാര്‍ട്ടി ജില്ലാ ആസ്ഥാനം നില്‍ക്കുന്നതുമായ ഇരവിപുരം മണ്ഡലത്തില്‍ കണ്‍വീനര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ മുസ്‌ലിം ലീഗും ആര്‍.എസ്.പിയും പങ്കിട്ടെടുക്കുകയായിരുന്നു. ഇതിനെതിരേ കടുത്ത പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."