ഗതാഗത നിയമലംഘനങ്ങളില്‍ പിടികൂടിയ വാഹങ്ങങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിന് പുതിയ ഉപകരണം
ദോഹ: ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ശിക്ഷയെന്ന നിലയില്‍ നിശ്ചിതകാലയളവിലേക്ക് ജപ്തി ചെയ്ത വാഹനങ്ങള്‍ അതാത് ഉടമകളുടെ കസ്റ്റഡിയില്‍ തന്നെ സൂക്ഷിക്കുന്നതിന് ഉതകുന്ന പുതിയ ഡിവൈസ് ആഭ്യന്തരമന്ത്രാലയം വികസിപ്പിച്ചു. ശിക്ഷാ കാലാവധി വരെ വാഹനത്തിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്ന സ്മാര്‍ട്ട് ഇംപൗണ്ട് എന്ന ഡിവൈസാണ് വികസിപ്പിച്ചിരിക്കുന്നത്. സാധാരണ നിയമലംഘനങ്ങളുടെപേരില്‍ നിശ്ചിതകാലയളവിലേക്ക് ജപ്തി ചെയ്യുന്ന വാഹനങ്ങള്‍ പോലീസ് നിഷ്‌കര്‍ഷിച്ചിട്ടുള്ള യാര്‍ഡുകളിലേക്കാണ് മാറ്റുന്നത്. എന്നാല്‍ പുതിയ ഡിവൈസ് വാഹനത്തിനുള്ളില്‍ സ്ഥാപിക്കുന്നതിലൂടെ വാഹനം ബന്ധപ്പെട്ട ഉടമയുടെ വീടിന്റെ പരിസരത്തുതന്നെ സൂക്ഷിക്കാനാകും.
ശിക്ഷാകാലാവധി വരെ വാഹനം പുറത്തേക്കിറക്കാന്‍ ഉടമയ്ക്ക് അനുമതിയുണ്ടാകില്ല. അങ്ങനെ ചെയ്താല്‍ ഡിവൈസ് മുഖേന അധികൃതര്‍ക്ക് ഇക്കാര്യം മനസിലാകും. ഡിവൈസ് വാഹനത്തിനുള്ളില്‍ സ്ഥാപിച്ച് രണ്ടുമണിക്കൂറിനുശേഷമായിരിക്കും പ്രവര്‍ത്തിച്ചുതുടങ്ങുകയെന്ന് ക്യാപ്റ്റന്‍ റിയാദ് അഹമ്മദ് മുഹമ്മദ് പറഞ്ഞു. ശിക്ഷാ കാലാവധി എത്രവരെയാണെന്നത് ഡിവൈസില്‍ ഫിക്‌സ് ചെയ്തിരിക്കും. ഡിവൈസ് വാഹനത്തിനുള്ളിലിരിക്കെ വാഹനം നീക്കിയാല്‍ നടപടികള്‍ സ്വീകരിക്കും. നേരത്തെ നിയമലംഘനങ്ങള്‍ക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ യാര്‍ഡിലാണ് സൂക്ഷിച്ചിരുന്നത്. ശിക്ഷാ കാലാവധി വരെ വാഹനങ്ങള്‍ ഈ യാര്‍ഡിലായിരിക്കും. പുതിയ സംവിധാനത്തോടെ ഈ രീതിക്കാണ് മാറ്റമുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."