'ഹസ്തദാനത്തേക്കാള് കൈ കൂപ്പുന്നതാണ് ആരോഗ്യത്തിന് നല്ലത് '
തൃശൂര്‍: പാശ്ചാത്യ രീതിയനുസരിച്ചുള്ള ഹസ്തദാനത്തിന് പരിഷ്കൃത സമൂഹം വലിയ മാന്യത നല്‍കിയിട്ടുണ്ടെങ്കിലും രോഗങ്ങള്‍ അകറ്റി നിര്‍ത്താന്‍ കൈ കൂപ്പല്‍ തന്നെയാണ് സഹായകരമെന്ന് മഞ്ഞപ്പിത്തത്തെ കുറിച്ച് ഏങ്ങണ്ടിയൂര്‍ എം.ഐ മിഷന് ആശുപത്രി സംഘടിപ്പിച്ച ഗ്രാമശോഭ സെമിനാറില്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഹസ്തദാനത്തിലൂടെ പകരുന്ന രോഗങ്ങള്‍ നിരവധിയാണ്.
ഭക്ഷണത്തിന് മുമ്പ് എങ്കിലും കൈ കഴുകുന്ന ശീലം നിര്‍ബന്ധമായും ശീലിക്കേണ്ടതാണ്. തീരപ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കടല്‍ ഭക്ഷണങ്ങള്‍ നന്നായി പാകം ചെയ്യാതെ ഉപയോഗിക്കരുത്. ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് ആലപ്പാട്ട്, ഡോ. വര്‍ഗീസ് പഞ്ഞിക്കാരന്‍, ഡോ. സന്‍ജീവ് ആലപ്പാട്ട്, ജോല്‍സന ബിജോയ് എന്നിവര്‍ ക്ലാസെടുത്തു. സൗജന്യ രക്ത പരിശോധനയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് അസി. ഡയറക്ടര്‍ ഫാദര്‍ ജിമ്മി എടക്കളത്തൂര്‍, പ്രമോദ് പണിക്കെട്ടി, സിസ്റ്റര്‍ ലിനസ് ക്രിസ്റ്റോ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."