യാചന ദുഷിച്ച സമ്പാദന മാര്‍ഗം
മുസ്‌ലിംകള്‍ പൊതുവില്‍ ആര്‍ദ്രതയുടെയും കാരുണ്യത്തിന്റെയും ഉടമകളാണ്. എന്നാല്‍, അവരുടെ സദ്ഗുണം പലരും തെറ്റായവിധം ചൂഷണം ചെയ്തുകൊണ്ടിരിക്കുകയുമാണ്. അങ്ങനെയാണ് യാചന സമ്പാദനമാര്‍ഗമായി ചിലര്‍ തെറ്റിദ്ധരിക്കാനിടയായത്. പലരും ധരിച്ചപോലെ യാചന നല്ല സമ്പാദനമാര്‍ഗമല്ല.
ഇതാ ചില തെളിവുകള്‍. ഖബീസതുബ്‌നു മുഖ്‌റഖ്(റ) പറയുന്നു: 'ഞാനൊരു സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടി വന്നു. അങ്ങനെ ഞാന്‍ നബിതിരുമേനിയെ സമീപിച്ച് സഹായമഭ്യര്‍ഥിച്ചു.' അവിടുന്നു പറഞ്ഞു: 'നില്‍ക്കൂ, സക്കാത്തിന്റെ ഫണ്ട് വരട്ടെ. ഞാന്‍ താങ്കള്‍ക്കതു ലഭ്യമാക്കാം.'
തുടര്‍ന്ന് അവിടുന്നു പറഞ്ഞു: 'ഓ ഖബീസാ, ഈ യാചനയുണ്ടല്ലോ അത് മൂന്നിലൊരാള്‍ക്കേ അനുവദിക്കപ്പെടുകയുള്ളൂ. ഒരാള്‍ ഇത്തരം സാമ്പത്തികബാധ്യത ഏറ്റെടുത്തവന് അതു നേടുന്നതുവരെ യാചിക്കാം. അതു കഴിഞ്ഞാല്‍ അവസാനിപ്പിക്കണം. മറ്റൊരാള്‍ പ്രകൃതിദുരന്തം ബാധിച്ചവനാണ്. അതുമൂലം അവന്റെ ധനമെല്ലാം തകര്‍ന്നുപോയി. അവനും ജീവിതത്തില്‍ നിലനില്‍പ്പു നേടുന്നതുവരെ മാത്രം യാചിക്കാം. മൂന്നാമന്‍ ദാരിദ്ര്യം പിടിപെട്ടവനാണ്. അവനും ജീവിതത്തിനൊരു നിലനില്‍പ്പാവുന്നതുവരെ യാചിക്കാം. ഖബീസാ, ഇതല്ലാത്ത യാചന നിഷിദ്ധമാണ്. നിഷിദ്ധമായ സമ്പാദ്യമാണവന്‍ ഭക്ഷിക്കുന്നത്'(മുസ്ലിം).
മറ്റൊരു ഹദീസില്‍ ഇത്രകൂടി കാണാം. ചിലര്‍ യാചിച്ചുകൊണ്ടു നടക്കുന്നു. ഒടുവില്‍ പരലോകത്തു വരുമ്പോള്‍ മുഖത്തു മാംസത്തിന്റെ കഷണം പോലുമുണ്ടാവില്ല(ബുഖാരി,മുസ്‌ലിം). ഇതായിരിക്കും അവന്റെ അടയാളം എന്നര്‍ഥം.
കാട്ടില്‍പ്പോയി വിറക് ശേഖരിച്ച് വിറ്റു ജീവിക്കലാണു യാചിക്കുന്നതിനേക്കാള്‍ കരണീയമായ മാര്‍ഗം. ജനങ്ങള്‍ നല്‍കട്ടെ നല്‍കാതിരിക്കട്ടെ (ബുഖാരി).
യാചനയെ നിരോധിക്കുന്ന ഇത്തരം തെളിവുകള്‍ പ്രവാചകചര്യയില്‍ സുലഭമാണ്. ഹകീമുബ്‌നു നിസാം പറയുന്ന ഒരു സംഭവം കൂടി കേള്‍ക്കൂ. 'ഞാനൊരിക്കല്‍ നബിതിരുമേനിയോടു യാചന നടത്തി. അന്നെനിക്കു ചിലതെല്ലാം നല്‍കി. വീണ്ടും ഞാന്‍ ചോദിച്ചു. അന്നും എനിക്കവിടുന്നു നല്‍കി.' തുടര്‍ന്ന് അവിടുന്നു പ്രതിവചിച്ചു, 'ഹക്കീം ഈ ധനമുണ്ടല്ലോ അതു മധുരവും പച്ചയുമാണ്. അതൊരാള്‍ ഔദാര്യപൂര്‍വം നേടിയാല്‍ അവനതില്‍ ഐശ്വര്യമുണ്ടാവും. അത്യാഗ്രഹത്തോടെ നേടിയാല്‍ അതില്‍ ഐശ്വര്യം ലഭിക്കില്ല. ഭക്ഷണം കഴിച്ചിട്ടും വയര്‍ നിറയാത്തവന്റെ അവസ്ഥ പോലെയാണവന്‍. ഉയര്‍ന്ന കരമാണ് (നല്‍കുന്ന കരം) താഴ്ന്ന കരത്തേക്കാള്‍ (വാങ്ങുന്ന) ഉത്തമം.
ഇതു കേട്ട ഹകീം പറഞ്ഞു. സത്യവുമായി അങ്ങയെ നിയോഗിച്ചവന്‍ തന്നെ സത്യം. ഞാനിനി ഒരാളുടെയും ധനത്തില്‍നിന്നു മരണംവരെ കുറവു വരുത്തുകയില്ല(ഒന്നും ചോദിക്കില്ല).
ഇത്തരം സംഭവങ്ങള്‍ ചരിത്രത്തില്‍ സമൃദ്ധമാണ്. ഇതൊക്കെയായിട്ടും എന്തെങ്കിലും പേരു പറഞ്ഞു യാചിക്കാന്‍ പലര്‍ക്കും മടിയില്ല. മറ്റു ചിലര്‍ നേരിട്ടു യാചിക്കാതെ തന്ത്രങ്ങള്‍ പയറ്റി പണം തട്ടുന്നു.
മലപ്പുറം ജില്ലയിലെ തിരക്കുപിടിച്ച ഒരു ബസ് സ്റ്റാന്റിലാണു സംഭവം. ഒരു യുവാവ് ആവേശത്തോടെ പ്രസംഗിക്കുകയാണ്. നൂറു രൂപ മുടക്കി ഈ മാന്ത്രിക മോതിരം നിങ്ങള്‍ വാങ്ങിയാല്‍ അന്നുമുതല്‍ നിങ്ങളുടെ വീട് സ്വര്‍ഗീയഭവനമായി മാറും. ഇതു കേട്ട മറ്റൊരുത്തന്റെ പതിഞ്ഞ പ്രതികരണം. ഇയാള്‍ക്കിതു സ്വന്തം വീട്ടില്‍ സൂക്ഷിച്ചു കൂടേ. അങ്ങിനെ ആ വീട്ടില്‍ ഐശ്വര്യം നിറച്ചുകൂടേ.
നിങ്ങളുടെ കൈരേഖ പ്രവചിക്കാന്‍ ബോര്‍ഡ് വച്ചു കാത്തിരിക്കുന്നവര്‍ സ്വന്തം കൈരേഖ പരിശോധിച്ചിട്ടാണോ ഇതിനിരിക്കുന്നത്. എങ്കില്‍ ഈ ദിവസം എത്ര സംഖ്യ കിട്ടുമെന്നു മുന്‍കൂട്ടി അറിയാമല്ലോ. ഇങ്ങനെ വിവിധ രൂപത്തില്‍ വഞ്ചിക്കുകയാണ്. ഇതില്‍ മുഴുകുന്നവര്‍ അപ്പാടെ മോശക്കാരാണെന്നു പറയാന്‍ കഴിയില്ല. നമുക്കിതിനു പരിഹാരം കാണാവുന്നതാണ്.
മഹല്ല് കേന്ദ്രീകരിച്ചു റിലീഫ് സെല്ലുകള്‍ രൂപീകരിക്കുക. അവര്‍ ഫണ്ടു ശേഖരിച്ച് അര്‍ഹരാണെന്ന് ഉറപ്പു വരുത്തി സഹായം ലഭ്യമാക്കുക. പല മഹല്ലുകളിലും ഇത്തരം കൂട്ടായ്മകള്‍ നിലവില്‍ വന്ന് കൊണ്ടിരിക്കുകയാണിപ്പോള്‍. ആവശ്യക്കാര്‍ക്ക് ഈ റിലീഫ് സെല്ലുകളില്‍നിന്ന് അപേക്ഷ നല്‍കി മാന്യമായി സംഗതികള്‍ ശരിയാക്കാവുന്നതുമാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തി ഫണ്ട് അനുവദിക്കാവുന്നതാണ്.
കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അന്യനാട്ടില്‍ തെണ്ടി നടക്കുന്ന പലരും ഈ ജോലി കഴിഞ്ഞാല്‍ പുതുപുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് മാന്യന്മാരായി വിലസുന്നത് ഇന്നൊരു പതിവു കാഴ്ചയാണ്. ഇത് തന്നെയല്ലേ വഞ്ചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."