HOME
DETAILS

വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പഠിക്കുക

  
backup
February 21 2018 | 23:02 PM

vikarangal-niyandrikkan-padikuka

മഹാകവിയും നൊബേല്‍ സമ്മാനജേതാവുമായ രവീന്ദ്രനാഥ് ടാഗോറിന്റെ ആത്മകഥയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു ചെറിയ സംഭവം ഇങ്ങനെ വിവരിക്കുന്നുണ്ട്. ഒരു പ്രഭാതത്തില്‍ അദ്ദേഹത്തിന്റെ പരിചാരകന്‍ എത്തിയിട്ടില്ല. തലേദിസവം രാത്രി പോയ അയാള്‍ അടുക്കള വേണ്ടപോലെ വൃത്തിയാക്കുകയോ വാതില്‍ ഭദ്രമായി അടയ്ക്കുകയോ ചെയ്തിരുന്നില്ല. കുളിക്കുന്നതിനും മറ്റുമുള്ള വെള്ളം കോരിവയ്ക്കുകയോ അന്നു ധരിക്കേണ്ട വസ്ത്രം തയാറാക്കി വയ്ക്കുകയോ ചെയ്തിരുന്നില്ല. പ്രഭാതഭക്ഷണം കഴിക്കേണ്ട സമയം കഴിഞ്ഞിട്ടും ഭൃത്യനെ കാണുന്നില്ല.

ടാഗോര്‍ രോഷാകുലനായി. പരിചാരകന്റെ കൃത്യവിലോപവും ഉത്തരവാദിത്വമില്ലായ്മയുമോര്‍ത്തു കോപം ആളിക്കത്തി. അയാളെത്തിയാല്‍ തക്ക ശിക്ഷ നല്‍കണമെന്നു തീരുമാനിച്ചു. അക്ഷമനായി വീടിനുള്ളില്‍ നടക്കുന്നതിനിടയില്‍ ഭൃത്യനതാ സാവകാശം നടന്നുവരുന്നു.
അയാള്‍ അടുത്തെത്തിയപാടെ ടാഗോര്‍ പൊട്ടിത്തെറിച്ചു. കടിച്ചമര്‍ത്തി വച്ച അമര്‍ഷം ശകാരവാക്കുകളായി പ്രവഹിച്ചു. 'ഇനി എന്റെ കണ്‍മുമ്പില്‍ കണ്ടുപോകരുത്, എവിടേയ്‌ക്കെങ്കിലും പോയ്‌ക്കോ' എന്ന് ആക്രോശിക്കുകയും ചെയ്തു.
അടങ്ങാത്ത ദുഃഖവും വേദനയും പേറിയാണു ഭൃത്യന്‍ കയറിവന്നിരുന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകള്‍, ഉറക്കമിളച്ചതിന്റെ ക്ഷീണം, അതോടൊപ്പം കടുത്ത കുറ്റബോധവും അയാള്‍ക്കുണ്ടായിരുന്നു.
കണ്ണീര്‍വാര്‍ത്തു പതിഞ്ഞസ്വരത്തില്‍ വിനയത്തോടെ അയാള്‍ പറഞ്ഞു: 'പ്രഭോ, എന്റെ ചെറുമകള്‍ ഇന്നലെ രാത്രി മരിച്ചു. ഞാന്‍ അവളെ ജീവനുതുല്യം സ്‌നേഹിച്ചിരുന്നു, അവള്‍ക്ക് എന്നെയും ഏറെ പ്രിയമായിരുന്നു'. ഇത്രയും പറഞ്ഞ് അയാള്‍ ധൃതിയില്‍ അകത്തേയ്ക്കു കയറി ജോലിയില്‍ വ്യാപൃതനായി. അതിവേഗം ജോലി പൂര്‍ത്തിയാക്കി ടാഗോറിനു ഭക്ഷണം നല്‍കി അദ്ദേഹത്തെ യാത്രയാക്കി.
ഭൃത്യന്റെ വാക്കുകള്‍ ടാഗോറിനെ സ്തബ്ധനാക്കി. ഇരച്ചുനിന്ന കോപവും ക്രോധവും പശ്ചാത്താപമായും സഹാനുഭൂതിയായും മാറി. മാനുഷികമൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന താന്‍ ഭൃത്യനു പറയാനുള്ളതു കേള്‍ക്കാതെ ശകാരിച്ചത് തെറ്റായിപ്പോയെന്ന ചിന്ത അദ്ദേഹത്തെ ഭരിച്ചു.
ഇതുപോലെ നമ്മുടെ വികാരവിക്ഷോഭങ്ങള്‍ സ്വകാര്യജീവിതത്തിലും സാമൂഹ്യ-തൊഴില്‍ മേഖലകളിലും അന്യര്‍ക്കും പലപ്പോഴും നമുക്കുതന്നെയും ദോഷമാകാറുണ്ട്. വികാരങ്ങളെ നിയന്ത്രിക്കാനോ അടക്കിവയ്ക്കാനോ കഴിയാതെ വരുമ്പോള്‍ അക്രമമായും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന വാക്കുകളും പ്രവര്‍ത്തികളുമായും മാറും. മല്ലയുദ്ധത്തില്‍ വിജയിക്കുന്നവനല്ല യഥാര്‍ഥ ശക്തിമാന്‍, വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ് എന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. കോപമുണ്ടായാല്‍ അംഗശുദ്ധി വരുത്തണമെന്നും എന്നിട്ടും കോപം ശമിക്കുന്നില്ലെങ്കില്‍, നില്‍ക്കുന്ന അവസ്ഥയിലാണെങ്കില്‍ ഇരിക്കാനും ഇരിക്കുന്ന അവസ്ഥയിലാണെങ്കില്‍ കിടക്കാനുമാണു പ്രവാചകന്റെ നിര്‍ദേശം. അതു കോപനിയന്ത്രണത്തിനുള്ള ഉത്തമ പരിഹാര മാര്‍ഗമാണ്.
വികാരങ്ങള്‍ മാനസികവും വൈകാരികവുമായ അവസ്ഥയുടെ പ്രതിഫലനമാണ്. സന്തോഷം, സ്‌നേഹം, ഭയം, ദുഃഖം, വെറുപ്പ്, കോപം എന്നിങ്ങനെ പല രൂപത്തില്‍ അവ നാം അനുഭവിക്കുന്നു. ജീവിതം പൂര്‍ണതയോടെ അനുഭവിക്കാന്‍ വികാരങ്ങള്‍ കൂടിയേ തീരൂ. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ തരത്തിലേ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പാടുള്ളൂ. വികാരപ്രകടനത്തിന്റെ പരിണിതഫലമെന്തായിരിക്കുമെന്നു തിരിച്ചറിയുകയും വേണം.ചിലയാളുകള്‍ക്കു വികാരം നിയന്ത്രിക്കാനാവില്ല. അത് മിക്കപ്പോഴും നിഷേധാത്മക വൈകാരികപ്രതികരണത്തിലെത്തുകയും മനഃസമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യും. ഇത്തരമാളുകള്‍ അനിയന്ത്രിതവും തീവ്രവുമായ ദേഷ്യം, ലഹരിയോടും സെക്‌സിനോടുമുള്ള അമിതാവേശം, മോഷണം, ബന്ധങ്ങളും മൂല്യങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിയാതെയാവുക, ആത്മാഭിമാനം കുറയുക, ആത്മഹത്യാ പ്രവണത, തീവ്രമായ ഉല്‍ക്കണ്ഠയും വിഷാദവും തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും.
വികാരങ്ങള്‍ സുശക്തമാണ്. അവ ചിന്തയെയും പ്രവൃത്തിയെയും ആഴത്തില്‍ സ്വാധീനിക്കും. വികാരത്തിന്റെ സ്വഭാവമനുസരിച്ചു നല്ലതോ ചീത്തയോ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കും. വികാരങ്ങളെ നല്ല രീതിയില്‍ നിയന്ത്രിക്കുകയെന്നത് ആരോഗ്യകരമായ ജീവിതവും ആത്മശാന്തിയും ലഭിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
വൈകാരിക പക്വത നേടിയവര്‍ ചിന്തകളെയും മാനസികാവസ്ഥകളെയും കുറിച്ചും സ്വഭാവരീതികളെക്കുറിച്ചും ബോധവാന്മാരായിരിക്കും. വൈകാരികഘട്ടങ്ങളിലും ജീവിതത്തിലെ സംഘര്‍ഷനിമിഷങ്ങളിലും തന്മയത്വത്തോടെ നിലകൊള്ളാനും സുരക്ഷിതത്വ ബോധവും മനസ്സമാധാനവുമുള്ള ജീവിതം നയിക്കാനും ആരോഗ്യകരമായ ദീര്‍ഘകാല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും ഇവര്‍ക്കു സാധിക്കും.
നമ്മുടെ വൈകാരികാവസ്ഥകളും ശാരീരികാരോഗ്യവും തമ്മില്‍ അനിഷേധ്യമായ ബന്ധമുണ്ട്. സംഘര്‍ഷവും നിരാശയും കോപവും ഭയവും സന്തോഷവും അനുഭവിക്കുമ്പോഴെല്ലാം ശരീരം വ്യത്യസ്തമായി പ്രതികരിക്കും. ഉയര്‍ന്ന വൈകാരികത ആന്തരികാവയവങ്ങള്‍ക്കു ഹാനികരമാണെന്നു വിദഗ്ധര്‍ പറയുന്നു. കഠിനമായ കോപം കരളിനെയും അമിതാഹ്ലാദം ഹൃദയത്തെയും അമിതോല്‍ക്കണ്ഠ പ്ലീഹയെയും തീവ്രദുഃഖം ശ്വാസകോശത്തെയും അമിതഭയം കിഡ്‌നിയെയും ദോഷകരമായി ബാധിക്കും. മോശം വൈകാരികത രോഗപ്രതിരോധശക്തി നശിപ്പിക്കും. സന്ധിയിലും മറ്റുമുള്ള വേദന, അമിത ക്ഷീണം, നെഞ്ചുവേദന, തലവേദന, ഉറക്കമില്ലായ്മ, ലൈംഗികപ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കു കാരണമാകും.
ദോഷകരമായ വികാരങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം:
1. നിഷേധാത്മക ചിന്ത നല്ല പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജത്തെയും വിവേകത്തെയും മന്ദീഭവിപ്പിക്കും. അശുഭദര്‍ശികള്‍ വികാരം നിയന്ത്രിക്കാന്‍ കഴിയാത്തവരും വിഷാദസ്വഭാവമുള്ളവരും സദ്പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കുന്നവരുമായിരിക്കും. ശുഭചിന്തകര്‍ ക്രിയാത്മകപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരായിരിക്കും. നിഷേധചിന്ത നല്‍കുന്നയിടങ്ങളില്‍ നിന്നും കൂട്ടുകെട്ടില്‍ നിന്നും മനഃപൂര്‍വം മാറിനില്‍ക്കണം.
2. അനാവശ്യ മാനസികസംഘര്‍ഷമൊഴിവാക്കാന്‍ സ്വയംസംസാരം പരിശീലിക്കുന്നതു ഗുണം ചെയ്യുമെന്നു മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. വൈകാരികചിന്തയും യുക്തിചിന്തയും സന്തുലിതമാക്കുന്നതിനും സാഹചര്യങ്ങള്‍ അവലോകനം ചെയ്തു യാഥാര്‍ഥ്യം മനസ്സിലാക്കുന്നതിനും മറ്റുള്ളവര്‍ക്കു പ്രയാസമില്ലാത്തവിധം പ്രതികരിക്കാനും അവരെ പ്രാപ്തമാക്കും.
3. കോപത്തിന്റെ തീവ്രതകുറയ്ക്കാന്‍ ആത്മനിയന്ത്രണം ശീലിക്കണം. പ്രതികരിക്കുന്നതിനു മുമ്പു മറ്റുള്ളവരുടെ ഭാഗത്തുനിന്നു ചിന്തിക്കുകയും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കാന്‍ മനസ്സു കാണിക്കുകയും ചെയ്യണം.
4. ദുഃഖം, ഭയം തുടങ്ങിയ വികാരങ്ങള്‍ നമ്മുടെ നന്മ ആഗ്രഹിക്കുന്നവരുമായി പങ്കുവയ്ക്കുന്നത് ആശ്വാസകരമാവും.
5. ഗുണകരമായ ഭക്ഷണശീലം പുലര്‍ത്തുന്നതും വ്യായാമം ശീലിക്കുന്നതും വൈകാരികനിയന്ത്രണത്തിനു സഹായിക്കും. ആവശ്യാനുസരണമുള്ള ഉറക്കം ലഭിക്കാന്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം ഒഴിവാക്കണം.
6. മനഃശാന്തി ലഭിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മെഡിറ്റേഷന്‍ പരിശീലിക്കുന്നതും മനഃസുഖം നല്‍കുന്ന സംഗീതമാസ്വദിക്കുന്നതും ആത്മസുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതും വിവിധയിനം കായികവിനോദങ്ങളിലേര്‍പ്പെടുന്നതും ആസ്വാദ്യകരമായ യാത്രകള്‍ നടത്തുന്നതും ഇതില്‍പ്പെടും.
7. ശ്വാസഗതി നിയന്ത്രിച്ചുവികാരനിയന്ത്രണം ശീലിക്കുന്നതു പ്രയോജനകരമാണ്. ദേഷ്യം, ഉല്‍ക്കണ്ഠ എന്നിവ കൂടുമ്പോള്‍ ഹൃദയമിടിപ്പു കൂടും. ശ്വാസഗതി വര്‍ധിക്കും. ഈ സമയം ശ്വാസഗതി നിയന്ത്രിച്ചാല്‍ വികാരം നിയന്ത്രിക്കാം. ശ്വാസകോശം നിറയുന്നത്ര വായു അകത്തേയ്‌ക്കെടുത്ത് അഞ്ചുസെക്കന്‍ഡ് ശ്വാസം പിടിച്ചുവയ്ക്കുക. ശ്വാസം ഉള്ളിലേക്കെടുത്തതിന്റെ ഇരട്ടി സമയമെടുത്തു നിശ്വസിക്കുക. ശ്വസിക്കുന്നതിനൊപ്പം ക്ഷമ, സ്‌നേഹം തുടങ്ങി നല്ല വികാരങ്ങള്‍ അകത്തേയ്ക്കു പ്രവഹിക്കുന്നതായും നിശ്വസിക്കുമ്പോള്‍ നിഷേധചിന്തകളും വികാരങ്ങളും പുറന്തള്ളുന്നതായും സങ്കല്‍പ്പിക്കണം. ഇത്തരത്തില്‍ വികാരനിയന്ത്രണം തീരെ സാധ്യമാകാത്തവര്‍ ഫാമിലി ഡോക്ടര്‍, കൗണ്‍സിലര്‍, മതചിന്തകര്‍ എന്നിവരുടെ ഉപദേശം തേടുകയാണുചിതം.ഉചിതമായ മാര്‍ഗങ്ങളിലൂടെ വൈകാരികപക്വത നേടുന്നവര്‍ സംഘര്‍ഷസാഹചര്യങ്ങളില്‍ സമാധാനപരമായി പെരുമാറുകയും ജീവിതത്തില്‍ ബന്ധങ്ങള്‍ക്കു മൂല്യം നല്‍കുകയും ചെയ്യുന്നു. അവര്‍ക്കു പ്രശ്‌നങ്ങളെ അവലോകനം നടത്തി ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. തങ്ങള്‍ക്കുനേരേ വരുന്ന വിമര്‍ശനങ്ങള്‍ വിലയിരുത്തുകയും അവ തന്റെ വളര്‍ച്ചക്കും പുരോഗതിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago