കുഞ്ഞിക്കയുടെ റേഡിയോ
എന്നാണ് ഞങ്ങളുടെ നാട്ടില്‍ റേഡിയോ വന്നത്? തീര്‍ച്ചയായും അത് എഴുപതുകള്‍ക്കു ശേഷമാവും. എന്റെ ഓര്‍മയില്‍, ഞാന്‍ ആദ്യം കാണുന്ന ഒരു റേഡിയോ ഞങ്ങളുടെ നാട്ടിലെ കുഞ്ഞിക്ക എന്ന മലേഷ്യക്കാരന്‍ കൊണ്ടുവന്നതാണ്. നേരം പുലര്‍ന്നു തുടങ്ങുമ്പോള്‍ തന്റെ പ്രിയപ്പെട്ട റേഡിയോ കൈയിലോ കക്ഷത്തോ ഒതുക്കിവച്ച് അയാള്‍ ഗ്രാമത്തിലെ ചായക്കടയിലേക്കു വരും. അതുപല സ്ഥായിയില്‍ പാടുന്നുണ്ടാവും. ചിലപ്പോള്‍ അതില്‍നിന്നു മലയാളത്തില്‍ വാര്‍ത്തകള്‍ കേള്‍ക്കാം. കാറ്റിന്റെ ഗതിക്കനുസരിച്ച് സിലോണില്‍നിന്നു പ്രക്ഷേപണം ചെയ്യുന്ന തമിഴ്-മലയാളം ഗാനങ്ങളാണ് ഓര്‍മവരുന്നത്.
സിലോണ്‍ ജീവിതം ഉപേക്ഷിച്ചു നാട്ടില്‍ നില്‍ക്കാന്‍ തുടങ്ങിയ കാലത്താണ് കുഞ്ഞിക്കയ്ക്ക് റേഡിയോ ഒരു ഭ്രമമായി മാറുന്നത്. ഒരു പച്ച ടര്‍ക്കി ചുമലില്‍ ഞാത്തിയിട്ടാണ് അയാള്‍ കടയിലേക്കു വരിക. അപ്പോള്‍ ചായക്കട ഉണര്‍ന്നു തുടങ്ങിയിട്ടുണ്ടാവില്ല. സമാവറില്‍ വെള്ളം തിളയ്ക്കുന്നതിന്റെ ചെറിയ ഒച്ച കേള്‍ക്കാം. ചായക്കടക്കാരന്‍ കണാരേട്ടന്‍ അടുപ്പിലേക്കു വിറകും കരിയും തിരുകും. പാല്‍ക്കാരിപ്പെണ്ണിന്റെ വരവ് അപ്പോഴാണ്. കുഞ്ഞിക്ക കടയിലെത്തിയാല്‍ ആകെ ഉഷാറായി. അയാള്‍ തന്റെ മര്‍ഫി റേഡിയോ, പത്തായത്തിന്റെ മുകളില്‍ വച്ച് ഗമയില്‍ ഇരിക്കും. പണിക്കു പോകാന്‍ വന്നവര്‍ കൗതുകത്തോടെ റേഡിയോക്കു ചുറ്റും കൂടും. അവര്‍ക്ക് ഇതത്ഭുതമാണ്. ഒരു ചെറിയ പെട്ടിയില്‍നിന്ന് ആളുകള്‍ സംസാരിക്കുകയാണല്ലോ? ഇതെന്തു 'കുദ്‌റത്താ'ണെന്നു വിചാരിക്കുകയാണവര്‍. ഇന്നത്തെപ്പോലെ കാലം ഹൈടെക്ക് ആയിട്ടില്ലല്ലോ. അത്ഭുതം ഒഴിഞ്ഞുപോകാത്ത മനസുമായാണു പലരും നാലു വഴിയേ പോകുന്നത്. നേരം ചൂടു പിടിച്ചു കഴിഞ്ഞാലേ കുഞ്ഞിക്ക വീട്ടിലേക്കു പോകൂ. അയാള്‍ ഇറങ്ങുമ്പോള്‍ ഒരു പാട്ട് കാറ്റിലൂടെ ഒഴുകിയൊഴുകി കടന്നുപോകും. അതോടെ കട കാലിയാവുകയും ചെയ്യും.
ി ി ി ി
ചെറുപ്പത്തിലേ റേഡിയോ എനിക്കു ഭ്രമമായി മാറി. അതിന് സിലോണ്‍കാരന്‍ കുഞ്ഞിക്കയും ഒരു കാരണമാണ്. പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് എനിക്ക് ഒരു റേഡിയോ സ്വന്തമായി കിട്ടുന്നത്. ജീവിക്കാന്‍ തന്നെ കഷ്ടപ്പെടുന്ന കാലത്ത് ഒരു റേഡിയോ എന്നത് ഞങ്ങളുടെ തലമുറയ്ക്കു വലിയ സ്വപ്നമായിരുന്നല്ലോ. മറ്റെല്ലാത്തിനും പുറമെ, ഒരു റേഡിയോ പാടിക്കാന്‍ കഴിയുക എന്നതായിരുന്നു മനസിലെ പൂതി. കുഞ്ഞിക്ക റേഡിയോ തൂക്കി ഗമയില്‍ നടന്നുപോകുന്നതുപോലെ ഞാനും കൊതിച്ചു. ചില രാത്രി സ്വപ്നങ്ങളില്‍ റേഡിയോ കടന്നുവന്നു. ഞാന്‍ റേഡിയോയ്ക്കുള്ളില്‍ ഇരുന്നു പാടുന്നതായി സ്വപ്നം കണ്ടു. ഒരിക്കല്‍ കടയില്‍ വച്ച് ആ റേഡിയോ വളരെ അടുത്തുനിന്ന് കാണാന്‍ എനിക്കു കഴിഞ്ഞു. ചുറ്റിലും കൂടിനില്‍ക്കുന്നവരുടെ ഇടയിലൂടെ കഴുത്തുനീട്ടി ആ കൗതുക വസ്തുവിനെ ഞാന്‍ ആവോളം കണ്ടു. നിറയെ കള്ളികളുള്ള അതിന്റെ പിന്‍ഭാഗത്തിലൂടെ ഞാന്‍ ആ മര്‍ഫി റേഡിയോയുടെ ഉള്ള് അവ്യക്തമായി കണ്ടു. കറുപ്പിലും ചുവപ്പിലും ചില വയറുകള്‍. ഉന്തിനില്‍ക്കുന്ന ചില യന്ത്രഭാഗങ്ങള്‍. പിന്നെ കണ്ടതു മുകള്‍ഭാഗമാണ്. ചുവന്ന അതിന്റെ സൂചിയാണ് എന്റെ കൗതുകത്തെ വര്‍ധിപ്പിച്ചത്.
കുഞ്ഞിക്ക ഒരു നോബ് തിരിക്കുമ്പോള്‍ പതിയെ നീങ്ങുന്ന ആ സൂചി എന്നിലുണ്ടാക്കിയ കൗതുകം ചെറുതല്ല. വലിയൊരു വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ നില്‍ക്കുന്നതുപോലെയുള്ള ശബ്ദം റേഡിയോവിന്റെ ഉള്ളില്‍നിന്നു പുറത്തേക്കു വരുന്നു. അതിന്റെ ഉള്ളിലിരുന്ന് ഒരു ചെറിയ മനുഷ്യന്‍ പറയുന്നതാവും ഇതൊക്കെ എന്നാണു ഞാന്‍ കരുതിയത്. പിന്നെ യൂനിഫോം ധരിച്ചു പഠിക്കാന്‍ പോയ കാലത്താണ് ആ ധാരണകളൊക്കെ മാറിയത്.
ി ി ി ി
ഒരിക്കല്‍ ഞാന്‍ ഉപ്പാന്റെ തറവാട്ടില്‍ പോയതായിരുന്നു. അവര്‍ സാമാന്യം ഭേദപ്പെട്ട സ്വത്തുള്ളവരാണ്. ആ വീട്ടില്‍ ഒരു മര്‍ഫി റേഡിയോ ഞാന്‍ കണ്ടു. റേഡിയോ പാടാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന് ഞാന്‍ എന്നെത്തന്നെ മറന്നു. എന്റെ കൗതുകം കണ്ടാവും ഇക്ക വന്ന് അതിന്റെ ചുവന്ന സൂചി ചലിപ്പിച്ചു. അപ്പോള്‍ ഹിന്ദിപ്പാട്ടുകള്‍ കേട്ടു. മറ്റൊരു നോബ് തിരിച്ച് ഒച്ച കൂട്ടി. വളരെ ഭയപ്പാടോടെ ഞാനതിനെ സ്പര്‍ശിച്ചു. ഒരു കുളിര്‍ എന്റെ ഞരമ്പുകളിലൂടെ ത്രസിച്ചുണര്‍ന്നു. ജീവിതത്തില്‍ ആദ്യമായാണ് ഒരു റേഡിയോ തൊടുന്നത്.
ആ ഇരിപ്പ് ഞാന്‍ എത്ര നേരമിരുന്നു എന്നോര്‍മയില്ല. മുഹമ്മദ് റാഫിയും, ആബിദാ പര്‍വീനും പാടി മത്സരിച്ചു. ഇക്ക തോര്‍ത്തെടുത്തു കുളിക്കാന്‍ പോവുമ്പോള്‍ എന്നോട് പറഞ്ഞു:
''ഞാന്‍ പറയുമ്പോള്‍ നീ അത് ഓഫാക്കണം ട്ടോ.'' എന്നിട്ട് ഓഫാക്കുന്ന രീതി പറഞ്ഞുതന്നു. ഒരു നോബ് തിരിക്കുകയാണു വേണ്ടത്. അതു തിരിച്ചുതിരിച്ചു ചെറുങ്ങനെ ഒരു ഒച്ച വരും. അപ്പോഴാണ് റേഡിയോ ഓഫാകുക. ഞാന്‍ തലയാട്ടി. തോര്‍ത്ത് ചുമലിലേക്കിട്ട് ഇക്ക പടവുകളിറങ്ങി കിണറ്റിന്‍കരയിലേക്കു പോയി. എന്റെ നെഞ്ച് ശക്തിയോടെ മിടിക്കാന്‍ തുടങ്ങി. ഞാന്‍ റേഡിയോ തന്നെ നോക്കി. പടച്ചവനേ... എപ്പോഴാവും ഇക്ക അതു പറയുക. ഞാന്‍ വിയര്‍ക്കുന്നുണ്ടോ? പെടുന്നനെ താഴെ തൊടിയില്‍നിന്ന് ഇക്കയുടെ ശബ്ദം കേട്ടു:
''ങ്ഹാ... നിര്‍ത്തിക്കോ...''
പെട്ടെന്നു വിറയലോടെ എന്റെ കൈകള്‍ നീണ്ടു. അതു ചെന്നു പതിച്ചത്, സ്റ്റേഷന്‍ മാറ്റുന്ന നോബിലാണ്. അത് ഒന്നു തിരിഞ്ഞപ്പോള്‍ പാട്ട് നിന്ന് കൊടുങ്കാറ്റിന്റെ ശബ്ദം വന്നു. ഞാന്‍ വല്ലാതെ ബേജാറായി. എന്റെ തൊണ്ടക്കുഴിയില്‍ നിന്ന് 'ഇക്കാ' എന്നൊരു വിളി ഉയര്‍ന്നു. ഇക്ക തോര്‍ത്ത് കിണറ്റിന്‍കരയിലിട്ട് ഓടിവന്നു. എന്നിട്ട് അതിന്റെ മറ്റൊരു നോബ് ഒന്നു തിരിച്ചു. അത്ഭുതത്തോടെ റേഡിയോ നിന്നു. ബേജാറോടെ നില്‍ക്കുന്ന എന്നെ നോക്കി ഇക്ക പറഞ്ഞു: ''സാരല്ല ട്ടോ.''
എന്നില്‍നിന്ന് ഒരു ദീര്‍ഘനിശ്വാസം പുറത്തേക്ക് വീണു.
ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ചന്ദ്രന്‍ എന്നു പേരായ ആത്മമിത്രം ഉണ്ടായിരുന്നു. നല്ല വായനക്കാരനായിരുന്നു അവന്‍. ധാരാളം പുസ്തകങ്ങള്‍ അവന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ചില ക്ലാസിക് രചനകള്‍ ഞാന്‍ വായിക്കുന്നത് അവന്റെ കരുണകൊണ്ടാണ്. അവന്റെ ജ്യേഷ്ഠന്‍ ശ്രീധരന്‍ റേഡിയോ മെക്കാനിക്കായിരുന്നു. നഗരത്തില്‍ അവനൊരു റേഡിയോ റിപ്പയറിങ് ഷോപ്പുമുണ്ടായിരുന്നു. ചില ഞായറാഴ്ചകളില്‍ ചന്ദ്രനുമൊത്ത് ഞാന്‍ അവന്റെ കടയില്‍ പോവും. നിറയെ പഴയ റേഡിയോകള്‍ അട്ടിയിട്ട കുടുസുമുറിയായിരുന്നു അത്. അതിന്റെയുള്ളില്‍ മേശയും കസേരയും മാത്രമാണുണ്ടായിരുന്നത്. അത് ശ്രീധരനു മാത്രം ഇരിക്കാനുള്ളതാണ്.
പാടാത്തതും പാട്ട് പാതിയിലുപേക്ഷിച്ചു നിന്നുപോകുന്നതുമായ പലതരം റേഡിയോകള്‍ ശ്രീധരന്‍ റിപ്പയര്‍ ചെയ്യുന്നത് ഞാന്‍ കണ്ടു. നെടുകെ പിളര്‍ന്നുവച്ച് അതിന്റെ നിഗൂഢതകളില്‍ ജാഗ്രതയോടെ ഇറങ്ങിച്ചെല്ലുന്ന ശ്രീധരന്റെ ചിത്രം ഇപ്പോഴും മനസിലുണ്ട്. മൗനത്തിന്റെ അഗാധതയില്‍ ഊളിയിട്ട് രഹസ്യവഴിക്കു കണ്ടെത്തുന്നവന്റെ ബുദ്ധ മൗനങ്ങള്‍.
ന്യൂയോര്‍ക്ക് പോലെയോ, ദുബൈ നഗരം കാണുന്നതുപോലെയോ ആണ് റേഡിയോവിന്റെ അകം കാഴ്ചകള്‍. തലങ്ങും വിലങ്ങും ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടം പോലെയുള്ള യന്ത്രങ്ങള്‍. അവയ്ക്കിടയിലൂടെ പാതകള്‍ പോലെ കറുപ്പിലും പച്ചയിലും ചുവപ്പിലും വയറുകള്‍. ധാരാളം വരകള്‍ കോറിയിട്ട റേഡിയോ പ്ലേറ്റുകള്‍... കണ്ടുനിന്നാല്‍ തല ചുറ്റിപ്പോവും. ഇവയ്ക്കിടയില്‍ എവിടെയാണ് മനുഷ്യന്‍ ഇരുന്നു പാടുന്നത്? ഞാന്‍ വെറുതെ ആലോചിച്ചു. വിഡ്ഢിത്തമാണെന്നറിഞ്ഞിട്ടും... റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണി എന്ന ശാസ്ത്രജ്ഞനെ സമ്മതിച്ചുപോവും.
ഒരിക്കല്‍ ശ്രീധരന്‍ അവന്റെ കടയുടെ ഉള്ളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി ചുമലില്‍ കൈയിട്ട് എനിക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ ചോദിച്ചു:
''നിനക്ക് റേഡിയോ വേണോ?''
ഞാന്‍ അന്ധാളിച്ചുപോയി.
''വേണമെങ്കില്‍ ഞാന്‍ തരാം. പണം നിനക്ക് ആകുന്ന കാലത്ത് തന്നാല്‍ മതി.''
ഒരു നിമിഷം എനിക്ക് നാവ് ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ നില്‍പ്പില്‍ ഞാന്‍ ശ്രീധരന്റെ മുഖത്തേക്കു തന്നെ നോക്കി. അവന്‍ കൂട്ടിയിട്ട റേഡിയോക്കുള്ളില്‍നിന്ന് ഒരെണ്ണമെടുത്ത് പഴയ ബാറ്ററികളിട്ടു. എന്നിട്ട് അതു നെടുകെ പിളര്‍ന്നു ചില വയറുകള്‍ ഇളക്കി പ്രതിഷ്ഠിച്ചു. കണ്ടന്‍സറുകള്‍ റിപ്പയര്‍ ചെയ്തു. സാവധാനം അതിന്റെ ഉള്ളില്‍നിന്ന് അനക്കം കേട്ടു. പിന്നെയും ചില കസര്‍ത്തുകള്‍ ശ്രീധരന്‍ ചെയ്തതോടെ റേഡിയോയില്‍നിന്നു പാട്ട് കേട്ടുതുടങ്ങി. എന്റെ ആനന്ദത്തിന് ഇനി എന്തുവേണം! ഞാന്‍ കോരിത്തരിച്ചുപോയ നിമിഷങ്ങള്‍...
''മുന്‍പ് ഒരാള്‍ തന്നതാണ്. വരാണ്ടായപ്പോള്‍ ഞാന്‍ മാറ്റിവച്ചു. ഇനി നീ എടുത്തോളൂ...''
അവന്‍ അത്രയും പറഞ്ഞ് മറ്റൊരു റേഡിയോയുടെ ഹൃദയത്തിലേക്ക് സ്‌ക്രൂഡ്രൈവര്‍ ഇറക്കി.
അന്നു വീട്ടിലെനിക്കു വലിയ പരിഗണന കിട്ടി. കുട്ടികളെല്ലാം എന്നെ ബഹുമാനത്തോടെ നോക്കി. ഒരു റേഡിയോയുടെ അവകാശിയാണല്ലോ ഞാന്‍. അന്ന് ഉമ്മയെനിക്ക് ഒരു കയില്‍ ചോറ് അധികം വിളമ്പി. പാതിരയാവോളം റേഡിയോക്കു ചുറ്റുമിരുന്നു ഞങ്ങള്‍ പാട്ടും വര്‍ത്തമാനവും കേട്ടു.
ഇന്ന് കുഞ്ഞിക്ക ഇല്ല. ഒരുനാള്‍ പാട്ട് കേട്ടുകൊണ്ടിരിക്കെയാണ് അയാള്‍ മരിച്ചത്. കസേരയില്‍ തല ചായ്ച്ചു ശാന്തനായി... വിവരമറിഞ്ഞു വീട്ടുകാര്‍ എത്തിയപ്പോള്‍ മരിച്ചു കിടക്കുന്ന കുഞ്ഞിക്കയെയാണു കണ്ടത്. കസേരയ്ക്കു കീഴെ പാട്ട് പാടിക്കൊണ്ട് അപ്പോഴും ആ മര്‍ഫി റേഡിയോ...
ശ്രീധരന്‍ റേഡിയോ മെക്കാനിസം നിര്‍ത്തി ഓട്ടോ ഡ്രൈവറായി. റേഡിയോ നന്നാക്കാന്‍ ആളുകള്‍ വരാതായപ്പോള്‍ നിവൃത്തിയില്ലാതെ ചെയ്തതാണ്. എങ്കിലും അവന്റെ നെഞ്ചിലിപ്പോഴും പാട്ടുണ്ട്. നഗരത്തിലും അവന്റെ ഓട്ടോ പാഞ്ഞുപോകുമ്പോള്‍ ഒപ്പം ഒരു പാട്ടും ഒഴുകിപ്പോവുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. അവന്‍ എനിക്കു സമ്മാനിച്ച ആ മര്‍ഫി റേഡിയോ തട്ടിന്‍പുറത്ത് എവിടെയോ പാട്ടു മറന്നങ്ങനെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."