പറമ്പിക്കുളം ഡാം കാലിയാക്കല്‍: തമിഴ്‌നാട്ടിലെ ഏരികളിലും വിയറുകളിലും വെള്ളം നിറക്കുന്നു
പാലക്കാട്: പറമ്പിക്കുളം ഡാമില്‍ നിന്ന് കേരളത്തിന് അവകാശപ്പെട്ട വെള്ളം ആവശ്യപ്പെട്ട് കേരളാമുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് രേഖാമൂലം കത്തയച്ചതോടെ പറമ്പിക്കുളം ഡാമിലെ വെള്ളം മുഴുവന്‍ കോണ്ടൂര്‍ കനാലിലൂടെ കടത്തി അവിടത്തെ ചെറു ഡാമുകളിലും, വിയറുകളിലും ശേഖരിച്ചു തുടങ്ങി.
15 ദിവസത്തിനുള്ളില്‍ പറമ്പികുളത്തെ അടിത്തട്ടിലെ വെള്ളമൊഴിച്ച് ബാക്കിയെല്ലാം കോണ്ടൂര്‍ വഴി തിരുമൂര്‍ത്തി ഡാമിലും അവിടന്ന് പറമ്പിക്കുളം മെയിന്‍ കനാല്‍, ദളികനാല്‍, ഉദുമല്‍പേട്ട കനാല്‍ വഴി വിയറുകളിലും, ഏരികളിലും ഇപ്പോള്‍ നിറച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കുടിവെള്ളത്തിന് മാത്രമേ വെള്ളമുള്ളൂവെന്നു പറഞ്ഞ് കേരളത്തിന് അവകാശപ്പെട്ട വെള്ളം നല്‍കാതിരിക്കാനാണ് നീക്കം നടക്കുന്നത്. കേരളാമുഖ്യമന്ത്രിയെ ചര്‍ച്ചക്ക് വിളിച്ചാലും അവര്‍ ഇക്കാര്യം ഉന്നയിച്ചു വെള്ളമില്ലെന്നു പറഞ്ഞു തിരിച്ചയക്കാനാണ് സാധ്യത. എന്നാല്‍ ഇനി രണ്ടു മാസം മഴകിട്ടിയില്ലെങ്കിലും തമിഴ്‌നാട്ടിലെ മൂന്നാം വിള നെല്‍കൃഷി കൊയ്‌തെടുക്കാന്‍ പാകത്തില്‍ ഏരികളിലും, മിനി ഡാമുകളിലും വെള്ളം നിറച്ചു കഴിഞ്ഞു. ഒരാഴ്ചക്കുള്ളില്‍ പറമ്പിക്കുളം വെള്ളം മുഴുവന്‍ കടത്തി കൊണ്ടുപോയി കേരളത്തിന് മുന്നില്‍ കൈമലര്‍ത്തും. ഇപ്പോഴത്തെ കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്.
[caption id="attachment_488081" align="aligncenter" width="694"]പറമ്പിക്കുളം മെയിന്‍ കനാല്‍ വഴി വെള്ളം കൊണ്ടുപോയി കൃഷി ചെയ്യുന്ന സ്ഥലക്കണക്ക് രേഖപ്പെടുത്തിയ ബോര്‍ഡ്[/caption]
ഇപ്പോള്‍ തിരുമൂര്‍ത്തിഡാമിന് താഴത്തുള്ള ദളിയിലെ അന്‍പതേക്കറോളം വരുന്ന തീര്‍ഥകുളത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി വെള്ളം നിറച്ചുകൊണ്ടിരിക്കുകയാണ്. ഈ വെള്ളം സമീപത്തെ ആയിരം ഏക്കറോളം വരുന്ന കൃഷിക്കാണ് ഉപയോഗിക്കുന്നതെന്ന് ഈപ്രദേശത്തെ കര്‍ഷകനായ രാമപ്പഗൗണ്ടര്‍ സുപ്രഭാതത്തോട് പറഞ്ഞു. പാലാറിന് താഴത്തായി അടുത്തകാലത്ത് നിര്‍മിച്ച 100 ഏക്കറിലധികം വരുന്ന വളയപാളയം കുളത്തില്‍ വെള്ളം നിറച്ചിട്ടുണ്ട്. ഇതുപോലുള്ള ഇരുപതോളം കുളങ്ങളില്‍ വെള്ളം നിറച്ചിട്ടുണ്ട്. ഇതിനു പുറമെ 165 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ചിട്ടുള്ള പറമ്പിക്കുളം മെയിന്‍ കനാല്‍ വഴിയും, 50 കിലോമീറ്റര്‍ നീളമുള്ള ഉദുമല്‍പേട്ട കനാല്‍ വഴിയും വെള്ളം നിറച്ചു കടത്തുന്നുണ്ട്. ഈ വെള്ളം കരൂര്‍, തിരുപ്പൂര്‍, മധുര, പഴനി, ഓട്ടന്‍ഛത്രം തുടങ്ങിയ പ്രദേശങ്ങളിലേക്കും കടത്തി കൊണ്ട് നിറച്ചു തുടങ്ങി കഴിഞ്ഞു. പി.എ.പി കരാര്‍ പ്രകാരം ഇത്രയധികം സ്ഥലങ്ങളിലേക്ക് കനാല്‍ നിര്‍മിച്ച് വെള്ളം കൊണ്ടുപോകാന്‍ വ്യവസ്ഥയില്ല.
എന്നാല്‍ തിരുമൂര്‍ത്തി ഡാമിന് താഴെയുള്ള പറമ്പിക്കുളം മെയിന്‍ കനാല്‍ തുടങ്ങുന്ന സ്ഥലത്ത് അവര്‍ തന്നെ പ്രദര്‍ശിപ്പിച്ച ബോര്‍ഡില്‍ എത്രസ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പറമ്പിക്കുളം ഡാമിലെ വെള്ളം കഴിയും വരെ മുഖ്യമന്ത്രിമാര്‍ തമ്മിലെ ചര്‍ച്ച നീട്ടി കൊണ്ടുപോകാനും ശ്രമിക്കുകയാണ് തമിഴ്‌നാട്. കഴിഞ്ഞ ദിവസം സേവ് ചിറ്റൂരിന്റെ നേതൃത്വത്തില്‍ ഒരു സംഘം തമിഴ്‌നാട്ടിലെ പറമ്പിക്കുളം വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."