ബന്ധുക്കളുടെ പരാതി; ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
നെടുമങ്ങാട്: ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഖബറടക്കിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. ആനാട് ചേട്ടമ്പള്ളി പള്ളിമുക്ക് ആന്‍സി മന്‍സിലില്‍ ഷഹര്‍ബാന (43) ത്തിന്റെ മൃതദേഹമാണ് ഇന്നുരാവിലെ 10ന് ചേല മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നിന്നും പുറത്തെടുക്കുന്നത്.
ഈമാസം എട്ടി നാണ് വീട്ടമ്മ പനിബാധിച്ച് മരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. പനിവന്ന ഷഹര്‍ബാനത്തിനെ ഭര്‍ത്താവും മക്കളും യഥാസമയം ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കിയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. പനി കൂടിയതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ രക്തപരിശോധന നടത്താന്‍ ആവശ്യപ്പെട്ടു. പരിശോധനയില്‍ രക്തത്തിലെ കൗണ്ട് തീരെ കുറഞ്ഞതായി കണ്ടെത്തി. പരിശോധനാ റിസള്‍ട്ടുമായി ഡോക്ടറെ കാണാന്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. യാത്രാമധ്യേ മരിച്ചു. പരാതികളുണ്ടാകാത്തതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്താതെയാണ് മൃതദേഹം ഖബറടക്കിയത്.
എന്നാല്‍ ഖബറടക്കത്തിനു ശേഷം ഇവരുടെ മാതാവും ബന്ധുക്കളും മരണത്തില്‍ ദുരൂഹതയാരോപിച്ച് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നെടുമങ്ങാട് പൊലിസ് ആര്‍.ഡി.ഒയ്ക്കു റിപ്പോര്‍ട്ട് നല്‍കി. ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശപ്രകാരമാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."