വിശ്വാമിത്രിയുടെ തീരത്ത് കൗമാരം ജ്വലിക്കും
വഡോദര: വിശ്വാമിത്രി നദിയുടെ തീരത്ത് ഇനി നാലു നാള്‍ രാജ്യത്തെ കായിക കൗമാരം നിറഞ്ഞാടും. രാവിലെ 7.30നു പെണ്‍കുട്ടികളുടെ 3000 മീറ്ററോടെയാണ് വഡോദര മഞ്ജല്‍പൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റക്ക് ചാംപ്യന്‍ഷിപ്പിനു ട്രാക്കുണരുന്നത്.
36 ഡിഗ്രിയാണ് വഡോദരയിലെ താപനില. കേരളം ഉള്‍പ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിദ്യാഭാരതി, സി.ബി.എസ്.ഇ, ഐ.പി.എസ്.ഇ ഉള്‍പ്പടെ 42 ടീമുകളാണു മേളയില്‍ പങ്കെടുക്കുന്നത്. പരീക്ഷക്കാലത്ത് നടത്തുന്ന ദേശീയ മീറ്റില്‍ നിന്നു വിവിധ സംസ്ഥാനങ്ങളിലെ നിരവധി കായിക പ്രതിഭകളാണ് പിന്‍മാറിയത്.
നിലവിലെ ജൂനിയര്‍ ചാംപ്യന്‍മാരായ കേരളത്തിനായി 49 അംഗ സംഘമാണു പോരാട്ടത്തിനിറങ്ങുന്നത്. 26 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും. കഴിഞ്ഞ തവണ കേരളം ആതിഥ്യമരുളിയ കോഴിക്കോട് മീറ്റില്‍ 120 പോയിന്റുമായാണ് കേരളം ജൂനിയര്‍ ചാംപ്യന്‍ പട്ടം ചൂടിയത്. കേരളത്തിനു വേണ്ടി പെണ്‍കുട്ടികള്‍ 85 പോയിന്റും ആണ്‍കുട്ടികള്‍ 35 പോയിന്റും നേടിയിരുന്നു. മൂന്നായി വിഭജിച്ച ശേഷം നടക്കുന്ന ജൂനിയര്‍ മീറ്റിലും കേരളം കിരീടം പ്രതീക്ഷിക്കുന്നു.
പ്രതീക്ഷ പെണ്‍
സൈന്യത്തില്‍
പതിവു തെറ്റിക്കാതെ ഇത്തവണയും കേരളം മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്നത് പെണ്‍കുട്ടികളില്‍. ഇന്ന് 3000, 800 മീറ്ററുകളില്‍ ട്രാക്കിലിറങ്ങുന്ന കല്ലടി സ്‌കൂളിലെ സി ചാന്ദ്‌നി കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. സംസ്ഥാന മീറ്റില്‍ 800 മീറ്ററില്‍ 2.14.01 സെക്കന്‍ഡിലാണു ചാന്ദ്‌നി ഫിനിഷ് ചെയ്തത്. ഇതേ മികവ് നിലനിര്‍ത്താനായാല്‍ സ്വര്‍ണം നേടാം. പെണ്‍കുട്ടികളുടെ ഹൈ ജംപില്‍ എം ജിഷ്‌നയും ഗായത്രി ശിവകുമാറുമാണ് കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മത്സരിക്കാനിറങ്ങുന്ന ടീം ക്യാപ്റ്റന്‍ അപര്‍ണ റോയിയും സോഫിയ സണ്ണിയും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകളാണ്. സംസ്ഥാന മീറ്റില്‍ അപര്‍ണയെ പിന്തള്ളി സോഫിയയാണ് സ്വര്‍ണം നേടിയത്.
ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സി അഭിനവും പി.എസ് അഖിലും ട്രാക്കിലിറങ്ങും. 800 മീറ്ററില്‍ അഭിഷേക് മാത്യുവും കെ അഖിലുമാണ് ഓടാനിറങ്ങുക. ഹാമര്‍ ത്രോയില്‍ പറളി സ്‌കൂളിലെ ശ്രീ വിശ്വവും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയാണ്. ഹൈ ജംപില്‍ ശ്രീകാന്തും ജിത്തുജോണ്‍സനും ഇറങ്ങും.
കേരളത്തിന്റെ ഭയം ഓഫ് സീസണ്‍
എതിരാളികളയെല്ല കേരളം ട്രാക്കിലും ഫീല്‍ഡിലും ഭയക്കുന്നത്. ഓഫ് സീസണില്‍ സമയം തെറ്റിയെത്തിയ മീറ്റ് വല്ലാതെ വലയ്ക്കുകയാണ്. പരിശീലനം മതിയാക്കി പഠനത്തിലേക്ക് മിക്ക താരങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴാണു മീറ്റ് വന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഹരിയാന ടീമുകള്‍ തന്നെയാണ് ട്രാക്കിലും ഫീല്‍ഡിലും കേരളത്തിനു വെല്ലുവിളി സൃഷ്ടിക്കുക. പകല്‍ സമയത്തെ കനത്ത ചൂടും വില്ലനായുണ്ട്.
താമസം എ.സിയുടെ കുളിരില്‍
താമസ സൗകര്യത്തില്‍ കേരളം ഇത്തവണ ഹാപ്പിയാണ്. മഞ്ജല്‍പൂര്‍ സ്റ്റേഡിയത്തിനു സമീപത്തെ സ്‌കൂളിലായിരുന്നു കേരള ടീമിനു ആദ്യം താമസ സൗകര്യം നല്‍കിയത്. എന്നാല്‍, സര്‍വിസസ് ടീമിന്റെ മുന്‍ പരിശീലകനും മലയാളിയുമായ മീറ്റ് മാനേജര്‍ കെ.എസ് അജിമോന്‍ ഇടപെട്ടതോടെ വിശാലമായ സമ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സൗകര്യം ഒരുങ്ങി. എയര്‍ കണ്ടീഷന്‍ മുറികളിലാണ് കേരള താരങ്ങളുടെ താമസം.
സ്റ്റേഡിയത്തില്‍ നിന്നു 12 കിലോ മീറ്റര്‍ ദൂരം ഉണ്ടെന്നതു മാത്രമാണ് ചെറിയ പ്രശ്‌നം. ഇവിടെ തന്നെ പാചകപ്പുരയും ഒരുക്കി കേരളീയ വിഭവങ്ങള്‍ വിളമ്പുന്നു. ഇതിനിടെ സഹായവുമായി ബറോഡ മലയാളി സമാജം പ്രവര്‍ത്തകരും താരങ്ങളെ കാണാനെത്തി. ആദ്യമായാണു സ്‌കൂള്‍ മീറ്റിനുള്ള കേരള ടീമിന് ഇത്ര മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നതെന്ന് ടീം ചീഫ് മാനേജര്‍ കാര്‍ത്തികപ്പള്ളി സെന്റ് തോമസ് സ്‌കൂളിലെ കായികാധ്യാപകന്‍ അനീഷ് തോമസ് പറഞ്ഞു.
ഇന്ന് 10
ഫൈനലുകള്‍
മീറ്റിന്റെ ആദ്യ ദിനമായ ഇന്ന് പത്തു ഫൈനലുകള്‍ നടക്കും. രാവിലെ 7.30 ന് പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടക്കും. തൊട്ടുപിന്നാലെ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹൈ ജംപ്, ഹാമര്‍ ത്രോ, 800 മീറ്ററുകളും അതിവേഗ താരങ്ങളെ താരങ്ങളെ കണ്ടെത്താനുള്ള 100 മീറ്റര്‍ ഫൈനലുകളും നടക്കും. 100 മീറ്റര്‍ ഹീറ്റ്‌സ് രാവിലെയും സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ വൈകിട്ടും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."