നീരവ് മോദിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ പരസ്യം കൂടുതലും വിദേശ മാധ്യമങ്ങളില്‍
മുംബൈ: ഇന്ത്യക്കാരനെങ്കിലും വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന നീരവ് മോദി, പ്രമുഖ വിദേശ പ്രസിദ്ധീകരണങ്ങളില്‍ വ്യാപാര ശൃംഖലയുടെ പരസ്യം നല്‍കി ഏറെ ശ്രദ്ധേയനാണ്.
ഇംഗ്ലണ്ടിലെ 31 ഓള്‍ഡ് ബോണ്ട് സ്ട്രീറ്റ്, ന്യൂയോര്‍ക്കിലെ 727 മാഡിസണ്‍ അവന്യൂ കേന്ദ്രമാക്കിയാണ് അദ്ദേഹം വിദേശ പ്രസിദ്ധീകരണങ്ങളില്‍ പരസ്യം നല്‍കാറുള്ളത്.
മുംബൈയിലെ കൊളാബയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മുഖ്യ ഓഫിസ് 2016ലാണ് അടച്ചുപൂട്ടിയത്. ജുവല്ലറിയുടെ പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസഡറായി അദ്ദേഹം നിയോഗിച്ചത് പ്രിയങ്ക ചോപ്രയെയായിരുന്നു. വിദേശത്തെ പരസ്യങ്ങളിലെല്ലാം പ്രിയങ്കയുടെ ചിത്രങ്ങളാണ് ഉള്ളത്.
2014ലാണ് ആദ്യമായി ഫോബ്‌സ് മാസികയുടെ ഏറ്റവും സമ്പന്ന വ്യക്തിയുടെ പട്ടികയില്‍ നീരവ് ഇടം പിടിക്കുന്നത്. ഇതിനു ശേഷം അദ്ദേഹം സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
2014ല്‍ അദ്ദേഹത്തിനെതിരേ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കേസെടുത്തിരുന്നു. നികുതി വെട്ടിപ്പ്, ഡയമണ്ട് ഇടപാടിലെ സുതാര്യത ഇല്ലായ്മ തുടങ്ങിയ വിവിധ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇറക്കുമതി-കയറ്റുമതി നിയമങ്ങളില്‍ മോദി കാണിച്ച തട്ടിപ്പുകള്‍ സംബന്ധിച്ചും ഡി.ആര്‍.ഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബെല്‍ജിയത്തിലാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനം. ആരോടും കൂടുതല്‍ സംസാരിക്കാത്ത, ആര്‍ക്കും മുന്‍കൂട്ടി ഒരു നിഗമനത്തില്‍ എത്താന്‍ കഴിയാത്ത വ്യക്തികൂടിയാണ് നീരവ് മോദി.
സംഗീതത്തില്‍ താല്‍പര്യമുള്ള അദ്ദേഹം ഈ രംഗത്തും പ്രശസ്തനാണ്.
സംഗീതത്തിന്റെ വഴിയില്‍ നിന്നാണ് അദ്ദേഹം കുടുംബ ബിസിനസായ സ്വര്‍ണ-വജ്ര വ്യാപാര രംഗത്ത് എത്തുന്നത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് ലിമിറ്റഡിലൂടെയാണ് അദ്ദേഹം ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുന്നത്.
പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയാണ് അദ്ദേഹം സ്വര്‍ണ ബിസിനസുകാരനായത്.
സി.ബി.ഐ അന്വേഷണത്തില്‍ ഗീതാഞ്ജലി ജെംസുകൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും നീരവുമായി സ്ഥാപനത്തിന് ബന്ധമില്ലെന്നാണ് അദ്ദേഹത്തിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."