പത്തനംതിട്ടയില്‍ പടക്ക നിര്‍മാണശാലക്ക് തീപ്പിടിച്ചു; ഒരു മരണം
പത്തനംതിട്ട: ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആര്.ഡി.എസ്) ആസ്ഥാനത്ത് പടക്കശാലക്ക് തീപ്പിടിച്ചു. തീപ്പിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മൂന്നു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവഗുരുതമാണ്. രാവിലെ ഒമ്പതോടു കൂടിയാണ് അപകടമുണ്ടായത്.
കുമാരഗുരു ജയന്തി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. തീപ്പിടിത്തത്തില്‍ പരുക്കേറ്റ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടായാളാണ് മരിച്ചത്. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടത്തില്‍ പരുക്കേറ്റവരും വെടിക്കെട്ട് നടത്താനെത്തിയ തൊഴിലാളികളാണെന്നാണ് വിവരം.
പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് പി.ആര്.ഡി.എസ് ആസ്ഥാനത്ത് നടക്കുന്നത്. ഇതിന്റെ അഞ്ചാം ദിനത്തിലാണ് അപകടം നടന്നിരിക്കുന്നത്. അനുമതി ഇല്ലാതെയാണ് ഇവിടെ പടക്കനിര്‍മാണവും വെടിവഴിപാടും നടത്തിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സംഭവത്തിന്മേല് ഉചിതമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."