വേനല്‍ കനക്കുന്നു; വൈദ്യുതി ഉപഭോഗം കുതിക്കുന്നു
തൊടുപുഴ: സംസ്ഥാനത്ത് വേനല്‍ ശക്തമായതോടെ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഈ വര്‍ഷം ആദ്യമായി ഇന്നലെ ഉപഭോഗം 70 ദശലക്ഷം യൂനിറ്റ് കടന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 70.271 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.
ഈ മാസം ആദ്യം ശരാശരി 66 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. കഴിഞ്ഞ നാലിന് 59.97 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. എസ്.എസ്.എല്‍.സി അടക്കമുള്ള പരീക്ഷകള്‍ തുടങ്ങുന്നതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരും. കാലവര്‍ഷത്തിന് ഇനി 106 ദിവസം കൂടി കാത്തിരിക്കണം. അടുത്ത 10 വര്‍ഷത്തിനിടെ ഗാര്‍ഹിക വൈദ്യുതി ഉപഭോഗം 60 ശതമാനവും വാണിജ്യ ഉപഭോഗം 74 ശതമാനവും വര്‍ധിക്കുമെന്നാണ് അടുത്ത ദിവസം പുറത്തിറങ്ങിയ കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ പവര്‍ സര്‍വേ വ്യക്തമാക്കുന്നത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപഭോഗം 2016 ഏപ്രില്‍ 26നായിരുന്നു- 80.6 ദശലക്ഷം യൂനിറ്റ്. എന്നാല്‍, 2017 ലെ ഉയര്‍ന്ന ഉപഭോഗം 77.579 ദശലക്ഷം യൂനിറ്റായിരുന്നു. വിവിധ ജലസേചന പദ്ധതികളില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ പമ്പിങ് നിലച്ചതാണ് കഴിഞ്ഞ വര്‍ഷം ഉപഭോഗം റെക്കോര്‍ഡിലെത്താതിരിക്കാന്‍ കാരണമെന്നായിരുന്നു കെ.എസ്.ഇ.ബി വിലയിരുത്തല്‍.
ഇന്നലെ ഉപയോഗിച്ച 70.27 ദശലക്ഷം യൂനിറ്റ് വൈദ്യുതിയില്‍ 59.22 ദശലക്ഷവും പുറത്തുനിന്ന് എത്തിച്ചതാണ്. 11.04 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉല്‍പാദനം.
അതേസമയം, മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശാവഹമാണ്. 2633.285 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പാക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായി ശേഷിക്കുന്നുണ്ട്. മൊത്തം സംഭരണശേഷിയുടെ 64 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 938.83 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്.
വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്: ഇടുക്കി- 57, ഇടമലയാര്‍- 59 , പമ്പ- 77, ഷോളയാര്‍- 75, മാട്ടുപ്പെട്ടി- 70, പൊന്മുടി- 89, നേര്യമംഗലം- 80, ലോവര്‍പെരിയാര്‍- 67, കുറ്റ്യാടി- 67, കുണ്ടള- 99, ആനയിറങ്കല്‍- 90.
പ്രധാന പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉല്‍പാദനം ഇങ്ങനെ: ഇടുക്കി- 4.767 ദശലക്ഷം യൂനിറ്റ്, ശബരിഗിരി- 1.407, ഇടമലയാര്‍- 0.3416, ഷോളയാര്‍- 0.7772, പള്ളിവാസല്‍- 0.3935, കുറ്റ്യാടി- 0.5408, പന്നിയാര്‍- 0.3544, നേര്യമംഗലം- 0.2194, ലോവര്‍പെരിയാര്‍- 0.288, പൊരിങ്ങല്‍കുത്ത്- 0.3934, ചെങ്കുളം- 0.3042, കക്കാട്- 0.2308, കല്ലട- 0.0399, മലങ്കര- 0.0579 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."