കശ്മിര്‍: പ്രകോപനമല്ല, ചര്‍ച്ചയാണ് പരിഹാരം
കശ്മിര്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെയാണ് നീങ്ങുന്നത്. ഇന്ത്യയുടെ അവിഭാജ്യഘടകമായ ഇവിടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 52 ജവാന്മാര്‍ ഉള്‍പ്പെടെ 110 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യാ-പാക് നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും 892 തവണയാണ് വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടത്. ഇത് കൂടാതെ നൂറ് കണക്കിന് സൈനികര്‍ക്കും സാധാരണക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആര്‍.എസ് പുര, സച്ച്തഗ്ര എന്നിവിടങ്ങിളില്‍ നടന്ന വെടിവയ്പുകളില്‍ ഈ മാസം മാത്രം കൊല്ലപ്പെട്ടത് 92 പശുക്കളാണ്. സൈനികര്‍ക്കെതിരേ മാത്രമല്ല അവരുടെ കുടുംബങ്ങള്‍ താമസിക്കുന്നിടത്ത് വരെ ഭീകരവാദികള്‍ ആക്രമണം നടത്തുന്നു. സുന്‍ജുവാനില്‍ നടന്ന സൈനിക ക്യാംപിലെ ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ആറ് സൈനികരെയാണ്. തുടര്‍ച്ചയായ അക്രമങ്ങള്‍ കശ്മിരിന്റെ ഗുരുതര സാഹചര്യമാണ് വിളിച്ചോതുന്നത്. ആയുധക്കരുത്തോ, സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീര്യമോ ആവര്‍ത്തിച്ചതു കൊണ്ട് കശ്മിരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നാണ് ഈ അക്രമങ്ങള്‍ അറിയിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച മാത്രമാണ് വഴിയെന്നാണ് കഴിഞ്ഞകാലങ്ങളിലെ അനുഭവങ്ങള്‍ പറഞ്ഞുതരുന്നത്.
സുന്‍ജുവാനില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കിടെ കശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പാകിസ്താന്റെയും ഇന്ത്യയുടെയും ഇടയില്‍ സുസ്ഥിരമായ ചര്‍ച്ചയിലൂടെ മാത്രമേ കശ്മിരില്‍ സമാധാനം കൈവരികയുള്ളൂ. കശ്മിര്‍ നിയമസഭയില്‍ വച്ചായിരുന്നു ഇരു രാജ്യനേതാക്കന്മാരോടുമുള്ള മെഹ്ബൂബ മുഫ്തിയുടെ അഭ്യര്‍ഥന. ചര്‍ച്ചക്കുള്ള ആവശ്യംഉന്നയിച്ചതിനാല്‍, ദേശവിരുദ്ധയാക്കി ചാനലുകള്‍ മുദ്രകുത്തുമെന്ന് തനിക്കറിയാം. അത് പ്രശ്‌നമല്ല. ജമ്മുകശ്മിരിലെ ജനങ്ങളാണ് അനുഭവിക്കുന്നത്. യുദ്ധമല്ല, ചര്‍ച്ചയാണ് പരിഹാരമെന്ന് അവര്‍ വ്യക്തമാക്കി. അന്നത്തെ അന്തിച്ചര്‍ച്ചകളില്‍ മെഹ്ബൂബ മുഫ്തിയെ പാകിസ്താനെ പിന്തുണക്കുന്നവരായി ഇന്ത്യന്‍ ചാനലുകള്‍ അവതിരിപ്പിച്ചുവെന്നത് മറ്റൊരു വസ്തുത.
തൊട്ടുപിറകേ സുന്‍ജുവാനിലെ അക്രമത്തിന് പാകിസ്താന്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രിയുടെ പ്രസ്താവനയുമുണ്ടായി. അടിക്ക് തിരിച്ചടി എന്നതിന് പകരം ശാശ്വതപരിഹാരത്തിനാണ് ഇരുരാജ്യങ്ങളും ഇനിയെങ്കിലും ശ്രമിക്കേണ്ടത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സൈന്യത്തിനുനേരെ ആറ് വന്‍ആക്രമണങ്ങളാണ് കശ്മിരില്‍ നടന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കശ്മിര്‍ പ്രശ്‌നപരിഹാരത്തിനായി മധ്യസ്ഥനെ കേന്ദ്രം നിയോഗിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മധ്യസ്ഥ ശ്രമങ്ങളോ ചര്‍ച്ചയിലെ പുരോഗതികളോ പിന്നീടുണ്ടായില്ല. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള ഗിമ്മിക്ക് മാത്രമായിരുന്നു മധ്യസ്ഥന്റെ നിയമനം.
ചര്‍ച്ചയിലൂടെ കശ്മിരില്‍ സമാധാനം തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയും മുഫ്തി മുഹമ്മദ് സഈദ് കശ്മിര്‍ മുഖ്യമന്ത്രിയുമായിരുന്ന കാലം. ഇരുരാജ്യങ്ങളും തമ്മിലുള്ള സുസ്ഥിര ചര്‍ച്ചയിലൂടെ അനിഷ്ടസംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ഈ കാലത്ത് കഴിഞ്ഞു. സംസ്ഥാനത്തിനകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ വന്‍കുറവുണ്ടായി. അന്നത്തെ എന്‍.ഡി.എ സര്‍ക്കാരിനുള്ളില്‍ നിന്നുതന്നെ വാജ്‌പേയിക്കെതിരേ വിമതസ്വരങ്ങള്‍ ഉയര്‍ന്നിട്ടും ചര്‍ച്ചയുമായി അദ്ദേഹം മുന്നോട്ടുപോയി. പാര്‍ലമെന്റ് അക്രമത്തിന് ശേഷമുള്ള കാര്‍ഗില്‍ നുഴഞ്ഞു കയറ്റം ഉള്‍പ്പെടെയുള്ള ഭീഷണികള്‍ നിലനില്‍ക്കെയായിരുന്നു വാജ്‌പേയിയുടെ നീക്കം.
സൈന്യവും കശ്മിര്‍ ജനതയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടിയിരിക്കുന്നു. ഷോപ്പിയാനില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സൈന്യത്തിന്റെ വെടിവയ്പില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടത് മേഖലയില്‍ രൂക്ഷ പ്രതിഷേധത്തിനിടയാക്കി. ഇതില്‍ പങ്കുള്ള സൈനികനെതിരേ പൊലിസ് കേസ് ചുമത്തിയിരുന്നു. എന്നാല്‍ ഈ നടപടി സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു. ഇതിന്റെ പ്രതിഷേധങ്ങള്‍ താഴ്‌വരയില്‍ അവസാനിച്ചിട്ടില്ല.
ജനുവരി 10 മുതല്‍ കാണാതായ കസാന ഗ്രാമത്തിലുള്ള എട്ടുവയസുകാരി ആസിയയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പിടിയിലായ പൊലിസ് ഉദ്യോഗസ്ഥന്‍ കജൂരിയയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു എക്താ മഞ്ച് വെള്ളിയാഴ്ച പ്രകടനം നടത്തിയിരുന്നു. കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ആസിയയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പൊലിസ് ഉദ്യോഗസ്ഥന്റെ പങ്ക് കണ്ടെത്തിയതും പിടിയിലായതും. എന്നാല്‍ കജൂരിയയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനം ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ചായിരുന്നു. പീഡനക്കേസില്‍ അറസ്റ്റിലായവനു വേണ്ടി രാജ്യത്തിന്റെ പതാക ഉപയോഗിച്ച് പ്രതിഷേധിക്കുന്നതിനെതിരേ കശ്മിര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ വെളിവായിരിക്കുന്ന ജനങ്ങള്‍ക്കിടയിലെ ഭിന്നതയാണ് ഇത്തരം പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നത്.
സാമുദായികമായി പ്രതികള്‍ക്കായി സംഘടിക്കുന്നത് സൂചിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ രൂഢമൂലമായ വിഭാഗീയതയാണ്. പരസ്പരവിശ്വസം ഇല്ലാതെയാവുന്ന സാഹചര്യം കശ്മിരിനെ വരും നാളുകളില്‍ കൂടുതല്‍ ഛിദ്രതയിലേക്കാണ് നയിക്കും. കശ്മിരിലെ ജനങ്ങള്‍ക്കിടിയിലും സൈന്യത്തിനിടിയിലും ഇന്ത്യ-പാക് നേതൃത്വത്തിനിടിയിലമുള്ള ചര്‍ച്ച മാത്രമേ സമാധാന കശ്മിരിനെ തിരികെ കൊണ്ടുവരാന്‍ പ്രാപ്തമാക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."