പഞ്ചായത്ത് ദിനാഘോഷം: മികച്ച ജില്ലാപഞ്ചായത്ത് സെക്രട്ടറിമാരെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആക്ഷേപം
മലപ്പുറം: മികച്ച ജില്ലാപഞ്ചായത്ത് സെക്രട്ടറിമാരെ പഞ്ചായത്ത് ദിനാഘോഷ വേദിയില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആക്ഷേപം. പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ചു മികച്ച പഞ്ചായത്തുകള്‍ക്കു സ്വരാജ് ട്രോഫിയും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരവും നല്‍കാറുണ്ട്. ഇത്തവണ മികച്ച ജില്ലാപഞ്ചായത്തുകള്‍ക്കുള്ള ട്രോഫികള്‍ കൊല്ലം ജില്ലാപഞ്ചായത്തിനും മലപ്പുറം ജില്ലാപഞ്ചായത്തിനമാണ് ലഭിച്ചത്.
കണ്ണുരില്‍ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയില്‍ ജില്ലാപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫികള്‍ വിതരണം ചെയ്തു. മികച്ച ജില്ലാപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്ള ട്രോഫി കൊല്ലം ജില്ലാപഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ. അനില്‍ കുമാറിനും മലപ്പുറം ജില്ലാപഞ്ചായത്ത് സെക്രട്ടറിയായിരുന്ന എ. അബ്ദുല്‍ ലത്വീഫിനുമാണ് പ്രഖ്യാപിച്ചിരുന്നത്. പഞ്ചായത്ത് ഡയറക്ടറേറ്റില്‍നിന്നു വിവരം നല്‍കിയതനുസരിച്ച് രണ്ടു പേരും കണ്ണൂരില്‍ സമ്മാനം സ്വീകരിക്കാന്‍ വന്നു. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ട്രോഫികള്‍ നല്‍കിയ അധികൃതര്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറിമാരായ രണ്ടു പേര്‍ക്ക് മാത്രം ട്രോഫികള്‍ നല്‍കാതെ ഇവരെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത ജനപ്രതിനിധികളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുകയും ചെയ്തു. വിതരണം ചെയ്യാനായി ട്രോഫി തയാറാക്കി കൊണ്ടുവന്നിരുന്നതായും പഞ്ചായത്ത് ഡയറക്‌റ്റേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത് എടുത്തു മാറ്റി എവിടേയോ ഒളിപ്പിച്ചുവച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. അപമാനിക്കപ്പെട്ട കൊല്ലം ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ. അനില്‍കുമാര്‍ ഇപ്പോള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. മലപ്പുറം ജില്ലാപഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുല്‍ ലത്വീഫ് തൃശൂര്‍ കമാന്‍ഡ് ഏരിയാ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയും ജോലി ചെയ്യുന്നവരാണ്. സെക്രട്ടേറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അപമാനിച്ച സംഭവത്തില്‍ വകുപ്പ് മന്ത്രി കെ.ടി ജിലീലിനോട് ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."