ഓര്‍മകളുടെ ഓളങ്ങളില്‍... വാഴയില തണ്ടും പരുത്തിക്കോലും ഉപയോഗിച്ചുള്ള മീന്‍പിടുത്തം കൗതുകമായി
വൈക്കം: വാഴയില തണ്ടും പരുത്തിക്കോലും ഉപയോഗിച്ച് മീന്‍പിടിക്കുന്നത് നാടിന് കൗതുകമാകുന്നു.
മണ്ഡലത്തിലെ അക്കരപ്പാടം, നേരേകടവ്, ഉദയനാപുരം മേഖലകളിലുള്ള നാട്ടുതോടുകളിലാണ് ഈ രീതിയില്‍ മീന്‍പിടുത്തം നടക്കുന്നത്. നാട്ടുതോടുകളില്‍ ഉപ്പുനിറഞ്ഞതോടെ കരിമീന്‍, പള്ളത്തി, പരല്‍, ചെമ്മീന്‍ എന്നിവ ശ്വാസം നിലയ്ക്കാതിരിക്കാന്‍ ചെളിപ്പൊത്തുകളിലും മറ്റും ഒളിഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ പൊത്തിലിരിക്കുന്ന മത്സ്യങ്ങളെ ഇളക്കിമറിച്ച് തോട്ടിലേക്ക് ഇറക്കുന്നു. ഇതിനുശേഷം വാഴയുടെ രണ്ടു മടലുകളോ രണ്ടു പരുത്തി കോലുകളോ എതിര്‍ദിശകളില്‍ നിന്ന് തോടിലേക്ക് താഴ്ത്തുന്നു. നിഴല്‍ മറയുന്നതുകണ്ട് മീനുകള്‍ ഭയത്തോടെ വീണ്ടും ചെളിയില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന അവസരം നോക്കി ഇതിനെ കൈക്കുള്ളിലാക്കുന്നു. ഒരേസമയം ചെറിയ മീനുകളാണെങ്കില്‍ അഞ്ചിലധികവും കരിമീനുകളാണെങ്കില്‍ രണ്ടെണ്ണവും ഇവര്‍ക്ക് ലഭിക്കുന്നു.
കിട്ടുന്ന മത്സ്യങ്ങളെ ഈര്‍ക്കിലികളില്‍ കോര്‍ത്ത് വെള്ളത്തിലൂടെ വലിച്ചുതന്നെ കൊണ്ടുപോകുന്നു. ഇങ്ങനെ ഒരു മണിക്കൂര്‍ കൊണ്ട് ഇവര്‍ക്ക് ഒരു കിലോയിലധികം മത്സ്യങ്ങളാണ് ലഭിക്കുന്നത്. ഉദയനാപുരം-നേരേകടവ് റോഡിലൂടെ പോകുന്നവര്‍ക്കും ഇത്തിപ്പുഴ പാലത്തിലൂടെ നാട്ടുതോടുകളുടെ സൗന്ദര്യം നുകരാനെത്തുന്ന വിദേശികളായ വിനോദസഞ്ചാരികള്‍ക്കും ഈ മീന്‍പിടുത്തം കാഴ്ചയുടെ നവ്യാനുഭവമാണ് നല്‍കുന്നത്.
പലരും മണിക്കൂറുകളോളം ഇത് നോക്കിനിന്ന് വീക്ഷിക്കുന്നു. ആരംഭത്തില്‍ കുറച്ചുപേരാണ് മീന്‍പിടിക്കാന്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടകള്‍ക്ക് പകരം ഈ രീതിയിലുള്ള മീന്‍ പിടുത്തത്തിനാണ് താല്‍പര്യം പ്രകടിപ്പിക്കുന്നത്. പരമ്പരാഗത മത്സ്യമേഖലയ്ക്ക് നഷ്ടമായികൊണ്ടിരിക്കുന്ന നല്ല നിമിഷങ്ങള്‍ക്ക് ഒരാശ്വാസമാണ് ഇപ്പോള്‍ നടക്കുന്ന മീന്‍പിടുത്തം നല്‍കുന്നത്. കാരണം കായലിനെ ദോഷകരമായ ബാധിക്കുന്ന രീതിയിലുള്ള മീന്‍പിടുത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് കര്‍മനിരതരായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന മീന്‍പിടുത്തങ്ങള്‍ അവര്‍ക്കുപോലും വലിയ അതിശയമാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."