കെ-ടെറ്റ് മാര്‍ക്കിളവ്; ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് സംവരണ വിഭാഗങ്ങളെ അയോഗ്യരാക്കുന്നു
കല്‍പ്പറ്റ: അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയത്തിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കെ-ടെറ്റ് പരീക്ഷയില്‍ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മാര്‍ക്കിളവ് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ കുട്ടത്തോടെ അയോഗ്യരാക്കുന്നു. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍, ഒ.ബി.സി, അംഗപരിമിതര്‍ എന്നിവരെയാണ് മതിയായ മാര്‍ക്ക് നേടിയിട്ടും, മാര്‍ക്കിളവിന് ഉത്തരവുണ്ടായിട്ടും യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കാതെ കൂട്ടത്തോടെ അയോഗ്യരാക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിന്‍ബലത്തിലാണ് അധ്യാപകര്‍ക്ക് യോഗ്യത നിര്‍ണയ പരീക്ഷകള്‍ നടത്തുന്നത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ ഇതിനായി കൃത്യമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
2014 മുതലാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കുളുകളില്‍ എല്‍.പി, യു.പി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് യോഗ്യതയായി കെ-ടെറ്റ് നിര്‍ബന്ധമാക്കിയത്. ഇതോടെ അധ്യാപക പരിശീലന യോഗ്യതയോടൊപ്പം കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് അനിവാര്യമായി. കേന്ദ്ര ഉത്തരവിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും പരീക്ഷയും ഫലപ്രഖ്യാപനവും നടത്തുന്നത്.
150 മാര്‍ക്കിനുള്ള പരീക്ഷയില്‍ വിജയിക്കണമെങ്കില്‍ ആകെ മാര്‍ക്കിന്റെ 60 ശതമാനമായ 90 മാര്‍ക്ക് നേടണം. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍, ഒ.ബി.സി, അംഗപരിമിതര്‍ എന്നിവര്‍ക്ക് അഞ്ചു ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്. ആനുകൂല്യമുള്ള സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്കിളവിന്റെ അടിസ്ഥാനത്തില്‍ 150 മാര്‍ക്കിന്റെ 55 ശതമാനമായ 82.5 മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കാനാവും. സംവരണ വിഭാഗങ്ങളെ മാറ്റിനിര്‍ത്താനായി മിനിമം മാര്‍ക്കില്‍ ഇളവെന്നത് 90 മാര്‍ക്കിന്റെ അഞ്ചു ശതമാനം എന്നാക്കി തെറ്റായി വ്യാഖ്യാനിക്കുകയും 85.5 മാര്‍ക്ക് വേണമെന്നുമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. സംവരണ വിരുദ്ധരുടെ വ്യാഖ്യാനം കാരണം മൂന്ന് മാര്‍ക്ക് കൂടുതല്‍ നേടിയാലേ പിന്നോക്കക്കാര്‍ക്ക് വിജയിക്കാനാവു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സി ടെറ്റ് പരീക്ഷയില്‍ ജനറല്‍ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് 150 മാര്‍ക്കിന്റെ 60 ശതമാനമായ 90 മാര്‍ക്കും മാര്‍ക്കിളവ് ആനുകൂല്യമുള്ളവര്‍ക്ക് 55 ശതമാനമായ 82.5 മാര്‍ക്കും ലഭിച്ചാല്‍ വിജയിക്കാനാവും.
നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും ചിലരുടെ പിടിവാശിയില്‍ ഫയലുകളില്‍ അനുകൂല നടപടിയുണ്ടാവുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. സര്‍ക്കാര്‍ -എയ്ഡഡ് സ്‌കുളുകളിലെ അധ്യാപക ജോലിയില്‍ നിന്നും സംവരണ ആനുകൂല്യത്തിന് അര്‍ഹരായവരെ മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. കെ-ടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ സംവരണ വിഭാഗക്കാര്‍ക്ക് പി.എസ്.സി മുഖേന അധ്യാപക തസ്തികയിലേക്ക് അപേക്ഷ നല്‍കാനാവുന്നില്ല. എയ്ഡഡ് സ്‌കുളുകളില്‍ ജോലി ചെയ്യുന്നവരുടെ നിയമനത്തിനും അംഗീകാരം ലഭിക്കുന്നില്ല,.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."