വേനല്‍ കടുത്തു; ജില്ലയില്‍ ജലനിരപ്പ് താഴുന്നു
ഹരിപ്പാട്: വേനല്‍കടുത്തതോടെ ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കര്‍ഷകരെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു.
വേനല്‍ മഴ ഒഴിഞ്ഞു നിന്നതോടെ മുമ്പെങ്ങുമില്ലാത്ത വരള്‍ച്ചയാണ് ഇത്തവണ അനുഭവപ്പെടുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മഴ തീരെ കുറഞ്ഞത് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നു.
പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് തീരെ താണു. നദികളില്‍ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളും വറ്റുന്നു. അല്ലെങ്കില്‍ വെള്ളത്തിനു ചുവപ്പ് നിറമാകുന്നത് ആശങ്കപ്പെടുത്തുന്നു. ഇടത്തോടുകള്‍ പൂര്‍ണമായി വറ്റിത്തുടങ്ങി. കൃഷിഭൂമിയേക്കാള്‍ താഴ്ന്നനിലയില്‍ നദികളിലെ ജലനിരപ്പെത്തിയതോടെ വെള്ളം പാടശേഖരങ്ങളിലേക്ക് പമ്പ് ചെയ്യേണ്ട അവസ്ഥയാണ്.
കുട്ടനാട്ടില്‍ പമ്പിങ് സബ്‌സിഡി നല്‍കുന്നതാകട്ടെ പാടശേഖരങ്ങളില്‍ നിന്ന് ജലം പുറത്തേക്ക് പമ്പ് ചെയ്യുന്നതിനാണു താനും. നെല്‍കൃഷിക്ക് വളമിട്ടശേഷം വെള്ളംകയറ്റാന്‍ പാടത്തെ തൂമ്പുകള്‍ തുറന്നാലും വെള്ളം പാടത്തേക്ക് കയറ്റാനാകാത്ത അവസ്ഥയാണ് ഇക്കണക്കിന് പോയാല്‍ കൊയ്ത്തുകാലം അടുക്കുമ്പോള്‍ നെല്ലുകള്‍ കരിഞ്ഞുണങ്ങാന്‍ സാധ്യത കൂടുതലാണെന്നു കര്‍ഷകര്‍ പറയുന്നു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്നതുപോലെ പകല്‍ സമയങ്ങളില്‍ 34 ഡിഗ്രിയാണ് കുട്ടനാട്ടിലെ ഇപ്പോഴത്തെ ശരാശരി താപനില. കരിനിലങ്ങളില്‍ വിളവിറക്കിയ കര്‍ഷകരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. തലവടി, എടത്വാ, വീയപുരം, ചെറുതന, വെളിയനാട് കൃഷിഭവന്‍ പരിധിയില്‍പെട്ട പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. ഈ മേഖലകളില്‍ പട്ടാളപ്പുഴുവിന്റെ ശല്യം ഉണ്ടായിരുന്നു. ഇവയെ ചെറുക്കാനുള്ള എളുപ്പമാര്‍ഗം തുടര്‍ച്ചയായി 12 മണിക്കൂര്‍ പാടത്ത് വെള്ളം കയറ്റിയിടുക എന്നതാണ്. എന്നാല്‍ പല പാടങ്ങളും വരണ്ട് വിണ്ടുകീറിയനിലയിലാണ്.
ജലാശയങ്ങളിലെ വെള്ളം താഴുന്നതിന് പിന്നാലെ നദികളിലേയും തോടുകളിലേയും പോളയുടെ ശല്യവും കര്‍ഷകരെ കടുത്തദുരിതത്തിലാക്കുന്നു. ശരിയായരീതിയില്‍ ബണ്ടുകെട്ടി ബലപ്പെടുത്താത്തതിനാല്‍ തിട്ടയിടിഞ്ഞ് തോടുകളുടെ ആഴം കുറഞ്ഞു. മണല്‍വാരല്‍ മൂലം പുഴയുടെ ആഴം കൂടി. മഴ കുറഞ്ഞതോടെ ജലനിരപ്പും കുറഞ്ഞു. തോടുകളില്‍ വെള്ളംകയറാതായി.
പലയിടത്തും തൊഴിലുറപ്പുതൊഴിലാളികള്‍ വാച്ചാലുകളുടെ ആഴം കൂട്ടുന്ന ജോലികള്‍ ചെയ്യുന്നുണ്ട്. അനുദിനം ചൂടുകൂടി വരുന്നതോടെ വേനല്‍ മഴയിലാണ് കര്‍ഷകരുടെ ഇനിയുള്ള പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."