അഴിമതിക്കെതിരെ പ്രസംഗിക്കുന്നവര്‍ അധികാരം കിട്ടുമ്പോള്‍ നടപടിയെടുക്കുന്നില്ല- വി.എസ്
തിരുവനന്തപുരം: അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ അധികാരത്തിലെത്തുമ്പോള്‍ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്ന് ഭരണ പരിഷ്‌ക്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. ബാര്‍ട്ടണ്‍ഹില്‍ ലോ കോളേജും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനും സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുന്നതിനിടെയാണ് വി.എസ് സര്‍ക്കാറിനും വിജിലന്‍സിനുമെതിരെ പരോക്ഷ വിമര്‍ശനം തൊടുത്തു വിട്ടത്.
പാമോലിനും ടൈറ്റാനിയവും ഉള്‍പ്പെടെയുള്ള കേസുകള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. ഒരു കോടതിയില്‍ നിന്നും കേസ് മറ്റൊരു കോടതിയിലേക്ക് സഞ്ചരിക്കുകയല്ലാതെ അഴിമതിക്കേസുകളില്‍ ഒന്നിലും ബന്ധപ്പെട്ടവര്‍ക്കെതിരെ കാര്യമായി നടപടിയെടുക്കുന്നതായി കാണുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസും അഴിമതിതന്നെയാണെന്നും വിഎസ് പറഞ്ഞു.
വിജിലന്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാവുന്നില്ല. ഇതിന് സാങ്കേതികവും നിയമപരവും ആയ കാരണങ്ങളായിരിക്കും ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണങ്ങള്‍ എന്തായാലും ഉദ്ദേശിക്കുന്ന കാര്യം നടക്കുന്നില്ല എന്നതാണ് സത്യം. അഴിമതിരഹിതമായി ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ചുമതലകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പൊതുജനങ്ങളാണ് ജീവനക്കാരുടെ യജമാനന്മാര്‍ എന്ന ബോധം ഉണ്ടായാല്‍ത്തന്നെ അഴിമതിക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."