അന്തര്‍സംസ്ഥാന പാതയില്‍ കുരുക്ക് മുറുകി
മട്ടന്നൂര്‍: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് രണ്ടാം റീച്ച് പ്രവൃത്തി ദ്രുതഗതിയില്‍ നടക്കുന്നതിനിടെ മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഒരു മാസത്തിലേറെയായി ഒരുഭാഗത്ത് റോഡ് മുഴുവന്‍ കുഴിച്ചെടുത്ത് നിര്‍മാണപ്രവൃത്തി തുടങ്ങിയതോടെ മറ്റൊരുഭാഗത്തു കൂടി മാത്രമേ വാഹനങ്ങള്‍ ഇരുഭാഗത്തേക്കും കടത്തിവിടുന്നുള്ളൂ.
ഇതോടെ തിരക്കേറിയ അന്തര്‍ സംസ്ഥാന പാതയില്‍ കടന്നുപോകാനായി വാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്. പത്തൊന്‍പതാംമൈല്‍, ചാവശ്ശേരി, ഉളിയില്‍ എന്നിവിടങ്ങളിലാണു രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
കിലോമീറ്ററുകളോളം നീളുന്ന വരിയില്‍ വാഹനങ്ങള്‍ കടത്തിവിടാന്‍ ആദ്യഘട്ടത്തില്‍ കരാറുകാര്‍ തന്നെ തൊഴിലാളികളെ നിയോഗിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങളായി ഇതും നിലച്ചിരിക്കുകയാണ്. പകല്‍ സമയങ്ങളെ അപേക്ഷിച്ച് രാത്രിയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. കുരുക്ക് പതിവായിട്ടും ഇവിടെ ഗതാഗത നിയന്ത്രണത്തിനു പൊലിസോ കരാറുകാരോ നടപടിയൊന്നും സ്വീകരിച്ചില്ല. വൈകുന്നേരം അഞ്ചോടെ തൊഴിലാളികള്‍ ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ മുതല്‍ പാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹന ഡ്രൈവര്‍മാര്‍ തമ്മിലുള്ള വാക്കേറ്റവും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."