ഇല്ലായ്മകളുടെ തിരമാലകള്‍ക്കിടയിലും പ്രതീക്ഷകളിലേക്ക് തുഴയെറിഞ്ഞ് ഒരു പത്താംക്ലാസുകാരന്‍
കഠിനംകുളം: ഇല്ലായ്മകളുടെ തിരമാലകള്‍ ആഞ്ഞടിക്കുമ്പോഴും ഉറ്റവരോടുള്ള സ്‌നേഹവും ഭാവിയിലേക്കുള്ള പ്രതീക്ഷയും കൈമുതലാക്കി ജീവിക്കാനായി പൊരുതുകയാണ് റഹിം എന്ന പതിനഞ്ചുകാരന്‍. കഠിനംകുളം, ചേരമാന്‍ തുരുത്ത് ഗവ.എല്‍.പി സ്‌കൂളിന് സമീപം ഒറ്റമുറി കടയില്‍ വാടകക്ക് താമസിക്കുന്ന ഇക്ബാല്‍-ഷൈലജ ദമ്പതികളുടെ രണ്ട് മക്കളില്‍ എളയവനാണ്. പുതുക്കുറുച്ചി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി. പിതാവ് അനാരോഗ്യത്തിന്റെ പിടിയിലായതോടെ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ചുമലിലേറ്റുകയാണ് റഹിം.
പഠനത്തിനൊപ്പം പിതാവ് ചെയ്തുവന്നിരുന്ന മത്സ്യബന്ധന ജോലി കൂടി ചെയ്താണ് റഹിം കുടുംബത്തെ പോറ്റുന്നത്. സ്വന്തമായി വീടില്ലാത്തതിനാല്‍ വാടകക്കടമുറിയിലാണ് സഹോദരിയും ഉമ്മയും വാപ്പയുമടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നത്. പതിനേഴുകാരിയായ സഹോദരി ജാസ്മിന്‍ പത്താം ക്ലാസില്‍ റഹീമിനൊപ്പം തന്നെയാണ് പഠനം.
എട്ടു വയസുള്ളപ്പോള്‍ മത്സ്യത്തെ വലയിലാക്കുന്നത് കാണാന്‍ പിതാവിനോടൊപ്പം കൂടിയതാണ് റഹിം. പതിനഞ്ചാമത്തെ വയസ്സില്‍ പിതാവ് കാണിച്ച് തന്ന ജോലി ചെയ്തു കുടുംബത്തെ പോറ്റേണ്ടി വരുമെന്ന് അന്ന് ചിന്തിച്ചിട്ടു കൂടിയുണ്ടാകില്ല.
ഇപ്പോള്‍ ജോലിക്കു പോകേണ്ടതിനാല്‍ റഹീമിന് മിക്ക ദിവസവും സ്‌കൂളില്‍ പോകാന്‍ കഴിയാറില്ല. എങ്കിലും പഠനത്തില്‍ മിടുക്കനായ ഇവനോട് അധ്യാപകര്‍ക്കെല്ലാം നിറഞ്ഞ വാത്സല്യമാണ്.
നേരം പുലരുന്നതിന് മുന്‍പ് വഞ്ചി തുഴഞ്ഞ് കഠിനംകുളം കായല്‍പരപ്പില്‍ വലയെറിഞ് തിരിച്ച് മത്സ്യവുമായെത്തുമ്പോള്‍ നേരം ഉച്ചയോടടുത്തിരിക്കും. ചിലപ്പോള്‍ അതിലും വൈകും. കിട്ടുന്ന മത്സ്യം തൊട്ടടുത്ത പ്രദേശമായ പെരുങ്ങുഴിയിലെത്തിച്ച് വിറ്റ് കിട്ടുന്ന ചെറുതുകയാണ് വീട്ടാവിശ്യത്തിനും പിതാവിന്റെ ചികിത്സക്കുമായൊക്കെ ഉപയോഗിക്കുന്നത്. വൈകുവോളം വലയെറിഞ്ഞാലും ഒന്നും കിട്ടാത്ത ദിവസങ്ങളുമുണ്ട്. അന്ന് ഈ കുടുംബം പട്ടിണിയിലായിരിക്കും.
അടുത്ത ദിവസം റഹീമിന് മോഡല്‍ പരീക്ഷ തുടങ്ങുകയാണ്.അത് കഴിഞ്ഞാല്‍ പബ്ലിക് പരീക്ഷയെത്തും. വൈദ്യുതിയില്ലാത്ത വീട്ടില്‍ ചിമ്മിനിവെട്ടത്തിലിരുന്ന് രാത്രി വൈകുവോളം റഹിം പഠിക്കുകയാണ്, നാളെയിലേക്കുള്ള പ്രതീക്ഷകളുമായി.
ഇവന്റെ ജീവിത പ്രശ്‌നങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ സമൂഹത്തിന് കഴിഞ്ഞാല്‍ അത് എക്കാലത്തും സ്മരിക്കപ്പെടുന്ന ഒരു വഴിവിളക്കാകും...തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."